വംശീയ പരാമർശം നടത്തിയത് അപർണ കുറുപ്പ്; അബ്ദുല്ല ബാസിലിനെതിരായ കേസ് പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: മാധ്യമപ്രവർത്തക അപർണ കുറുപ്പിന്റെ പരാതിയിൽ വിസ്ഡം നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കേസെടുത്ത പൊലീസ് നടപടി പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ് ഇർഷാദ്. മുസ്‌ലിം സമൂഹത്തിനെതിരെ വംശീയ പരാമർശം നടത്തിയത് അപർണ കുറുപ്പാണ്. അപർണക്കെതിരെ ഇതുവരെ യാതൊരു നിയമനടപടിയും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല എന്നത് തികച്ചും പ്രതിഷേധാർഹമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാന്തപുരം അബൂബക്കർ മുസ്‌ലിയാരുടെ അഭിപ്രായ പ്രകടനവുമായി ബന്ധപ്പെട്ട ചർച്ചയെ വംശീയതയുടെ തലത്തിലേക്ക് ആനയിച്ചവർക്കെതിരെ നടപടി എടുക്കുന്നതിനു പകരം 'സൈബർ ആക്രമണ'ത്തിന്റെ ഉത്തരവാദിത്വം ചാനൽ ചർച്ചയിൽ പങ്കെടുത്ത ഒരു മുസ്‌ലിം സംഘടന നേതാവിന്റെ മേൽ ചാർത്തി വേട്ടയാടുന്നത് അംഗീകരിക്കാനാകില്ല. വിഷയത്തിൽ നീതിയുക്തമായാണ് സംസ്ഥാനത്തെ പൊലീസ് സംവിധാനം പ്രവർത്തിക്കേണ്ടത്. കേസെടുത്ത നടപടി തെറ്റാണെന്നും ഇത് തിരുത്താൻ ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്നും എസ്. ഇർഷാദ് ആവശ്യപ്പെട്ടു.
സംഭവത്തിൽ മറ്റ് സംഘടനകളും പ്രതിഷേധവുമായെത്തിയിട്ടുണ്ട്. കാന്തപുരത്തിന്റെ സ്ത്രീകളെക്കുറിച്ചുള്ള പരാമർശവുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയെ തുടർന്ന്, ബിഗ് ടിവി അവതാരക അപർണ കുറുപ്പിന്റെ പരാതിയിലാണ് വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് ഡോ. അബ്ദുല്ല ബാസിലിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്.
അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിലും ചർച്ചയുടെ വസ്തുതകൾ വളച്ചൊടിച്ചും സമൂഹമാധ്യമങ്ങളിലൂടെ വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും ദേഹോപദ്രവം ഏൽപ്പിക്കാനും ആഹ്വാനം ചെയ്തു, സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) 192, 351(1), 353, 3(5) വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ 67-ാം വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ചർച്ചയുടെ ഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അബ്ദുല്ല ബാസിൽ, അവതാരക മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിച്ചതെന്ന് ആരോപിച്ചിരുന്നു. ഈ പോസ്റ്റിന് പിന്നാലെ തനിക്ക് വലിയ രീതിയിൽ സൈബർ ആക്രമണവും വധഭീഷണിയും നേരിടേണ്ടി വന്നുവെന്ന് അപർണ കുറുപ്പ് പരാതിയിൽ വ്യക്തമാക്കി. താൻ മാപ്പ് പറഞ്ഞിട്ടും സൈബർ ആക്രമണം തുടർന്നുവെന്നും പരാതിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

