സ്വർണക്കടത്ത്: ബി.ജെ.പിയുടെ പങ്കിനെക്കുറിച്ചും സമഗ്രാന്വേഷണം വേണം -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വർണം കടത്തിയ സംഭവത്തിൽ കേന്ദ്ര-സംസ്ഥാന ഭരണ കക്ഷികളുടെ പങ്ക് കൂടുതൽ വ്യക്തതയോടെ പുറത്തുവന്ന സാഹചര്യത്തിൽ ബി.ജെ.പിയുടെയും മുഖ്യമന്ത്രിയുടെ ഓഫിസിെൻറയും പങ്ക് കോടതിയോ സ്വതന്ത്ര ഏജൻസിയോ സംയുക്ത നിയമസഭാ സമിതിയോ അന്വേഷിക്കണമെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. ജനം ടി.വി കോഓഡിനേറ്റർ അനിൽ നമ്പ്യാരുടെ സ്വർണക്കടത്തുമായുള്ള ബന്ധം പുറത്തുവന്നതോടെ കേസിലെ സംഘ്പരിവാറിെൻറ പങ്ക് കൂടുതൽ വ്യക്തമാവുകയാണ്.
ജനം ടി.വിയിൽനിന്ന് അനിൽ നമ്പ്യാരെ പുറത്താക്കിയത് കൊണ്ടോ ചാനലിനെ തള്ളിപ്പറഞ്ഞതു കൊണ്ടോ സ്വർണക്കടത്ത് കേസിലെ ബി.ജെ.പിയുടെ ബന്ധത്തെ മൂടിവെക്കാൻ കഴിയില്ല. പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനെ പുറത്താക്കി കൈകഴുകുന്ന സമീപനം മുഖ്യമന്ത്രി സ്വീകരിച്ചതുപോലെ കണ്ണിൽ പൊടിയിടലാണ് ഇതും. സംസ്ഥാന സർക്കാറിെൻറ നിർദേശപ്രകാരം കേന്ദ്ര ഭരണകൂടത്തിെൻറ ചട്ടുകമായി പ്രവർത്തിക്കുന്ന എൻ.ഐ.എ കേസ് അന്വേഷണം തുടരുന്നപക്ഷം നിഷ്പക്ഷമായി വസ്തുതകൾ കണ്ടെത്തുമെന്ന് പ്രതീക്ഷിക്കാൻ കഴിയില്ല.
കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. സ്വർണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ല, സ്വകാര്യ ബാഗേജ് വഴിയാണെന്ന് കോൺസുൽ ജനറലിനെ കൊണ്ട് വാർത്താകുറിപ്പ് ഇറക്കാൻ സ്വപ്നക്ക് അനിൽ നമ്പ്യാർ നിർദേശം നൽകിയത് ബി.ജെ.പിയെ രക്ഷിച്ചെടുക്കാനാണെന്ന് വ്യക്തമാണ്. യു.എ.ഇയിൽ വഞ്ചനാ കേസിൽ കുടുങ്ങിയ അനിൽ നമ്പ്യാരെ സ്വപ്ന സുരേഷ് സഹായിച്ചതും മുൻകാലങ്ങളിലും സമാന ഇടപാടുകളിൽ ഇവർ പങ്കാളികളാണെന്നുള്ളതിന് തെളിവാണ്.
കേസിലെ പ്രധാന പ്രതികളിൽ ഒരാളായ സരിത്ത് ബി.ജെ.പി പ്രവർത്തകനാണ്. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസിെൻറ പങ്ക് ആദ്യനാൾ മുതൽ തന്നെ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കേന്ദ്രത്തിെൻറ സഹായത്തോടെയാണ് സംസ്ഥാന സർക്കാർ സ്വർണക്കടത്തിന് വഴിയൊരുക്കിയത്. കേന്ദ്ര - സംസ്ഥാന ഭരണകൂടങ്ങളിൽ സ്വാധീനമുള്ള ഉന്നത വ്യക്തികളുടെ പിൻബലത്തോടെയാണ് സ്വർണക്കടത്ത് നടന്നത്.
അന്താരാഷ്ട്ര ക്രിമിനൽ കുറ്റത്തിൽ ഉൾപ്പെട്ട സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെ പങ്ക് വ്യക്തമായതോടെയാണ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ പുറത്താക്കേണ്ട സാഹചര്യമുണ്ടായത്. കേന്ദ്രത്തിലും കേരളത്തിലും ഭരിക്കുന്നവർ തമ്മിൽ കേസ് തേച്ചുമാച്ച് കളയാനുള്ള സാധ്യത ഒഴിവാക്കാൻ നിഷ്പക്ഷ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

