കർണാടകയിലെ ബുൾഡോസർ രാജ് ഭരണകൂട ഭീകരത -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: കർണാടകയിൽ സർക്കാർ ഭൂമി തിരിച്ചു പിടിക്കാനെന്ന പേരിൽ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി നടത്തിയ ബുൾഡോസർ രാജ് ഭരണകൂട ഭീകരതയും അങ്ങേയറ്റം ക്രൂരവുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് റസാഖ് പാലേരി.
യെലഹങ്ക കൊഗിലു ഫക്കീർ കോളനിയിലെയും വസീം ലേഔട്ടിലെയും 300ലേറെ വീടുകളാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ പൊളിച്ചു മാറ്റിയിരിക്കുന്നത്. 3000ത്തോളം മനുഷ്യരാണ് ഒറ്റ ദിവസം കൊണ്ട് ഭവനരഹിതരായി മാറിയത്. ഭൂരിഭാഗവും മുസ്‌ലിം സമുദായത്തിൽ പെട്ടവരുമാണ്.
ഒരു വിധത്തിലുള്ള നോട്ടീസോ മുന്നറിയിപ്പോ നൽകാതെ, ഒരു പ്രോട്ടോകോളും പാലിക്കാതെയാണ് ഭരണകൂടം ഈ ഭീകരകൃത്യം ചെയ്തിട്ടുള്ളത്. കർണാടക ഭരിക്കുന്നത് കോൺഗ്രസ് സർക്കാരാണ്. യു.പി. മോഡൽ ബുൾഡോസർ രാജ് നടപ്പിലാക്കുന്ന കോൺഗ്രസ് സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം.
രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും അടക്കമുള്ള കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ ഇടപെടണം. കിടപ്പാടം നഷ്ടപ്പെട്ട് വഴിയാധാരമായവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സർക്കാറിനുണ്ട്. പ്രദേശവാസികൾക്കുണ്ടായ നഷ്ടങ്ങൾ നികത്തി അവരെ പുനരധിവസിപ്പിക്കാൻ കർണാടക സർക്കാർ തയാറാവണമെന്ന് റസാഖ് പാലേരി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

