‘വെൽഫെയർ പാർട്ടി യു.ഡി.എഫിന്റെ ഭാഗമല്ല’; സി.പി.എം നടത്തുന്നത് നുണപ്രചാരണമെന്ന് അഡ്വ. സണ്ണി ജോസഫ്
text_fieldsകോഴിക്കോട്: വെൽഫെയർ പാർട്ടി യു.ഡി.എഫിന്റെ ഭാഗമല്ലെന്നും ഒരുവിധ ചർച്ചയും ഉണ്ടായിട്ടില്ലെന്നും കെ.പി.സി.സി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ സി.പി.എം നടത്തുന്ന നുണപ്രചാരണങ്ങളിൽ ഒന്നാണ് വെൽഫെയർ പാർട്ടി ബന്ധം എന്നത്. ജനങ്ങൾക്ക് എല്ലാം അറിയാം. ഇതൊന്നും പ്രത്യേകം ബോധ്യപ്പെടുത്തേണ്ട ആവശ്യം പോലുമില്ലെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
സി.പി.എമ്മും എൽ.ഡി.എഫും വർഗീയത പറയുന്നുവെന്ന് എല്ലാവർക്കും ബോധ്യപ്പെട്ട കാര്യമാണ്. ഡൽഹിയിൽവെച്ച് ‘ഹിന്ദു’ ദിനപത്രത്തിന് നൽകിയ വിവാദ അഭിമുഖത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് സ്വർണക്കടത്തിലൂടെ മലപ്പുറത്ത് എത്തുന്ന പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നാണ്. ഇതുപോലുള്ള വർഗീയത പറയുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസിനെ ഒരുനിലക്കും ബാധിക്കുന്നില്ല. ആരോപണം ഉയർന്ന അന്നുതന്നെ നടപടിയെടുത്ത പാർട്ടിയാണ് കോൺഗ്രസ്. സർക്കാറിനെതിരായ ജനവികാരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉറപ്പായ സമയത്താണ് രാഹുൽ മാങ്കൂട്ടം എം.എൽ.എക്കെതിരായ കേസ് വീണ്ടും ഉയർന്നുവരുന്നത്.
ജനം എല്ലാം കാണുന്നുണ്ട്. അതെല്ലാം നിയമത്തിന്റെ വഴിക്ക് നടക്കട്ടെ. ഇക്കാര്യത്തിൽ കോൺഗ്രസ് നിലപാട് നേരത്തേ വ്യക്തമാക്കിയതാണ്. ഈ വിവാദം കൊണ്ടൊന്നും ഇടതു സർക്കാറിനും സി.പി.എമ്മിനും എതിരായ ജനരോഷം ഇല്ലാതാവില്ലെന്നും സണ്ണി ജോസഫ് 'മാധ്യമം' ദിനപത്രത്തിന്റെ വോട്ട് ടോക്കിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

