മടങ്ങി വരുന്ന 300 പ്രവാസികളുടെ യാത്രാ ചിലവ് വെൽഫെയർ പാർട്ടി വഹിക്കും.
text_fieldsതീരുവനന്തപുരം: ഗൾഫിൽ നിന്ന് തിരിച്ചു വരുന്ന 300 പ്രവാസികളുടെ യാത്രാ ചിലവ് വെൽഫെയർ പാർട്ടി വഹിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം അറിയിച്ചു. ഗൾഫ് നാടുകളിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനകളുമായി സഹകരിച്ചാണ് യാത്രാ ടിക്കറ്റ് നൽകുന്നത്.
പ്രവാസികളിൽ നിന്ന് വിവിധ സന്ദർഭങ്ങളിലായി ശേഖരിച്ച കോടിക്കണക്കിന് രൂപ എംബസികൾക്ക് കീഴിൽ ഉള്ള കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ കെട്ടികിടക്കുമ്പോൾ അത് ചിലവഴിച്ച് പ്രവാസികൾക്ക് സൗജന്യ ടിക്കറ്റ് നൽകാൻ കേന്ദ്ര സർക്കാറിന് കഴിയുമായിരുന്നു. എന്നാൽ പ്രവാസികളിൽ നിന്ന് ഇരട്ടി ചാർജ് ഈടാക്കി കൊടും ക്രൂരതയാണ് സർക്കാർ അവരോട് ചെയ്തത്. ഈ സാഹചര്യത്തിൽ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് കഴിയുന്നത്ര ആശ്വാസം നൽകാനാണ് പാർട്ടി ശ്രമിക്കുന്നത്. കൾച്ചറൽ ഫോറം ഖത്തർ, പ്രവാസി ഇന്ത്യ യു.എ.ഇ. പ്രവാസി സൗദി, വെൽഫെയർ കേരള കുവൈറ്റ്, പ്രവാസി വെൽഫെയർ ഫോറം ഒമാൻ , വെൽഫെയർ ഫോറം സലാല, സോഷ്യൽ വെൽഫെയർ ഫോറം ബഹറൈൻ എന്നീ സംഘടനകളോട് സഹകരിച്ചാണ് യാത്രാ സൗകര്യം ഒരുക്കുന്നത്.
എംബസി യാത്രാനുമതി നൽകിയവരിൽ നിന്നും അർഹരായവരെയാണ് ടിക്കറ്റ് നൽകാൻ തിരഞ്ഞെടുക്കുക. ജോലി നഷ്ടപ്പെട്ടവർ, താഴ്ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരായ വനിതകൾ, കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ എന്നിവരെയാണ് ഇതിനായി പരിഗണിക്കുക. പ്രവാസി സംഘടനകളാണ് യാത്രക്കാരെ തിരഞ്ഞെടുക്കുക. പ്രവാസികളുടെ യാത്രാ സൗകര്യത്തിനായി കമ്യൂണിറ്റി ഫണ്ട് ഉപയോഗപ്പെടുത്തുന്നതിൽ കേന്ദ്ര സർക്കാർ അനുകൂല തീരുമാനം എടുക്കുന്നത് വരെ ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
