Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജനങ്ങളെ...

ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സി.പി.എം ശ്രമത്തെ നിലമ്പൂർ പരാജയപ്പെടുത്തി -വെൽഫെയർ പാർട്ടി

text_fields
bookmark_border
ജനങ്ങളെ തമ്മിലടിപ്പിച്ച് ജയിക്കാനുള്ള സി.പി.എം ശ്രമത്തെ നിലമ്പൂർ പരാജയപ്പെടുത്തി -വെൽഫെയർ പാർട്ടി
cancel

മലപ്പുറം: വിവിധ സമുദായങ്ങളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും തെരഞ്ഞെടുപ്പ് ജയിക്കാനുള്ള സി.പി.എം ശ്രമത്തെ നിലമ്പൂരിലെ ജനങ്ങൾ പരാജയപ്പെടുത്തിയെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. യു.ഡി.എഫ് സ്ഥാനാർഥിയുടെ ഉജ്വല വിജയം അതാണ് സൂചിപ്പിക്കുന്നത്.

നിലമ്പൂരിൽ സി.പി.എം ആസൂത്രിതമായി നടത്തിയ ധ്രുവീകരണ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയമായ മറുപടിയാണ് ജനങ്ങൾ നൽകിയത്. നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പുണ്ടാക്കിയ രാഷ്ട്രീയ കാരണങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാൻ സംഘപരിവാറിനെ തോൽപ്പിക്കുന്ന വർഗീയ പ്രചാരണം സി.പി.എം നടത്തിയെങ്കിലും യഥാർത്ഥ കാരണങ്ങൾ മനസ്സിലാക്കി തന്നെയാണ് ജനങ്ങൾ വോട്ട് വിനിയോഗിച്ചതെന്നാണ് ഫലം സൂചിപ്പിക്കുന്നത്. സർക്കാരിനെതിരായ ജനരോഷവും ഭരണവിരുദ്ധ വികാരവും തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രകടമാണ്. സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവർ നേടിയ 20000 വോട്ടും ഭരണ വിരുദ്ധ വികാരത്തിന്റെ ഭാഗമാണ്. യു.ഡി.എഫിന്റെ ഭൂരിപക്ഷവും അൻവറിന്റെ വോട്ടും ചേരുമ്പോൾ ഇടത് സർക്കാരിനെതിരെ എത്ര ആഴത്തിൽ ജനവികാരം ഉണ്ടെന്ന് മനസ്സിലാക്കാം.

വെൽഫെയർ പാർട്ടിയെ മുൻനിർത്തി സി.പി.എം നടത്തിയ ദുഷ്ട പ്രവർത്തനത്തെ ജനങ്ങൾ പുച്ഛിച്ച് തള്ളിയിരിക്കുന്നു. ഒമ്പത് വർഷത്തെ ഭരണത്തിന്റെ നേട്ടങ്ങളോ ജീവൽ രാഷ്ട്രീയത്തെയോ കുറിച്ച് സംസാരിക്കാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ട സി.പി.എം അത്തരം ചർച്ചകളിൽ നിന്ന് രക്ഷപ്പെടാൻ കൃത്രിമ അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്തത്. സംസ്ഥാനത്തിന്റെ സാമൂഹ്യ ഘടനക്ക് ദീർഘകാല ആഘാതം സൃഷ്ടിക്കുന്ന കേരള സി.പി.എമ്മിന്റെ അപകടകരമായ ഈ സമീപനം ജനം തിരിച്ചറിയണം.

മലപ്പുറം ജില്ലയുടെ വികസനാവശ്യങ്ങളെയും ജില്ലയിലെ ജനസാമാന്യത്തെയും ഭീകരവത്കരിച്ച ഇടതു നയത്തിന് ജനങ്ങൾ നൽകിയ ശിക്ഷയാണ് തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ അനുകൂലിക്കാത്തവർക്ക് നേരെ വർഗീയ ആരോപണങ്ങൾ ഉന്നയിച്ചും തീവ്രവാദ മുദ്ര ചാർത്തിയുമാണ് സി.പി.എം തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ നടത്തിയത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ബി.ജെ.പിയെ നാണിപ്പിക്കുന്ന വിദ്വേഷ പ്രചാരണം നടന്നത്. ഭരണകൂട പരാജയം മറച്ചു പിടിക്കാൻ സംഘ്പരിവാർ ദേശീയതലത്തിൽ ഉപയോഗിക്കുന്ന മുസ്‌ലിം വിരുദ്ധതയെ ബോധപൂർവം നിലമ്പൂരിൽ ഉപയോഗപ്പെടുത്താനാണ് സി.പി.എം ശ്രമിച്ചത്.

സംസ്ഥാന ആഭ്യന്തര വകുപ്പിനെ സംഘപരിവാറിന് വിട്ടുകൊടുക്കുകയും സംഘ്പരിവാറിന്റെ മുസ്‌ലിം ഭീതി രാഷ്ട്രീയ ലൈനായി സ്വീകരിക്കുകയുമാണ് സി.പി.എം ചെയ്തത്. ആർ.എസ്.എസുമായി ഉണ്ടാക്കിയ രഹസ്യ ബാന്ധവത്തിന്റെ ആവേശ തള്ളിച്ചയായിരുന്നു എം.വി ഗോവിന്ദന്റെ തുറന്നു പറച്ചിൽ. വെള്ളാപ്പള്ളിയുടെ നിലമ്പൂർ പ്രസംഗം ഇടതുപക്ഷവുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു എന്നുവേണം കരുതാൻ. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ഈഴവ സമൂഹത്തിൽ മുസ്‌ലിം വെറുപ്പ് സൃഷ്ടിക്കാൻ നടത്തിയ ശ്രമത്തെ തള്ളിപ്പറയുന്നതിന് പകരം കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് ഇത് കൊണ്ടാണ്. മുസ്‌ലിം സമുദായയത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിലും ഭിന്നിപ്പുണ്ടാക്കാൻ സി.പി.എം ശ്രമിച്ചു. ഇത്തരം വിഷലിപ്തമായ ശ്രമങ്ങൾ മുഴുവൻ നടത്തിയിട്ടും സി.പി.എമ്മിന് വിജയിക്കാൻ കഴിഞ്ഞില്ല. ഇത് നിലമ്പൂരിലെ ജനങ്ങൾ ഉയർത്തിപ്പിടിച്ച രാഷ്ട്രീയ ബോധ്യത്തിന്റെ വിജയമാണ്.

വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് നയത്തിന് ഒപ്പം നിന്ന് ധ്രുവീകരണ രാഷ്ട്രീയത്തെ പരാജയപ്പെടുത്തിയ നിലമ്പൂരിലെ വോട്ടർമാരെ അഭിവാദ്യം ചെയ്യുന്നുവെന്നും നിലമ്പൂർ മുന്നോട്ട് വെച്ച രാഷ്ടീയത്തെ കേരളം ആകമാനം ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:welfare partyM SwarajCPMPV AnvarNilambur By Election 2025
News Summary - welfare party about Nilambur By Election result 2025
Next Story