ചെങ്ങറയിൽ വോട്ടവകാശം നിഷേധിച്ചത് ജനാധിപത്യവിരുദ്ധം - വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: ചെങ്ങറയിലെ കുമ്പഴ എസ്റ്റേറ്റിൽ 13 വർഷത്തിലധികമായി താമസിച്ചുവരുന്ന മൂവായിരത്തിലധികം പൗരന്മാർക്ക് നാളിതുവരെ അടിസ്ഥാന ജനാധിപത്യ അവകാശത്തിൽ പെട്ട വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന പഞ്ചായത്ത് അധികൃതരുടെ സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കുമ്പഴ എസ്റ്റേറ്റിലെ 600 ഓളം വരുന്ന കുടുംബങ്ങളുടെ താമസവുമായി ബന്ധപ്പെട്ട തർക്കം നിലനിൽക്കുന്നുവെന്ന കാരണത്താൽ പൗരന്മാർക്ക് വോട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. ഹാരിസൺ പോലുള്ള കുത്തകകളുടെ താല്പര്യത്തെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ കൈക്കൊള്ളുന്നത്. അടിസ്ഥാന ജനവിഭാഗങ്ങളുടെ പൗരാവകാശത്തെ ലംഘിക്കുന്ന അധികൃതരുടെ കുറ്റകരമായ അനാസ്ഥക്കെതിരെ ശക്തമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷൻ കൈക്കൊള്ളണം.
പല സന്ദർഭങ്ങളിലായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിന് അപേക്ഷ നൽകിയിരുന്നുവെങ്കിലും അവ പരിഗണിക്കാനോ വ്യക്തമായ മറുപടി നൽകാനോ അധികൃതർ തയ്യാറായിട്ടില്ല. 13 വർഷം മുമ്പ് താമസിച്ചിരുന്ന സ്ഥലത്തെ വോട്ടർപട്ടികയിൽ പേര് ഉണ്ടാകുമെന്നും അപേക്ഷ നൽകിയതിൽ വീട് നമ്പർ ശരിയല്ല തുടങ്ങിയ സാങ്കേതിക കാര്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് പഞ്ചായത്ത് അധികൃതർ ഇവരുടെ വോട്ടവകാശം നിഷേധിക്കുന്നത്. ഹാരിസൺ പോലുള്ള ഭൂമാഫിയകളോടൊപ്പം ചേർന്ന് പൗരന്മാരുടെ അവകാശത്തെ ചോദ്യം ചെയ്യുന്ന സമീപനമാണ് അധികൃതർ സ്വീകരിക്കുന്നത്. ഗ്രാമപഞ്ചായത്ത് അധികൃതരും രാഷ്ട്രീയ പാർട്ടികളും ഹാരിസനോടൊപ്പം ചേർന്ന് പൗരാവകാശം റദ്ദുചെയ്യുന്ന ഇത്തരം ഒത്തുകളിക്കെതിരെ ജനാധിപത്യ സമൂഹം ശക്തമായി പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

