എലിപ്പനി രോഗികൾ കൂടുന്നു; ജാഗ്രത പാലിക്കണം
text_fieldsകൽപറ്റ: ജില്ലയില്‍ എലിപ്പനി രോഗികൾ കൂടുന്നു. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തിനിടെ എലിപ്പനി രോഗികളുടെ എണ്ണവും വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. ഈമാസം രോഗം സ്ഥിരീകരിച്ച് ഒരാളും രോഗലക്ഷണങ്ങളോടെ 11 പേരും ചികിത്സ നേടി. മേയ് മാസത്തില്‍ 10 പേർക്ക് രോഗം സ്ഥിരീകരിച്ചു. 14 പേര്‍ രോഗലക്ഷണങ്ങളോടെയും ചികിത്സ തേടിയിട്ടുണ്ട്.
കഴിഞ്ഞ മാസം എലിപ്പനി ലക്ഷണങ്ങളോടെ രണ്ടു പേര്‍ മരിക്കുകയും ചെയ്തു. ഈ വര്‍ഷം ഇതുവരെ ചികിത്സ തേടിയതില്‍ 30 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒരാള്‍ മരിക്കുകയും ചെയ്തു. കൂടാതെ, രോഗ ലക്ഷണങ്ങളോടെ ചികിത്സ തേടിയ 211 പേരില്‍ നാലു പേരും മരിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍, കൃഷിപ്പണിയിലേര്‍പ്പെടുന്നവര്‍, മലിന ജലവുമായി സമ്പര്‍ക്കമുണ്ടാകുന്ന തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, മൃഗ പരിപാലനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങിയവര്‍ ആഴ്ചയിലൊരിക്കല്‍ ഡോക്സി സൈക്ലിന്‍ 200 മില്ലിഗ്രാം ഗുളിക നാലാഴ്ച കഴിക്കണം.
ഇത് എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമാണ്. കൈകാലുകളിലെയും ശരീരത്തിലെയും മുറിവ്, വ്രണം എന്നിവയിലൂടെ എലിപ്പനി രോഗാണു (ലെപ്റ്റോ സ്പൈറ ബാക്ടീരിയ) ശരീരത്തില്‍ കടന്നാണ് രോഗമുണ്ടാകുന്നത്. വളംകടി പോലുള്ള ചെറിയ വ്രണങ്ങളിലൂടെയോ മുറിവിലൂടെയോ രോഗാണു ശരീരത്തിലേക്ക് പ്രവേശിക്കാം. പ്രധാനമായും എലി മൂത്രത്തില്‍ നിന്നാണ് രോഗാണു വെള്ളത്തിലും ഭക്ഷണത്തിലും കലരുന്നത്. ചളിയിലും വെള്ളത്തിലും ഇറങ്ങി ജോലി ചെയ്യുന്നവര്‍ കൈയുറയും കാല്‍മുട്ടുവരെ മൂടുന്ന ബൂട്ടും ധരിക്കണം. ജോലി കഴിഞ്ഞ് കൈകാലുകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. തുടക്കത്തില്‍ ചികിത്സ ലഭിച്ചാല്‍ എലിപ്പനി പൂര്‍ണമായും ഭേദമാക്കാവുന്ന രോഗമാണ്.
എലിപ്പനി ബാധിതരില്‍ മഞ്ഞപ്പിത്ത ലക്ഷണം കാണപ്പെടുന്നതിനാല്‍ ശരിയായ ചികിത്സ തക്കസമയത്ത് ലഭിച്ചില്ലെങ്കില്‍ രോഗം ഗുരുതരമാകാനും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്. എലിപ്പനി ബാധിത പ്രദേശങ്ങളിലുള്ളവര്‍ പനി, ശരീരവേദന, തലവേദന, പേശീവേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടാല്‍തന്നെ സ്വയം ചികിത്സിക്കാതെ വിദഗ്ധ ചികിത്സ തേടണം. കണ്ണില്‍ ചുവപ്പ് നിറമുണ്ടാകുന്നതും മൂത്രത്തിെൻറ അളവ് കുറയുന്നതും എലിപ്പനി ഗുരുതരമാകുന്നതിെൻറ ലക്ഷണങ്ങളാണ്. എലിപ്പനി മൂലമുള്ള മരണം തടയുന്നതിന് പ്രതിരോധ പ്രവർത്തനങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. ആർ. രേണുക അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
