വെളിയത്തെ നെയ്ത്ത് വ്യവസായവും പ്രതീക്ഷയറ്റ നിലയിൽ
text_fieldsവെളിയം പടിഞ്ഞാറ്റിൻകരയിലെ കൈത്തറി സഹകരണ സംഘത്തിൽ നെയ്ത്തുതൊഴിലിൽ
ഏർപ്പെട്ട സ്ത്രീ
കൊട്ടാരക്കര: പരമ്പരാഗതമായ നെയ്ത്തുഗ്രാമമായ വെളിയത്തെ കൈത്തറി വ്യവസായത്തിന് നഷ്ടപ്രതാപത്തിന്‍റെ കഥയാണ് പറയാനുള്ളത്. 1966ൽ അന്നത്തെ കൊട്ടാരക്കര എം.എൽ.എ ആയിരുന്ന ഇ. ചന്ദ്രശേഖരൻ നായർ മുൻകൈ എടുത്ത് വെൽടെക്സ് എന്ന പേരിൽ വെളിയം പടിഞ്ഞാറ്റിൻകരയിൽ സ്ഥാപിച്ച കൈത്തറി സഹകരണ സംഘം മൂന്നര പതിറ്റാണ്ടുകാലം നാടിന്‍റെ ജീവിത സാഹചര്യങ്ങളെ എറെ മെച്ചപ്പെടുത്തും വിധം മികച്ച പ്രവർത്തനമാണ് നടത്തിയത്. വെളിയത്തും പരിസരപ്രദേശങ്ങളിലുമായി ഏതാണ്ട് നാനൂറോളം കുടുംബങ്ങളാണ് ഈ സഹകരണസ്ഥാപനംകൊണ്ട് ജീവിതം പച്ചപിടിപ്പിച്ചത്. പ്രവർത്തനമാരംഭിച്ച് അഞ്ചര പതിറ്റാണ്ട് പിന്നിടുന്ന ഈ വേളയിൽ നാമമാത്രമായി നിലകൊള്ളുന്ന ഒന്നായി വെളിയം വെൽടെക്സ് മാറി. ഇപ്പോൾ ഈ സ്ഥാപനത്തിൽ 24 തൊഴിലാളികൾ മാത്രമാണുള്ളത്. നിലവിലുള്ള തൊഴിലാളികൾക്ക് കൃത്യമായി കൂലി പോലും ലഭ്യമാകുന്നില്ല. അഞ്ചുമാസത്തെ കൂലിക്കുടിശ്ശികയാണ് ഇപ്പോൾ, ഓണത്തിന് മുമ്പ് അത് കിട്ടുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.
ഓണക്കോടിയായി ഉപയോഗിക്കുന്ന ഡബിൾ മുണ്ട്, സിംഗിൾ മുണ്ട്, കാവിമുണ്ട്, ഷർട്ടിന്‍റെ തുണി, സ്കൂൾ യൂനിഫോം തുണികൾ എന്നിവയാണ് ഇവിടെ ഇപ്പോൾ പ്രധാനമായി നെയ്യുന്നത്. 2017ൽ കൈത്തറി വ്യവസായത്തെ തകർച്ചയിൽ നിന്ന് രക്ഷിക്കുന്നതിന്‍റെ ഭാഗമായി സ്കൂൾ യൂനിഫോം കൈത്തറിത്തുണിയിൽ തയ്ക്കാനുള്ള പദ്ധതി കേരളസർക്കാർ കൊണ്ടുവന്നെങ്കിലും അതിന്‍റെ പ്രയോജനം ഏറെ നാൾ നീണ്ടുനിന്നില്ല.
നൂലും കൂലിയും സർക്കാറാണ് നൽകേണ്ടത്. സർക്കാർ നൽകേണ്ട കൂലിക്കുടിശ്ശിക കൂടിവന്നു എന്നു മാത്രമല്ല തുണിയെടുപ്പും നിലച്ചു. കൂലിയും കുടിശ്ശികയുമൊന്നും കിട്ടാതായതോടെ സ്ത്രീതൊഴിലാളികളെല്ലാം തൊഴിലുറപ്പ് പണിയിലേക്കും മറ്റും മാറി. നൂറ്റിനാൽപതോളം തറികളാണ് ഉള്ളതെങ്കിലും അവയേറെയും പ്രവർത്തനരഹിതമായി നശിക്കുകയാണ്. സർക്കാർ ഈ ഓണക്കാലത്തെങ്കിലും കൈത്തി തൊഴിലാളികളുടെ ദുരിതത്തിന് പരിഹാരമായി എന്തെങ്കിലും ചെയ്യുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല.