ആഗസ്റ്റിൽ അതിവർഷത്തിന് സാധ്യത; വലിയ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യമില്ല
text_fieldsതിരുവനന്തപുരം: ആഗസ്റ്റിൽ സംസ്ഥാനത്ത് അതിവർഷത്തിന് സാധ്യതയുണ്ടെന്നും വെള്ളപ്പൊക്കമുണ്ടായാൽ സാധാരണ ചെയ്യുംപോലെ ആളുകളെ ഒന്നിച്ച് പാർപ്പിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനെ അകറ്റാൻ പോരാടുന്ന സംസ്ഥാനത്തിന് ഇത് ഗുരുതര വെല്ലുവിളിയാണ്. ഇത് മുന്നിൽകണ്ട് അടിയന്തര തയാറെടുപ്പ് നടത്തും. കാലവർഷക്കെടുതി നേരിടുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പ് പദ്ധതി തയാറാക്കി. കോവിഡ് ഭീഷണിയുള്ളതിനാൽ വെള്ളപ്പൊക്ക കാലത്ത് ഒഴിപ്പിക്കുന്നവരെ ഒന്നിച്ച് പാർപ്പിക്കാനാവില്ല. ഇതിന് നാലുതരം കെട്ടിടങ്ങൾ വേണ്ടിവരും. പൊതുവായ കെട്ടിടം, പ്രായം കൂടിയവർക്കും രോഗികൾക്കുമുള്ളത്, കോവിഡ് ലക്ഷണമുള്ളവർക്കുള്ളത്, ക്വാറൻറീനിലുള്ളവരെ പാർപ്പിക്കാനുള്ളത് എന്നിവയാണത്.
വലിയ അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ല. വ്യാഴാഴ്ച ചേർന്ന ഉന്നതതലയോഗം സ്ഥിതി വിലയിരുത്തി. ഒഴുക്ക് തടസ്സപ്പെടാതിരിക്കാൻ നദികളിലും തോടുകളിലും ചാലുകളിലും എക്കൽ മണ്ണും മറ്റും നീക്കാൻ നടപടി ആരംഭിച്ചു. സന്നദ്ധം പോർട്ടലിൽ രജിസ്റ്റർ ചെയ്്തവർക്ക് ദുരന്തപ്രതികരണ കാര്യങ്ങളിൽ പരിശീലനം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘ഉം പുൻ’ ചുഴലിക്കാറ്റിന് സാധ്യത
തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ദക്ഷിണ അന്തമാൻ കടലിലുമായി രൂപം കൊണ്ട ന്യൂനമർദം മേയ് 16ന് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തായ്ലൻഡ് ‘ഉം പുൻ’ എന്ന് പേരിട്ട ചുഴലിക്കാറ്റിെൻറ സഞ്ചാരപഥത്തിൽ കേരളം ഇല്ലെന്നാണ് അറിയിപ്പ്.
ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുമെന്നാണ് പ്രതീക്ഷ. കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം അടുത്ത 48 മണിക്കൂർ തെക്ക് ബംഗാൾ ഉൾക്കടലിെൻറ മധ്യഭാഗത്തും മധ്യ പടിഞ്ഞാറ് ഭാഗത്തും മണിക്കൂറിൽ 55 മുതൽ 65 കി.മീ വേഗത്തിൽ കാറ്റുണ്ടാകും. ചില അവസരങ്ങളിൽ മണിക്കൂറിൽ 75 കി.മീ വേഗത്തിൽ അന്തമാൻ കടലിലും ലക്ഷദ്വീപ് പ്രദേശങ്ങളിലും കാറ്റിന് സാധ്യതയുണ്ട്. ഈ ഭാഗങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
യെല്ലോ അലർട്ട്
തീവ്ര ന്യൂനമർദത്തിെൻറ സാന്നിധ്യമുള്ളതിനാൽ 16ന് എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും 18ന് എറണാകുളം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 64.5 മി.മീറ്റർ മുതൽ 115.5 മി.മീറ്റർ വരെ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
