ദുർബലമായി പൊലീസ്; കരുത്തുകാട്ടി ഗുണ്ടകൾ
text_fieldsതിരുവനന്തപുരം: 'ശക്തമായ പരിശോധനകൾ' തുടരുന്നുവെന്ന് ആവർത്തിക്കുമ്പോഴും പൊലീസിെൻറ തലക്ക് മുകളിലേക്ക് വളർന്ന് ഗുണ്ടകൾ. ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാൻ തിരുവനന്തപുരം റേഞ്ചിൽ പൊലീസ് ആവിഷ്കരിച്ച 'ഓപറേഷൻ ട്രോജ'നിൽ കഴിഞ്ഞ 10 ദിവസത്തിനിടെ അറസ്റ്റിലായത് 237 പിടികിട്ടാപ്പുള്ളികളാണ്. എന്നാൽ ഇതുകൊണ്ടൊന്നും ഗുണ്ടാസംഘങ്ങളെയും അവരുടെ പ്രവർത്തനങ്ങളെയും തടയിടാൻ ആഭ്യന്തരവകുപ്പിന് കഴിയുന്നില്ല. പോത്തൻകോട് കാറിലെത്തിയ പിതാവിനെയും 17 വയസ്സുകാരി മകളെയും ഗുണ്ടകൾ നടുറോഡിൽ വളഞ്ഞിട്ട് ആക്രമിച്ച സംഭവം പൗരന്മാർ സുരക്ഷിതരല്ലെന്നാണ് വ്യക്തമാക്കുന്നത്.
ഡിസംബർ 11ന് പോത്തൻകോട് കല്ലൂരിൽ വധശ്രമക്കേസ് പ്രതിയെ വെട്ടിക്കൊന്ന ശേഷം കാലുവെട്ടി നടുറോഡിലെറിഞ്ഞതിനെ തുടർന്നാണ് നവംബർ 14ന് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിെൻറ നേതൃത്വത്തിൽ ഓപറേഷൻ ട്രോജൻ എന്ന പേരിൽ സ്പെഷൽ ഡ്രൈവ് ആരംഭിച്ചത്. ഓരോ സ്റ്റേഷൻ പരിധിയിലെയും സമൂഹികവിരുദ്ധയും മയക്കുമരുന്ന് മാഫിയയെയും പിടികൂടുകയായിരുന്നു ലക്ഷ്യം. തുടർന്ന് ക്രിമിനൽ പശ്ചാത്തലമുള്ള 1230 പേരെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ഇവരുടെ പ്രവർത്തനങ്ങൾ പരിശോധിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് 1368 പേരെ ഒരുദിവസത്തേക്ക് കരുതൽ തടവിലാക്കി. വ്യാഴാഴ്ച വരെ 3083 പരിശോധനകളിലായി 434 വാറണ്ട് പ്രതികളും 72 ലഹരിമരുന്ന് കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
എന്നാൽ ഇത്തരം പരിശോധനകൾക്കിടെയാണ് ഡിസംബർ 20ന് ബാലരാമപുരം റസൽപുരത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘം രണ്ടുപേരെ വെട്ടിവീഴ്ത്തിയത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിസംഘം 16 വാഹനങ്ങൾ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പൊളിക്കുകയും ചെയ്തു. സുധീഷിനെ കൊലപ്പെടുത്തിയതിനെതുടർന്ന് കനത്തസുരക്ഷ ഏർപ്പെടുത്തിയ പോത്തൻകോടാണ് 22ന് പിതാവിനും മകൾക്കുമെതിരെ പൊതുജനമധ്യത്തിൽ ആക്രമണം നടന്നത്. സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും കുറ്റവാളികളെ പിടികൂടാനായിട്ടില്ല. വ്യാഴാഴ്ച്ച നിയമസഭ മന്ദിരത്തിന് സമീപം ഗുണ്ടകൾ സഞ്ചരിച്ച വാഹനം പോസ്റ്റിൽ ഇടിച്ച് അപകടത്തിൽപെട്ടിരുന്നു. 14 വയസ്സുകാരനടക്കം ആറംഗസംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. അമിതമദ്യലഹരിയായിരുന്നവരെ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഇവരിൽ രണ്ടുപേർ പിടികിട്ടാപ്പുള്ളികളാണെന്ന് തിരിച്ചറിഞ്ഞത്.
1500ൽ ഏറെ തടവുകാരാണ് കോവിഡിെൻറ പേരിൽ ലഭിച്ച ഇളവിൽ ജയിലിന് പുറത്ത് വിഹരിക്കുന്നത്. അക്രമം നടത്തുകയും പ്രത്യാക്രമണമുണ്ടാകാതിരിക്കാൻ ജയിലിെൻറ സുരക്ഷിതത്വത്തിലേക്ക് രക്ഷപ്പെടുകയും ചെയ്യുന്ന രീതിയാണ് ഗുണ്ടകൾ സ്വീകരിക്കുന്നത്. പുറത്തുകഴിയുന്നത് ജീവന് ആപത്താണെന്ന് മനസ്സിലാക്കി ജയിലിൽ തിരിച്ചുകയറാൻ അക്രമം നടത്തുന്നവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

