ഞങ്ങൾ മറക്കില്ല, ശാന്തസുന്ദരമായുറങ്ങൂ ആലിൻ...
text_fieldsആലിൻ
കൊച്ചി: സുന്ദരം, ശാന്തം, കുലീനം എന്നൊക്കെയാണ് ആലിൻ എന്ന പേരിന്‍റെയർഥം. ഇനിയുണരാത്ത ശാന്തസുന്ദരമായൊരുറക്കത്തിലേക്ക് പോയെങ്കിലും ആലിൻ ഷെറിൻ ഏബ്രഹാം എന്ന കുഞ്ഞുമാലാഖ ഇനി നാലോളം കുഞ്ഞുങ്ങളിൽ പുതുജീവനായി തുടിക്കും. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി പുതുചരിത്രം കുറിച്ച ആലിനിന്‍റെ മടക്കം പേര് അന്വർഥമാക്കും വിധം കുലീനമായി തന്നെയായിരുന്നു.
നാടൊരുമിച്ചപ്പോൾ പത്തുമാസം പ്രായമുള്ള ഈ കുരുന്നിന്‍റെ അവയവങ്ങളുമായുള്ള യാത്ര ചരിത്രത്തിന്‍റെ ഭാഗമായി. അമൃത ആശുപത്രിയിൽനിന്ന് ശനിയാഴ്ച വൈകീട്ട് ഏഴേകാലോടെയാണ് അവയവങ്ങളുമായി തിരുവനന്തപുരത്തേക്ക് ആംബുലൻസ് യാത്ര തിരിച്ചത്. ആലിനിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. കുരുന്ന് ത്യാഗത്തിന്‍റെ ബഹുമാനാർഥം സംസ്ഥാന ബഹുമതികളോടെയുള്ള യാത്രയയപ്പാണ് നൽകിയത്.
എയർ ആംബുലൻസ് ലഭിക്കാതെ വന്നതോടെ KL07DF3177 എന്ന ആംബുലൻസിലേക്ക് ഈ ചരിത്ര നിയോഗം എത്തുകയായിരുന്നു. കുന്നുംപുറം, ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ഏറ്റുമാനൂർ, കോട്ടയം വഴി ഗ്രീൻ കോറിഡോർ ഒരുക്കിയാണ് ആംബുലൻസ് കടത്തിവിട്ടത്. ആലിനിന്‍റെ മരണത്തിനിടയാക്കിയ അപകടം നടന്ന റോഡിലൂടെ തന്നെ ആ കുരുന്ന് വൃക്കകളും കരളും ഹൃദയവാൽവും യാത്ര ചെയ്തതും നൊമ്പരക്കാഴ്ചയായി.തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോ. വർഗീസ് എൽദോയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്.
ആദ്യം കിംസിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ശ്രീചിത്രയിലേക്കുമാണ് യാത്ര. കരള്‍ കിംസ് ആശുപത്രിയിലേക്കും രണ്ടു വൃക്കകള്‍ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കും ഹൃദയവാല്‍വ് ശ്രീചിത്രയിലേക്കുമാണ് കൊണ്ടുപോകുന്നത്. എട്ടുദിവസമായി ആലിൻ വെന്റിലേറ്ററിൽ ആയിരുന്നെന്ന് സർക്കാറിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു.
മാതാപിതാക്കൾ അവയവങ്ങള്‍ ദാനം ചെയ്യാനുള്ള തീരുമാനം അറിയിച്ചതോടെയാണ് സര്‍ട്ടിഫിക്കേഷന്‍ നടപടിക്രമങ്ങളിലേക്ക് കടന്നത്. ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുടെ ബ്രെയിന്‍ സ്‌റ്റെം ഡെത്ത് സര്‍ട്ടിഫൈ ചെയ്യുമ്പോള്‍ രണ്ടു ടെസ്റ്റുകള്‍ തമ്മില്‍ 24 മണിക്കൂര്‍ വ്യത്യാസം വേണം. വെള്ളിയാഴ്ച രാവിലെ ആദ്യ ടെസ്റ്റും ശനിയാഴ്ച രാവിലെ രണ്ടാമത്തെ ടെസ്റ്റും കഴിഞ്ഞു.
അന്വേഷണത്തിൽ കിംസ് ആശുപത്രിയിൽ കരള്‍ മാറ്റിവെക്കലിനായി കാത്തിരിക്കുന്ന ആറു മാസം പ്രായമുള്ള കുട്ടിയെ കണ്ടെത്തി. എസ്.എ.ടി ആശുപത്രിയില്‍ കഴിഞ്ഞ ആറു മാസമായി ഡയാലിസിസ് നടത്തുന്ന കുട്ടികളുടെ വിവരങ്ങളും ലഭിച്ചു. എന്നാൽ, ആലിനിന്റെ വൃക്കകള്‍ 5 സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ളതായതിനാല്‍ രണ്ടു വൃക്കകളും ഒരു കുട്ടിക്ക് നല്‍കാൻ പിന്നീട് തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

