Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഒരു ഡീലും നടക്കില്ല, എല്ലാം ഞങ്ങൾ പൊളിക്കും’; രഹസ്യ ഡീലുകളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുമെന്നും വി.ഡി. സതീശൻ

text_fields
bookmark_border
  • പത്തനംതിട്ട ജില്ലയിൽ സാന്നിധ്യമേയില്ലാത്ത ട്വന്റി20ക്ക് റാന്നി മണ്ഡലം വിട്ടുകൊടുത്തത് എന്തിന്?
  • 1977ൽ ആർ.എസ്.എസിന്റെ കൂടി പിന്തുണയോടെ ജയിച്ച് എം.എൽ.എ ആയ ആളാണ് പിണറായി വിജയൻ
‘ഒരു ഡീലും നടക്കില്ല, എല്ലാം ഞങ്ങൾ പൊളിക്കും’; രഹസ്യ ഡീലുകളെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുമെന്നും വി.ഡി. സതീശൻ
cancel

വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പരസ്പരം സഹായിക്കുന്നതിനായി സി.പി.എമ്മും ബി.ജെ.പിയും തയാറാക്കിയ ഡീൽ തങ്ങൾ പൊളിച്ചടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാലക്കാട്ട് മാത്രമല്ല, കേരളത്തിലെ പല മണ്ഡലങ്ങളിലും സി..പി.എമ്മും ബി.ജെ.പിയും പരസ്പരം സഹായിക്കാൻ ധാരണയിലെത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിൽ സാന്നിധ്യമേയില്ലാത്ത ട്വന്റി20 എന്ന പാർട്ടിക്ക് ബി.ജെ.പിക്ക് സ്വാധീനമുള്ള റാന്നി മണ്ഡലം വിട്ടുകൊടുത്തത് ഈ സഹായസഹകരണത്തിന്റെ ഭാഗമായാണെന്നും മാധ്യമ പ്രവർത്തകരോട് സംസാരിക്കവേ, സതീശൻ പറഞ്ഞു.

‘ഞങ്ങൾ തെളിവു സഹിതമാണ് ഈ ഡീലിനെക്കുറിച്ച് പറയുന്നത്. പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ കെ. സുരേന്ദ്രൻ കഴിഞ്ഞ തവണ മത്സരിച്ചതാണ്. 32000ൽ അധികം വോട്ട് കെ. സുരേ​ന്ദ്രൻ പിടിച്ച സീറ്റ് ഇക്കുറി ബി.ഡി.ജെ.എസിന് കൊടുത്തു. റാന്നി ശബരിമല ഇരിക്കുന്ന സീറ്റാണ്. ആ സീറ്റ് കൊടുത്തിരിക്കുന്നത് ട്വന്റി20ക്കാണ്. പത്തനംതിട്ട ജില്ലയിൽ എവിടെയാണ് ട്വന്റി20 എന്ന പാർട്ടിയുള്ളത്? എറണാകുളം ജില്ലയിലെ കിഴക്കുഭാഗത്ത് മാത്രമുള്ള പാർട്ടിക്ക് പത്തനംതിട്ടയിലെ റാന്നി കൊടുത്തത് എന്തിനാണ്?

ഈ തെരഞ്ഞെടുപ്പിൽ ശബരിമല വിഷയമൊന്നും ഞങ്ങൾ ഉന്നയിക്കുന്നില്ലെന്നാണ് റാന്നിയിലെ എൻ.ഡി.എ സ്ഥാനാർഥി പറയുന്നത്. അതിൽ സർക്കാറിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും അയാൾ പറയുന്നു. എൻ.ഡി.എ സ്ഥാനാർഥിയാണ് സർക്കാറിന്റെ ഭാഗത്ത് തെറ്റില്ലെന്ന് പറയുന്നതെന്നോർക്കണം. ബി.ജെ.പി ആ സീറ്റ് ട്വന്റി20ക്ക് കൊടുത്തിരിക്കുന്നതിന്റെ കളി വേറെയാണ്. ഇതിനുപുറമെ കാസർകോട്, മഞ്ചേശ്വരം, പാലക്കാട് തുടങ്ങി ഒരുപാട് സ്ഥലങ്ങളിലും ഡീലുണ്ട്. പലയിടത്തും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ജയിപ്പിക്കാനുള്ള ഏർപ്പാടുകളാണ് ഇവർ ചെയ്തുകൊണ്ടിരിക്കുന്നത്.

കരു​വന്നൂർ ബാങ്കിലെ സി.പി.എമ്മിന്റെ 300 കോടി രൂപയുടെ കൊള്ളയിൽ ഇ.ഡി വന്ന് കഴുത്തിന് പിടിച്ചു. ‘ഇ.ഡി പിടിമുറുക്കുന്നു’ എന്നായിരുന്നു പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പുള്ള വാർത്ത. ഇ.ഡി പിടിമുറുക്കുന്നത് തൃശൂർ സീറ്റിനുവേണ്ടിയാണെന്ന് ഞാൻ അന്നേ പറഞ്ഞു. പൂരം തല്ലിത്തകർത്ത്, അലമ്പാക്കി തൃശൂരിൽ ബി.ജെ.പിക്ക് ജയിക്കാനുള്ള സാഹചര്യം ഉണ്ടാക്കിക്കൊടുത്തു.



അത് കഴിഞ്ഞിട്ട് ഇ.ഡി എവിടെയെങ്കിലും പിടിമുറുക്കിയോ? ആ പിടി എവിടെപ്പോയി? തൃശൂരിൽ ബി.ജെ.പിയെ ജയിപ്പിച്ചതിനുശേഷം എവിടെയെങ്കിലും ഇ.ഡി പിടിമുറുക്കിയോ? ഇല്ല. അവിടെയൊരു ഡീൽ ആയിരുന്നു. ആ ഡീൽ ഞങ്ങൾ തെളിവുസഹിതമാണ് പറഞ്ഞത്. ആദ്യം നിഷേധിച്ചല്ലോ. എന്നാൽ, എം.ആർ. അജിത് കുമാർ എന്ന അഡീഷനൽ ഡി.ജി.പി മുഖ്യമന്ത്രിക്കുവേണ്ടി ആർ.എസ്.എസ് നേതാവുമായി ആശയവിനിമയം നടത്തിയതായി തെളിഞ്ഞില്ലേ. ആദ്യം ആർ.എസ്.എസും പിന്നീട് ഇവരെല്ലാവരും നിഷേധിച്ചെങ്കിലും കണ്ടതായി തെളിഞ്ഞു. അപ്പോൾ, കണ്ടാൽ എന്താണ് കുഴപ്പം? എന്നായി വാദം. ഈ ഡീലൊക്കെ നേരത്തേ നടന്നതാണ്.

ഒന്നാം നമ്പർ കാർ ഉപേക്ഷിച്ച് മസ്കറ്റ് ഹോട്ടലിൽവന്ന് ആർ.എസ്.എസ് നേതാക്കളുമായി ചർച്ച നടത്തിയത് മുഖ്യമന്ത്രിയല്ലേ. ശ്രീയെമ്മിന്റെ സാന്നിധ്യത്തിലായിരുന്നി​ല്ലേ ചർച്ച. അതുകൊണ്ട് പിണറായി വിജയൻ അദ്ദേഹത്തിന്റെ മുൻകാല ചരിത്രമൊന്നും ഞങ്ങളെ പഠിപ്പി​ക്കേണ്ട. ഇപ്പോൾ കോലീബീ എന്ന് പറയുകയാണ്. അതിനേക്കാൾ മുമ്പുള്ള ചരിത്രമുണ്ടല്ലോ. 1977ൽ ആർ.എസ്.എസിന്റെ കൂടി പിന്തുണയോടെ ജയിച്ച് എം.എൽ.എ ആയ ആളാണ്. മുഖ്യമന്ത്രിയുടെ ചരിത്രം ഇതാണെന്ന് എല്ലാവർക്കുമറിയാം.

ഈ ഡീലാണ് ഇപ്പോഴുള്ളത്. ഈ ഡീൽ ഞങ്ങൾ പൊളിക്കും. ഒരു സംശയവും വേണ്ട. കാരണം, കേരളം ഈ തെരഞ്ഞെടുപ്പിൽ രണ്ടു കാര്യമാണ് തെളിയിക്കാൻ പോകുന്നത്. ഒന്ന്, ഈ പത്തുവർഷത്തെ ദുർഭരണത്തിന് അന്ത്യം കുറിക്കും. കേരളം മതേതര കേരളമാണെന്ന് ഇവിടുത്തെ ജനങ്ങൾ രാജ്യത്തോട് വിളിച്ചുപറയുമെന്നതാണ് രണ്ടാമത്തെ കാര്യം. അതുകൊണ്ട് നിങ്ങളുടെ ഒരു ഡീലും നടക്കില്ല. ഇവർ തമ്മിൽ നടത്തിയിരിക്കുന്ന രഹസ്യ ഡീലുകളെക്കുറിച്ച് ഇനിയും പറഞ്ഞുതരാം. എന്ത് ഡീലുണ്ടാക്കിയിട്ടും കാര്യമില്ല, നൂറു സീറ്റിലധികം നേടി യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും സതീശൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'We Will Expose CPM-BJP Deal'; V.D. Satheesan Says More Revelations About Secret Deals To Come
Next Story