Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഇനിയത്തെ എന്റെ ജീവിതം...

‘ഇനിയത്തെ എന്റെ ജീവിതം ഓളെ നോക്കാൻ, ഞാനും ഓളും 50ാം വാർഷികം ഒരുമിച്ചാഘോഷിക്കും’ -ഇത് അപൂർവ സ്​നേഹത്തിന്റെ കഥ, നിശ്ചയദാർ​​ഢ്യത്തിന്റെയും...

text_fields
bookmark_border
‘ഇനിയത്തെ എന്റെ ജീവിതം ഓളെ നോക്കാൻ, ഞാനും ഓളും 50ാം വാർഷികം ഒരുമിച്ചാഘോഷിക്കും’ -ഇത് അപൂർവ സ്​നേഹത്തിന്റെ കഥ, നിശ്ചയദാർ​​ഢ്യത്തിന്റെയും...
cancel

ഇരുവൃക്കകളും തകരാറിലായ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചതും ആ യുവതിക്ക് മനുഷ്യസ്നേഹിയായ മണികണ്ഠൻ എന്ന യുവാവ് തന്റെ വൃക്ക ദാനം ചെയ്തതും കഴിഞ്ഞ ദിവസം കേരളത്തിന്റെ ഹൃദയം കവർന്ന വാർത്തയായിരുന്നു. രോഗക്കിടക്കയിലായ ഭാര്യയെ ഉപേക്ഷിച്ച് പോയ ആ ഭർത്താവിന്റെ ചെയ്തിയെ അപലപിച്ചവർ, മനുഷ്യത്വത്തിന്റെ പര്യായമായ മണികണ്ഠന്റെ പ്രവൃത്തിയെ നെഞ്ചോട് ചേർത്തു.

അതിനിടെയാണ്, ഗുരുതര രോഗം ബാധിച്ച ഭാര്യക്ക് ​വേണ്ടി 20 വർഷം ഊണും ഉറക്കവും ജീവിതം തന്നെയും മാറ്റിവെച്ച് പോരാടിയ അച്ഛനെ കുറിച്ച് മകൾ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. തലശ്ശേരി കതിരൂർ സ്വദേശി രഘുനാഥന്റെയും ഭാര്യ പ്രേമവല്ലിയുടെയും കഥയാണ് മകൾ പങ്കുവെച്ചത്.

‘ഇനിയത്തെ എന്റെ ജീവിതം ഓളെ നോക്കാൻ ആണ്. ഞാനും ഓളും ഞങ്ങളെ അമ്പതാം വാർഷികവും ഒരുമിച്ചാഘോഷിക്കും’ എന്ന് ഡോക്​ടറോട് പറഞ്ഞ ആ മനുഷ്യൻ അക്ഷരം പ്രതി വാക്കുപാലിച്ചു. ആ കരുതലിന്റെ ബലത്തിൽ ഭാര്യ ജീവിതത്തിലേക്ക് തിരികെ വന്നു. പ്രണയിതാക്കളു​ടെ ദിനമായ ഫെബ്രുവരി 14ന് അവരുടെ 50ാം വിവാഹ വാർഷികമായിരുന്നു.

മകൾ Minz Zpaze എഴുതിയ കുറിപ്പ് വായിക്കാം:

ഫെബ്രുവരി 14, 1973...

ആർക്കും അന്ന് അറിയില്ലെങ്കിലും അതൊരു വാലന്റൈൻസ് ഡേ ആയിരുന്നു. അതിന്റെ തലേന്നാൾ വരെ അപരിചിതരായിരുന്ന രണ്ടുപേർ അന്ന് ഒരുമിച്ചുള്ള ജീവിതം തുടങ്ങി. 1998ലെ ഫെബ്രുവരിയിൽ ആ യാത്രയുടെ സിൽവർ ജൂബിലി അവർ ആഘോഷമാക്കി. നല്ല ബിരിയാണി ആയിരുന്നു. എങ്ങനെ അറിയാം എന്നാണോ? എന്റെ അച്ഛനും അമ്മയും ആണ് അപ്പറഞ്ഞവർ.

ഒക്ടോബർ 2002.

തുണി വിരിക്കാൻ മുറ്റത്തേക്കിറങ്ങിയ അമ്മ അവിടെ ബോധം കെട്ടുവീണു. കുറേ ഹോസ്പിറ്റലിൽ കയറിയിറങ്ങി. ഒടുവിൽ ഇളയച്ഛന്റെ പ്രൊഫസർ കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ച് അമ്മക്ക് അപ്ലാസ്റ്റിക് അനീമിയ ആണെന്ന് സ്ഥിരീകരിച്ചു. ശരീരത്തിന്/മജ്ജക്ക് പുതിയ രക്തകോശങ്ങൾ ഉണ്ടാക്കാനുള്ള കഴിവ് നഷ്ടപ്പെടുന്ന അപൂർവരോഗം. വെല്ലൂരിലെ ഡോക്ടർമാർ നേർവഴിക്ക് മാത്രം നീങ്ങുന്നവരാണല്ലോ. അവർ മജ്ജ മാറ്റിവെക്കൽ അല്ലാതെ ഇതിന് വേറെ ഫലപ്രദമായ ചികിത്സ ഇല്ലെന്നും അതിനാവട്ടെ മധ്യവയസ്സ് കഴിഞ്ഞവരിൽ തീരേ കുറഞ്ഞ വിജയ സാധ്യത മാത്രമേ ഉള്ളൂ എന്നും നിങ്ങളുടെ ഭാര്യ ഏറിയാൽ ഒന്നോ രണ്ടോ വർഷമേ ജീവിച്ചിരിക്കൂ എന്നും പറയുന്നത് കേട്ട് തരിച്ചു നിൽക്കുന്ന അച്ഛന്റെ മുഖം ഇപ്പോഴും എനിക്കോർമ്മയുണ്ട്. അത്രയും തകർന്ന് അച്ഛനെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല.

പിന്നീടുള്ള നാളുകളെ ഒറ്റവാക്കിൽ വിശേഷിപ്പിക്കാൻ പറ്റില്ല. ഓരോ ദിവസവും എന്നാണ് "ആ ദിവസം" വരുന്നത് എന്ന ഭയത്തിൽ ആണ് കടന്നുപോയത്. ഇടക്കിടെ മറ്റൊരാളിൽനിന്ന് രക്തം സ്വീകരിക്കൽ, ഇമ്യൂണോഗ്ലോബുലിന്റെ ഉയർന്ന ഡോസ്, അതിന്റെ പാർശ്വഫലങ്ങൾ... അച്ഛന്റെയും അനിയന്മാരുടെയും ഓരോ ദിവസവും അടുത്ത രക്തദാതാവിനെ കണ്ടെത്താനുള്ള യാത്രകളായിരുന്നു. ഇളയച്ഛന്റെ ഹോസ്പിറ്റലിൽ ഒരു ബെഡ് എന്നുമെന്നോണം അമ്മക്ക് വേണ്ടി ഒഴിച്ചിട്ടു.

അതിനിടയിൽ, മരിക്കുന്നതിന് മുമ്പ് അമ്മമ്മയാവണം എന്ന അമ്മയുടെ വാശിയിൽ ഞാൻ അമ്മയാവാനുള്ള യാത്ര തുടങ്ങി. അത്‌ സ്മൂത്ത്‌ ആയി പോയില്ല, എന്ന് പ്രത്യേകം പറയേണ്ടല്ലോ. പ്ലാസെന്റ പ്രിവിയയും അതിന്റെ കോംപ്ലിക്കേഷൻസും ഒരു വശത്ത്. മകളുടെ ഗർഭശുശ്രൂഷ എന്നത് തന്റെ അവകാശം (ആഗ്രഹം) ആണെന്ന് പറഞ്ഞു, എന്റെ കൂടെ കൊച്ചിയിൽ വന്നുനിന്ന അമ്മയെ നോക്കേണ്ട ടെൻഷൻ മറ്റൊരുവശത്ത്.

പെട്ടെന്ന് ഒരു ദിവസം വൈകുന്നേരം അമ്മക്ക് ഗം ബ്ലീഡിങ് തുടങ്ങി. ​േപ്ലറ്റ്ലറ്റ് കൗണ്ട് അയ്യായിരമോ മറ്റോ ആണ്. നിൽക്കാതെ ഒഴുകുന്ന രക്തം. രക്തത്തിൽ കുതിർന്ന പഞ്ഞിതുണ്ടുകൾ ചുറ്റും. ഭയന്ന് പോയ ഞാൻ ഒരു ടാക്സിയിൽ അമ്മയേയും കൊണ്ട് പോയി, അന്ന് എന്റെ ഒരു അകന്ന ബന്ധു ഡോ. വി.പി.ജിയുടെ കൂടെ ജൂനിയർ ഡോക്ടർ ആയത് കൊണ്ട് അദ്ദേഹം വഴി ലേക് ഷോറിൽ അഡ്മിറ്റ് ചെയ്തു. എത്രയും വേഗം അഞ്ചു പൈന്റ് പ്ലാസ്മ വേണം. ആരും കൂട്ടിനില്ല. നിറവയറും താങ്ങി ഓടിച്ചെന്ന എന്നോട് റീപ്ലേസ് തരാതെ ബ്ലഡ്‌ തരാൻ പറ്റില്ല എന്ന് നിസ്സഹായയായി, ദൈന്യതയോടെ ആ നീലയുടുപ്പിട്ട പെൺകുട്ടി പറഞ്ഞു.

ദൈവദൂതരെ കണ്ടിട്ടുണ്ടോ? ഞാൻ അന്ന് കണ്ടു. റഹിം. ആ ടാക്സി ഡ്രൈവർ. അദ്ദേഹവും അദ്ദേഹം വിളിച്ചു വരുത്തിയ നാലു സുഹൃത്തുക്കളും കൊടുത്ത ബ്ലഡ്‌ കൊണ്ടാണ് ഞാൻ അന്ന് അഞ്ചു പൈന്റ് പ്ലാസ്മ - അല്ല അമ്മയുടെ ജീവൻ - വാങ്ങിച്ചത്. ഐസ് കോൾഡ് പ്ലാസ്മ കയറുമ്പോൾ കിടുകിടെ വിറയ്ക്കുന്ന ശരീരത്തെ ചൂടാക്കാൻ രാത്രി 11 മണിക്ക് കമ്പളം വാങ്ങി വരാൻ പറഞ്ഞു. അവിടെയും ആ ദൈവദൂതൻ എത്തി. സുഹൃത്തിന്റെ കട തുറപ്പിച്ചു വാങ്ങി തന്ന കമ്പളങ്ങൾക്കുള്ളിൽ തണുത്തു വിറച്ചു അമ്മ പതുക്കെ ജീവിതത്തിലേക്ക് തിരിച്ചുകയറി. നീരുവെച്ചു വീർത്ത കാലുകൾക്ക് നിറവയറുള്ള ദേഹത്തെ ഇനിയും താങ്ങാൻ ആവില്ല എന്ന് തോന്നിയപ്പോൾ, ഐ.സി.യുവിന്റെ പുറത്ത് മാർബിൾ തറയിൽ ചുവരിൽ ചാരി ഇരുന്നു. രാത്രി 12 മണിയോടെ ലക്ഷ്മി വരുന്നത് വരെയുള്ള ആ ഇരിപ്പ്. മാർബിളിന്റെ തണുപ്പ്, മരണത്തിന്റെതു പോലെ.

വി.പി.ജി വന്നു, കണ്ടു. ആർദ്രമായ ഒരു നോട്ടം. "നമുക്ക് ശ്രമിക്കാം, ഒരു മരുന്നുണ്ട്. പ്രോമിസിങ് റിസൽട്ട്‌ റിപ്പോർട്ട്‌ ചെയ്തിട്ടുള്ളതാണ്. പക്ഷേ ഇന്ത്യയിൽ അധികം ലഭ്യമല്ല. കിട്ടുമോ എന്ന് നോക്കൂ". ആ എഴുതിത്തന്ന കുറിപ്പടിയുമായി ആ വയറും വെച്ചു ഞാൻ ചെല്ലാത്ത ഫാർമസികളില്ല. ഒടുവിൽ പേരറിയില്ലാത്ത, മറ്റൊരു ദൈവദൂതൻ പ്രത്യക്ഷപ്പെട്ടു, ആ മരുന്നുമായി. ബിൽ ആവശ്യപ്പെടരുത് എന്ന നിബന്ധനയോടെ. തൽക്കാലം നമുക്ക് ആ മരുന്നിനെ അമൃത് എന്ന് വിളിക്കാം.

ഇനി എനിക്ക് പ്രതീക്ഷയുണ്ട് എന്ന് പറഞ്ഞ ഡോക്ടറോട് അച്ഛൻ, അന്നേവരെ ഞാൻ കണ്ടിട്ടില്ലാത്ത നിശ്ചയദാർഢ്യത്തോടെ, തന്റെ തലശ്ശേരി ഭാഷയിൽ പറഞ്ഞു, "ലോകത്തേടുന്നെങ്കിലും ഞാനീ മരുന്ന് ഡോക്ടർക്ക് കൊണ്ടുത്തരും. ഇനിയത്തെ എന്റെ ജീവിതം ഓളെ നോക്കാൻ ആണ്. ഞാനും ഓളും ഞങ്ങളെ അമ്പതാം വാർഷികവും ഒരുമിച്ചാഘോഷിക്കും". അത്‌ വെറുതെ പറഞ്ഞതല്ല. പിന്നീട് അച്ഛൻ ജീവിച്ചത് മുഴുവൻ അമ്മക്ക് വേണ്ടി ആയിരുന്നു.

മരുന്നുമായി അഡ്ജസ്റ്റഡ് ആവാൻ അമ്മയുടെ ശരീരം ഒരുപാട് നാളെടുത്തു. രൂപം തന്നെ മാറിപ്പോയി. തന്നോട് ദൈവം കാണിച്ച അനീതിക്ക് പകരം ലോകത്തോട് മുഴുവൻ ദേഷ്യം കാണിച്ച അമ്മയുടെ കൂടെ ജീവിക്കുക ഒട്ടും എളുപ്പമായിരുന്നില്ല. അങ്ങേയറ്റം ക്ഷമയോടെ, തന്റെ ശരീരത്തിന്റെ ഓരോ കോശങ്ങൾ കൊണ്ടും അച്ഛൻ അമ്മയെ സ്നേഹിച്ചു. ഒരു നിഴലുപോലെ കൂടെ നടന്നു. ദേഷ്യ നിയന്ത്രണ മാർഗങ്ങൾ രൂപപ്പെടുത്തിയ അമ്മക്ക് വേണ്ടി ലോകത്തോടും നാട്ടുകാരോടും വീട്ടുകാരോടും മുഴുവൻ പടവെട്ടി.

ഫെബ്രുവരി 14, 2023. അവരുടെ അമ്പതാം വിവാഹവാർഷികം ആയിരുന്നു.

Promises are meant to be kept, whatever the cost may be.

That smile on his face...so rare... That says that all.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:valentines daysocial media
News Summary - ‘We will celebrate 50th anniversary together’; The story of love and determination
Next Story