‘പഠിച്ചതാണ് ഞങ്ങൾ ചെയ്ത കുറ്റം’
text_fieldsഅക്ഷരമുറ്റങ്ങളിലേക്ക് ഇവരെ ക്ഷണിച്ചുവരുത്തുകയെന്നത് കടുത്ത വെല്ലുവിളിയായി കരുതുന്ന കാലം. അങ്ങേയറ്റം പാർശ്വവത്കരിക്കപ്പെട്ട ആദിവാസി ജനതയെ അൽപമെങ്കിലും സമുദ്ധരിക്കാൻ വിദ്യാഭ്യാസം മാത്രമേ വഴിയുള്ളൂവെന്ന് നമ്മൾ കാലങ്ങളായി കൊട്ടിഘോഷിച്ചുകൊണ്ടിരിക്കുകയാണ്.
കൊഴിഞ്ഞുപോക്കിെൻറ കഥകൾക്കും കോളനികളിലെ ദുരിതജീവിതങ്ങൾക്കുമിടയിൽ, അതിപിന്നാക്കമായ ഗോത്രവിഭാഗങ്ങളിൽനിന്ന് ഉന്നതവിദ്യാഭ്യാസ യോഗ്യതകൾ ആർജിച്ചെടുത്ത ഒരുപറ്റം മിടുക്കന്മാരുണ്ട്. മത്സരം മുറുകുന്ന ലോകത്ത് പക്ഷേ, ഇവർ ജീവിതപരീക്ഷകളിൽ തളർന്നുപോവുകയാണ്. ബിരുദാനന്തര ബിരുദവും അതിനപ്പുറവുമുള്ള യോഗ്യതകൾ കൂട്ടുണ്ടായിട്ടും പഴകിത്തേഞ്ഞ സംവരണ വ്യവസ്ഥിതിയിൽ അടിതെറ്റി വർഷങ്ങളായി ഇവർ സ്ഥിരജോലിയില്ലാതെ അലയുന്നു. ജനറൽ കാറ്റഗറിക്കാർക്കൊപ്പം മത്സരിക്കാൻവരെ പ്രാപ്തിയുള്ള ചില സമുദായങ്ങൾ പട്ടികവർഗ അക്കൗണ്ടിൽ സർക്കാർ ജോലികളൊക്കെ കരഗതമാക്കുമ്പോൾ പണിയനും അടിയനും കാട്ടുനായ്ക്കനും ഇരുളനും ഈരാളിയുമൊക്കെ സർക്കാർ ജോലിക്ക് തീണ്ടാപ്പാടകലെതന്നെയാണിപ്പോഴും.
വിദ്യകൊണ്ടും ശക്തരാവാൻ കഴിയാതെപോകുന്ന പിന്നാക്ക ആദിവാസി യുവതയുടെ നിസ്സഹായതയെക്കുറിച്ച് ‘മാധ്യമം’ ലേഖകൻ എൻ.എസ്. നിസാർ നടത്തുന്ന അന്വേഷണം
പുൽപള്ളി ഇരുളം ചുണ്ടക്കൊല്ലി കാട്ടുനായ്ക്ക കോളനിയിലെ വിജയൻ-^ലീല ദമ്പതികളുടെ ഏക മകനാണ് പ്രജോദ്. കാലടി വാഴ്സിറ്റിയുടെ പയ്യന്നൂർ സെൻററിൽനിന്ന് സാമൂഹിക പ്രവർത്തനത്തിൽ ബിരുദാനന്തരബിരുദം നേടിയതോടെ കാലത്തിന് മായ്ക്കാൻ കഴിയാത്തൊരു ചരിത്രനേട്ടമാണ് പ്രജോദ് കുറിച്ചിട്ടത്. പ്രാക്തന ഗോത്രവിഭാഗങ്ങളിൽ ഏറെ പിന്നാക്കമായ കാട്ടുനായ്ക്കരിൽ ആ നേട്ടം കൈവരിക്കുന്ന ആദ്യയാളെന്ന വിശേഷണം പ്രജോദിനെ തേടിയെത്തി.
ഇനി നമുക്ക് ഇ.ബി. അനീഷിനെ പരിചയപ്പെടാം. വയനാട് പുൽപള്ളി ചീയമ്പം കോളനിയിലാണ് അനീഷിെൻറ വീട്. കാലടി സർവകലാശാലയുടെ പയ്യന്നൂർ സെൻററിൽനിന്ന് അനീഷ് എം.എസ്.ഡബ്ല്യു പഠനം പൂർത്തിയാക്കിയതോടെ പിറന്നതും പുതുചരിത്രം. കേരളത്തിൽതന്നെ ആദിവാസി വിഭാഗങ്ങളിൽ ഏറ്റവും പിന്നാക്കംനിൽക്കുന്ന പണിയ സമുദായത്തിൽനിന്ന് എം.എസ്.ഡബ്ല്യു പാസാകുന്ന ആദ്യത്തെയാളെന്ന പകിട്ടാണ് അനീഷിന് സ്വന്തമായത്.
ഇവർ രണ്ടുപേരും വലിയ പ്രതീകങ്ങളാണ്. കൊഴിഞ്ഞുപോക്ക് തടയാനും ഗോത്രസമുദായങ്ങളെ വിദ്യാഭ്യാസപരമായി സംസ്കരിച്ചെടുക്കാനും കോടിക്കണക്കിന് രൂപ വർഷാവർഷം ചെലവഴിക്കുന്ന നാട്ടിൽ അധികാരിവർഗത്തിന് എടുത്തുകാട്ടാൻ പോന്ന ലക്ഷണമൊത്ത ഉദാഹരണങ്ങൾ. കോളനികളിലെ പ്രതികൂല ജീവിതാവസ്ഥകളോടും പൊതുസമൂഹത്തിെൻറ അവമതിയോടും പടവെട്ടി ഈ മിടുക്കന്മാർ വെട്ടിപ്പിടിച്ചെടുത്തത് അത്രമേൽ തിളക്കമാർന്ന വിജയമുദ്രകൾതന്നെയായിരുന്നു. ഹൈസ്കൂളിെൻറ പടികടന്നവർ വിരളമായ സമുദായങ്ങളിൽ ഈ ഉയരങ്ങളിലേക്ക് ചവിട്ടിക്കയറാൻ വേണ്ടിവന്ന നിശ്ചയദാർഢ്യം അനൽപമായിരുന്നുവെന്ന് ഇവർ സാക്ഷിപറയും.
സമൂഹത്തിന് മുമ്പാകെ അവരവരുടെ ഗോത്രങ്ങൾ അങ്ങേയറ്റത്തെ അഭിമാനബോധത്തോടെ ഉയർത്തിക്കാട്ടിയ പ്രജോദും അനീഷും പക്ഷേ, വർഷങ്ങളായി സ്ഥിരജോലിയില്ലാതെ അലയുകയാണ്. പ്രജോദ് വയനാട്ടിൽ കമ്മിറ്റഡ് സോഷ്യൽ വർക്കറുടെ താൽക്കാലിക ജോലിയുമായി കഴിഞ്ഞുകൂടുമ്പോൾ അനീഷ് ഇന്ന് തൊഴിൽരഹിതനാണ്. പ്രജോദിനൊപ്പം കമ്മിറ്റഡ് സോഷ്യൽ വർക്കറായിരുന്ന അനീഷിന് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിെൻറ കളരിയിൽ ഭാഗ്യപരീക്ഷണത്തിനിറങ്ങിയപ്പോൾ ജോലി രാജിവെക്കേണ്ടിവന്നു. പി.എസ്.സി ക്ഷണിക്കുന്ന മത്സരപരീക്ഷകളൊക്കെ എഴുതിയിട്ടും ഈ മിടുക്കന്മാർക്ക് സ്ഥിരജോലി എന്നത് സ്വപ്നം മാത്രമായി അവശേഷിക്കുന്നു. പ്രജോദാകട്ടെ, എം.എസ്. ഡബ്ല്യു പൂർത്തിയാക്കിയശേഷം നാലുവർഷം സ്കൂൾതലത്തിൽ താൽക്കാലിക കൗൺസിലറുടെ ജോലിയെടുത്തു. അടുത്ത ഒരു വർഷം സുൽത്താൻ ബത്തേരിയിലെ സന്നദ്ധസംഘടനക്ക് കീഴിൽ ൈട്രബൽ ഡെവലപ്മെൻറ് കോഓഡിനേറ്റർ. തുടർന്ന് പത്തനംതിട്ടയിൽ ആർ.സി.എച്ച് േപ്രാജക്ടിൽ ഒരു വർഷത്തോളം. ഇപ്പോൾ മൂന്നു വർഷമായി കമ്മിറ്റഡ് സോഷ്യൽ വർക്കർ. പത്തുവർഷത്തോളം താൽക്കാലിക ജോലികളുടെ അനുഭവ സമ്പത്തുണ്ടായിട്ടും ഈ കാട്ടുനായ്ക്ക യുവാവിന് സ്ഥിരജോലിയെന്നത് സ്വപ്നം മാത്രം.
അനീഷിനെയും പ്രജോദിനെയും പോലെ ഇനിയുമൊരുപാടുപേരുണ്ട്. കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ് വിഷയമായി ബി.ടെക് പാസായ സുരേഷ് പണിയ വിഭാഗക്കാരനായ ആദ്യ എൻജിനീയറെന്ന നേട്ടത്തിലേക്ക് ജയിച്ചുകയറിയെങ്കിലും തുച്ഛവേതനത്തിന് താൽക്കാലിക ജോലിക്കാരനായി തുടരുന്നു. പണിയസമുദായത്തിലെ ആദ്യ എം.ബി.എക്കാരനായ മാനന്തവാടി പായോട് സ്വദേശി മണികണ്ഠനും സ്ഥിരജോലിയില്ലാതെ അലയാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കാസർകോട് മാലക്കല്ല് പൂക്കുന്നത്തെ മാവിലൻ സമുദായക്കാരനായ ആർ. കുഞ്ഞിക്കണ്ണനും വയനാട് പൂതാടി എരുമത്താരി കുറുമ കോളനിയിലെ എ.എം. പ്രസാദും വൈത്തിരിയിലെ ചേരിക്കുന്ന് പണിയ സമുദായക്കാരനായ അനുരഞ്ജിത്തുമെല്ലാം ബിരുദാനന്തര ബിരുദവുമായി മേൽപറഞ്ഞവരുടെ വഴിയേതന്നെയാണ്.
10ാം ക്ലാസ് പാസായാൽ പട്ടികവർഗ വിഭാഗക്കാർക്ക് പാട്ടുംപാടി സർക്കാർ ജോലി കിട്ടുമെന്ന പൊതുസമൂഹത്തിെൻറ മുൻധാരണകളാണ് നിർഭാഗ്യവശാൽ കുറച്ചുകാലമായി തകർന്നടിഞ്ഞുപോകുന്നത്. ഏറെ തലമുറകൾക്കുമുമ്പേ മതംമാറിയ ചില സമുദായങ്ങൾ ഇപ്പോഴും പട്ടികവർഗക്കാരുടെ അക്കൗണ്ടിൽ കയറിപ്പറ്റി റാങ്ക് ലിസ്റ്റിൽ അനായാസം മുൻനിരയിൽ ഇടംപിടിക്കുമ്പോൾ പണിയനും ഇരുളനും അടിയനും കാട്ടുനായ്ക്കനുമൊക്കെ പിന്തള്ളപ്പെടുന്നത് പതിവ് കാഴ്ചയായി മാറുകയാണ്.
വേണ്ടത്ര സംവരണമുണ്ടായിട്ടും നിങ്ങൾക്കൊന്നും ജോലി കിട്ടാത്തതെന്തുകൊണ്ടെന്ന ചോദ്യങ്ങൾക്ക് വയനാട്ടിലും പാലക്കാട്ടും ഇടുക്കിയിലും കാസർകോട്ടുമൊക്കെയുള്ള വിദ്യാസമ്പന്നരായ ആദിവാസി യുവാക്കൾ മറുപടി പറഞ്ഞ് മടുത്തു. ജോലിയെന്ന കടമ്പയിൽ തുടരെ കാലിടറി വീണുപോവുമ്പോൾ അവരിപ്പോൾ പറയുന്നതിങ്ങനെ: ‘‘പഠിച്ചതാണ് ഞങ്ങൾ ചെയ്ത കുറ്റം.’’
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
