നമ്മുടെ കുട്ടികളെ നമ്മള്‍ കൊലക്ക് കൊടുക്കരുത്- വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: നമ്മുടെ കുട്ടികളെ നമ്മള്‍ കൊലക്ക് കൊടുക്കരുതെന്ന് പ്രിതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ യുവത്വം ലഹരിയുടെ മയക്കത്തിലേക്ക് വഴുതി വീഴുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ഉള്‍പ്പെടെ കേരളത്തിലേക്ക് ലഹരിയുടെ ഒഴുക്കാണ്. എം.ഡി.എം.എയും എല്‍.എസ്.ഡി സ്റ്റാമ്പുകളും ഉള്‍പ്പെടെയുള്ള രാസലഹരിയാണ് കേരളത്തിലേക്ക് വരുന്നത്. പഴയ കഞ്ചാവിന്റെ കാലമൊക്കെ പോയി. കഞ്ചാവിന്റെ ഉപയോഗം കുറയാന്‍ കാരണം തന്നെ രാസലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയതാണ്. രാസലഹരിക്ക് അടിമകളാകുന്നവര്‍ ജീവിതത്തിലേക്ക് മടങ്ങി വരുന്നില്ല. മരണത്തിലേക്കുള്ള യാത്രയാണ് തുടങ്ങുന്നത്.
സ്‌കൂളുകളിലും കോളജുകളിലും ഹോസ്റ്റലുകളിലും പൊതുസ്ഥലത്തും ബീച്ചുകളിലും ഹോട്ടലുകളിലും ഒഴിഞ്ഞ് കിടക്കുന്ന വീടുകളിലുമൊക്കെ രാസലഹരി വസ്തുക്കള്‍ സുലഭമാണ്. എവിടെ നിന്നാണ് ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ ഇത്രയും ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് വരുന്നത്? വളരെ കുറച്ചു മാത്രമെ പിടിക്കപ്പെടുന്നുള്ളൂ. ചുരം കടന്നും അതിര്‍ത്തി കടന്നും ട്രെയിനിലും കൊറിയറിലുമൊക്കെയാണ് ലഹരി വസ്തുക്കള്‍ കേരളത്തിലേക്ക് ഒഴുകുന്നത്. ഒരു സ്ഥലത്തും അതിനെ തടയാനോ നിയന്ത്രിക്കാനോ കഴിയുന്നില്ല. പിടിക്കുന്ന ലഹരി വസ്തുക്കളും കേരളത്തിലേക്ക് എത്തുന്നതും തമ്മില്‍ ഒരു താരതമ്യവും ഇല്ല.
ഇതിന്റെ പിന്നില്‍ മാഫിയ ഉണ്ടെന്നാണ് പറയുന്നത്. ഇതൊരു അന്താരാഷ്ട്ര പ്രതിഭാസം ആണെന്ന വിലയിരുത്തലിലേക്കൊന്നും പോകുന്നില്ല. ചില കാര്യങ്ങളില്‍ നിന്നും രക്ഷപ്പെടുന്നതിന് വേണ്ടിയുള്ള കൗശലപൂര്‍വമായ പ്രയോഗമാണത്. കേരളത്തിലെ യുവത്വത്തെ വഴിതെറ്റിക്കുന്ന മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ആ മാഫിയയെ പുറത്തുകൊണ്ടു വരേണ്ട ചുമതല ആര്‍ക്കാണ്? എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്?
ഇതേ വിഷയം 2022 ലും പ്രതിപക്ഷം ഗൗരവത്തോടെ കൊണ്ടുവന്നു. അന്ന് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. എല്ലാ കാര്യത്തിലും പ്രതിപക്ഷം പിന്തുണ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അതിനെ അഭിനന്ദിച്ചു. നമുക്ക് ഒന്നിച്ച് തുടങ്ങാമെന്നും പറഞ്ഞു. മൂന്നു വര്‍ഷമായിട്ടും എന്താണ് ഒരുമിച്ച് തുടങ്ങിയത്? വിമുക്തിയാണോ? ബോധവത്ക്കരണത്തിന്റെ പേരില്‍ എക്‌സൈസ് കുറെ ഫോട്ടോ എടുക്കും. അവരെക്കൊണ്ട് അതു മാത്രമെ സാധിക്കൂ. എന്‍ഫോഴ്‌സ്‌മെന്റ് നടക്കുന്നില്ല. ബോധവത്ക്കരണം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ?
2022 ല്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടായിരുന്നതിന്റെ പതിന്‍മടങ്ങ് വര്‍ധിച്ചില്ലേ? എവിടെ ചെന്നാലും പരാതിയാണ്. നൂറിലൊന്ന് സംഭവങ്ങള്‍ പോലും പുറത്തു വരുന്നില്ല. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും പലതും പുറത്തു പറയില്ല. അക്രമം വര്‍ധിച്ചില്ലേ? അക്രമം മാത്രമല്ല, അക്രമത്തിന്റെ രീതി തന്നെ മാറി. എത്ര ക്രൂരമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണ് നടക്കുന്നത്? കോട്ടയത്ത് നിലത്തു വീണ പൊലീസുകാരന്റെ നെഞ്ചില്‍ ചവിട്ടി വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തില്‍ കയറിയാണ് മരണം സംഭവിച്ചത്.
മൂന്നു പെണ്‍കുട്ടികളാണ് ആ കുടുംബത്തില്‍. ചേന്ദമംഗലത്ത് വീട്ടില്‍ കയറിയാണ് ആറാം ക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ മുന്നില്‍ വച്ച് അച്ഛന്‍ ഉള്‍പ്പെടെ മൂന്നു പേരെ വെട്ടിയത്. അതില്‍ രണ്ടു പേര്‍ മരിച്ചു. ആ കുഞ്ഞ് എന്റെ നെഞ്ചത്ത് ചേര്‍ന്ന് നിന്നാണ് കരഞ്ഞത്. അവരോടൊക്കെ എന്താണ് മറുപടി പറയേണ്ടത്. നിരവധി തവണ പരാതി പറഞ്ഞപ്പോള്‍ പ്രതിയെ വിളിച്ച് ശാസിച്ച് വിട്ടതിനു പിന്നാലെയാണ് വീട്ടില്‍ കയറി കൊലപാതകം നടത്തിയത്. ഈ കുഞ്ഞുങ്ങളോട് എന്ത് മറുപടിയാണ് പറയാന്‍ പറ്റുന്നത്?
ലഹരിയുടെ ഉപയോഗം നിയന്ത്രണം വിട്ടു പോകുന്ന തരത്തിലേക്ക് വര്‍ധിച്ചിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം മറച്ചു വച്ച് ഉറക്കം നടിച്ചിട്ട് കാര്യമില്ല. എക്‌സൈസില്‍ ആകെ കുറച്ച് ജീവനക്കാരും കുറച്ച് സംവിധാനങ്ങളും മാത്രമെയുള്ളൂ. ആ സംവിധാനങ്ങള്‍ മുഴുവന്‍ കാമ്പയിനിംഗിന് ഉപയോഗിക്കുകയാണ്. എന്‍ഫോഴ്‌സ്‌മെന്റാണ് പ്രധാനം. എല്ലാ ശക്തിയും ഉപയോഗിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്. എവിടെയെല്ലാ തടയാന്‍ പറ്റുമോ അവിടെയൊക്കെ തടയണം. എക്‌സൈസിന് ഒരു ഇന്റലിജന്‍സുണ്ടോ? ഒരു കേസ് പിടിച്ചാല്‍ അതിന്റെ സോഴ്‌സ് എവിടെയാണെന്ന് അന്വേഷിച്ചു പോകാനുള്ള ഒരു സംവിധാനം പോലുമില്ല.
മറ്റൊരാളോട് പറയാന്‍ പോലും പറ്റാത്ത തരത്തിലുള്ള സംഭവങ്ങളാണ് കുടുംബത്തിനകത്തും പുറത്തും നടക്കുന്നത്. 2022-ല്‍ എല്ലാവരും ചേര്‍ന്നുള്ള ഒരു ചെറുത്തുനില്‍പ്പ് വേണമെന്ന് പറഞ്ഞു. എന്നിട്ട് എന്തുണ്ടായി? ഒരു വ്യത്യാസവും ഉണ്ടായില്ല. പരമ്പരാഗതമായി ചെയ്യുന്ന രീതിക്ക് അപ്പുറത്തേക്ക് ഒന്നും ചെയ്യുന്നില്ല. കുഞ്ഞുങ്ങളെ ഇങ്ങനെ കൊലക്ക് വിട്ടുകൊടുത്താല്‍ മതിയോ? ഇനിയെങ്കിലും ഗൗരവത്തോടെ അതേക്കുറിച്ച് ചിന്തിക്കണം.
ഉത്തരവാദിത്ത ബോധത്തോടെയാണ് പ്രതിപക്ഷം ഈ വിഷയം അവതരിപ്പിച്ചത്. കേട്ടാല്‍ ചങ്ക് തകര്‍ന്നു പോകുന്ന കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. നമ്മുടെ കേരളത്തെ മയക്കുമരുന്ന് മാഫിയക്ക് വിട്ടുകൊടുക്കാന്‍ സാധിക്കില്ലെന്ന ഉറച്ച നിലപാടോടെയുള്ള ഗൗരവതരമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വി.ഡി സതീശൻ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

