ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ അവരുടെ ശബ്ദമായി മാറണം -പ്രിയങ്ക ഗാന്ധി
text_fieldsവണ്ടൂർ (മലപ്പുറം): യു.ഡി.എഫിന്റെ പോരാട്ടം രണ്ടു തലത്തിലാണെന്നും ഭരണഘടനയെ സംരക്ഷിക്കുന്നതും ഇന്ത്യയുടെ അന്തസ്സത്തയെ നിലനിർത്തുന്നതുമാണ് ഒരു തലമെങ്കിൽ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ അവരുടെ ശബ്ദമായി മാറുക എന്നതാണ് രണ്ടാമത്തേതെന്നും പ്രിയങ്ക ഗാന്ധി എം.പി.
വണ്ടൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് ബൂത്ത് തല നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഇന്ത്യയുടെ ചരിത്രത്തിൽ രാജ്യത്തിന്റെ ഭരണഘടന തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടം ഉണ്ടായിട്ടില്ല. പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ കേസുകളിൽപെടുന്നതും സമ്മർദ്ദമുണ്ടാകുന്നതും സാധാരണ പ്രവർത്തകർക്കാണ്. തന്റെ തെരഞ്ഞെടുപ്പിൽ വീട് വീടാന്തരം കയറി നടത്തിയ കഠിനപ്രയത്നത്തിന്റെ ഫലമാണ് ഈ വിജയം. അത് സാധാരണ പ്രവർത്തകർക്ക് അവകാശപ്പെട്ടതാണ് എന്ന് പ്രിയങ്ക പറഞ്ഞു. വലുതും ചെറുതുമായ ഒട്ടേറെ ദൈനംദിന പ്രശ്നങ്ങൾ ഓരോ പ്രദേശങ്ങളിലും ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ആ പ്രശ്നങ്ങൾ ഏറ്റെടുത്ത് നേതൃത്വത്തിന്റെയും തന്റെയും ശ്രദ്ധയിൽ കൊണ്ടുവരണമെന്ന് പ്രിയങ്ക പ്രവർത്തകരോട് അഭ്യർഥിച്ചു. തനിക്കു തെറ്റുകൾ ഉണ്ടായാൽ തിരുത്തുകയും വിമർശിക്കുകയും വേണം. വ്യത്യസ്തമായി ചെയ്യേണ്ടതുണ്ടെങ്കിൽ അതും യാതൊരു സങ്കോചവും ഇല്ലാതെ തന്റെ ശ്രദ്ധയിൽ കൊണ്ടുവരണം .
രണ്ടു മാസങ്ങൾക്കുള്ളിൽ അഞ്ചു മനുഷ്യ ജീവനുകളാണ് വന്യ ജീവികളുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്. അധികൃതർക്ക് പരിഹാരം കാണാനുള്ള സദുദ്ദേശ്യം ഉണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തത തടസ്സമാണ്. ഇതിന് കേന്ദ്ര സംസ്ഥാന സർക്കാറുകളിൽ സമ്മർദം ചെലുത്തും. സി.എസ്.ആർ ഫണ്ട് സമാഹരിക്കാൻ ശ്രമിക്കുമെന്നും അവർ ഉറപ്പ് നൽകി.
യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാൻ പി. ഖാലിദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.പി. അനിൽ കുമാർ എം.എൽ.എ., ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, എ.ഐ.സി.സി അംഗം ഇ. മുഹമ്മദ് കുഞ്ഞ് മാസ്റ്റർ, മുസ്‍ലിം ലീഗ് നിയോജകമണ്ഡലം സെക്രട്ടറി മജീദ് തുവ്വൂർ, കേരള കോൺഗ്രസ് (ജേക്കബ്) നേതാവ് ടി.ഡി. ജോയ്, കെ.ടി. അജ്മൽ, കളത്തിൽ കുഞ്ഞാപ്പു ഹാജി, കെ.സി. കുഞ്ഞ് മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

