അഴിമതി തീരെയില്ലാത്ത കേരളമാണ് വേണ്ടത്; അഴിമതിക്കാരോട് ദയയുമുണ്ടാവില്ലെന്ന് മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: അഴിമതിയെക്കുറിച്ച് പഠനം നടത്തിയപ്പോൾ രാജ്യത്ത് ഏറ്റവും കുറവ് കേരളത്തിലാണെന്ന് കണ്ടതിൽ സന്തോഷമുണ്ടെങ്കിലും അഴിമതി തീരെയില്ലാത്ത സംസ്ഥാനമായാലേ പൂർണമായി സന്തോഷിക്കാനാവുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാറിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ എല്ലാ താലൂക്കുകളിലും നടത്തുന്ന അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കമ്പ്യൂട്ടർ സാക്ഷരതയില്ലെങ്കിൽ സമ്പൂർണ സാക്ഷരത കൊണ്ട് കാര്യമില്ല. എല്ലാവരെയും കമ്പ്യൂട്ടർ സാക്ഷരതയിലെത്തിക്കാൻ പദ്ധതി ആവിഷ്‍കരിക്കും. സാക്ഷരത പ്രവർത്തനം പോലെ കമ്പ്യൂട്ടർ സാക്ഷരത പ്രവർത്തനവും വരും. അതിന് ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകും. സർക്കാർ സർവിസിൽ ചേരുന്നതിന് മുമ്പ് ഇതിനുള്ള പരിശീലനം നിർബന്ധമാക്കും.
അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന പദവിയല്ല, തീരെയില്ലാതായി മാറുകയാണ് വേണ്ടത്. എല്ലാ തലത്തിലും അത്തരമൊരന്തരീക്ഷമുണ്ടാവണം. ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് അഴിമതി അവഗണിക്കാനാവില്ല. സർവിസ് മേഖലയിൽ ഏതാനും ചില അഴിമതിക്കാരുണ്ട്. അവരെ കൂട്ടായി ഇടപെട്ട് തിരുത്തിക്കണം. അല്ലെങ്കിൽ അവരനുഭവിക്കേണ്ടത് അനുഭവിക്കാൻ വിടണം. അഴിമതിക്കാരോട് ദാക്ഷിണ്യവും ദയയുമുണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളിൽ 785ഉം ആദ്യ വർഷം തുടങ്ങാനായി. പുതിയ പ്രോഗ്രസ് റിപ്പോർട്ട് ഉടൻ ഇറക്കും. അദാലത്തിൽ മൊത്തം 47,952 പരാതികൾ കിട്ടിയതിൽ 13,945 എണ്ണം തിരുവനന്തപുരത്താണെന്നും തദ്ദേശ സ്വയംഭരണ വകുപ്പിലാണ് ഏറ്റവും പരാതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 16,524 പരാതിയാണ് തദ്ദേശ വകുപ്പിലുള്ളത്. ദീർഘനാളായുള്ള പരാതികളിൽ പോസിറ്റിവായി തീരുമാനമെടുക്കണം. സർക്കാറിന്റെ ഉദ്ദേശ്യം ഉദ്യോഗസ്ഥർ കൃത്യമായി മനസ്സിലാക്കണം. നെഗറ്റിവ് സമീപനമെടുക്കരുതെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. പരാതിക്കാർ ഔദാര്യത്തിനും കാരുണ്യത്തിനും അപേക്ഷിച്ച് വന്നതല്ല, അവകാശത്തിന് വന്നവരാണെന്ന ബോധ്യം അധികാരിക്കുണ്ടാവണം. 2016ൽ ഓരോ ഫയലും ഓരോ ജീവിതമാണെന്ന് പറഞ്ഞുള്ള തുടക്കത്തിന് നല്ല ഫലമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

