സമസ്തയുടെ പാരമ്പര്യം പണ്ഡിത–ഉമറാ സഹകരണമെന്ന് സാദിഖലി തങ്ങൾ; ‘സമൂഹത്തിൽ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം’
text_fieldsഎസ്.എം.എഫ് മഹല്ല് സാരഥി സംഗമവും ‘സകൻ 100’ ഭവനങ്ങളുടെ സമർപ്പണ സംഗമവും സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട്: പണ്ഡിതന്മാരും ഉമറാക്കളും കൈകോർത്തു പ്രവർത്തിച്ച പാരമ്പര്യമാണ് സമസ്തയുടേതെന്നും ഉമറാക്കൾ പിന്നിൽ നിർത്തപ്പെടേണ്ടവരല്ല, പണ്ഡിതന്മാരോടൊപ്പം ചേർന്ന് മുന്നിൽനിന്നു പ്രവർത്തിക്കേണ്ടവരാണെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സമസ്തയുടെ 100-ാം വാർഷികത്തിന്റെയും സുന്നി മഹല്ല് ഫെഡറേഷൻ (എസ്.എം.എഫ്) ഗോൾഡൻ ജൂബിലിയുടെയും ഭാഗമായി എസ്.എം.എഫ് സംസ്ഥാന കമ്മിറ്റി ഉള്ള്യേരിയിൽ സംഘടിപ്പിച്ച സംസ്ഥാന മഹല്ല് സാരഥി സംഗമവും ‘സകൻ 100’ ഭവന സമർപ്പണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ ഐക്യം തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം. സമസ്തയുടെ പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കാൻ മഹല്ല് ഭാരവാഹികൾ മുന്നോട്ടുവരണം. മഹല്ല് സംവിധാനങ്ങൾ ശക്തിപ്പെടുത്തിയാലേ സംഘടനയുടെ ആശയാദർശങ്ങൾ സമൂഹത്തിലേക്ക് ഫലപ്രദമായി പകരാനാവൂവെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
എസ്.എം.എഫ് മീഡിയ വിഭാഗമായ ‘എസ്.എം.എഫ് ട്രൂ നെറ്റ്’ ലോഞ്ചിങ്ങും തങ്ങൾ നിർവഹിച്ചു. മഹല്ല് സാരഥി സംഗമത്തിൽ സ്വാഗതസംഘം ചെയർമാൻ എം.സി. മായിൻ ഹാജി അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയർമാൻ ഹൈദ്രൂസ് തുറാബ് തങ്ങൾ പതാക ഉയർത്തി. എസ്.എം.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി യു. മുഹമ്മദ് ഷാഫി ഹാജി, അബ്ദുൽ റഹ്മാൻ കല്ലായി, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ് വി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

