ഇത് കലുഷിതമായ കാലം, സാഹോദര്യം തകര്‍ക്കാനുള്ള ശ്രമങ്ങളെ കരുതിയിരിക്കണം -സാദിഖലി തങ്ങള്‍
text_fieldsകോഴിക്കോട്: കലുഷിതമായ കാലമാണിതെന്നും നാടിന്റെ സാഹോദര്യവും സമാധാനവും തകര്‍ക്കാനുള്ള ശ്രമങ്ങളെ യുവത്വം കരുതിയിരിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുവസമൂഹത്തിന്റെ ഇടപെടലുകളെ പൊതുസമൂഹം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. അരാജകത്വത്തിനും അരാഷ്ട്രീയ വാദത്തിനുമെതിരെ യുവസമൂഹം ഇടപെടണം. ജനാധിപത്യമാര്‍ഗത്തിലും അതിരുവിടാതെയുമാണ് പ്രതിഷേധങ്ങളും ഇടപെടലുകളും ഉണ്ടാവേണ്ടത്. നാടിന്റെ പൈതൃകവും സംസ്‌കാരവും നിലനിര്‍ത്തണം. രാജ്യതാല്‍പര്യങ്ങളും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ യുവസമൂഹം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് സംസ്ഥാന കമ്മിറ്റി ഓഫിസില്‍ നടന്ന കൗണ്‍സില്‍ മീറ്റില്‍ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്‍ലിം ലീഗ് അഖിലേന്ത്യ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി, രാജ്യസഭ എം.പി ഹാരിസ് ബീരാന്‍ എന്നിവർ സംസാരിച്ചു.

