വയനാട്ടുകാരുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാൻ ഞങ്ങളില്ല; രാഹുൽ മാങ്കൂട്ടത്തിലിന് മറുപടിയുമായി വി.കെ സനോജ്
text_fieldsതിരുവനന്തപുരം: വയനാട്-മുണ്ടക്കൈ-ചൂരൽമല പുനരധിവാസവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ്. വയനാട് വീട് നിർമാണ പദ്ധതിയെ കുറിച്ച് ഡി.വൈ.എഫ്.ഐ ആലോചിച്ച സന്ദർഭത്തിൽ ദുരിത ബാധിതർക്ക് ഔദാര്യമായി തോന്നാതെ
പകരം സർക്കാരിൽ നിന്ന് ലഭിക്കേണ്ട അവകാശമായി തോന്നണം എന്ന കാഴ്ചപ്പാടാണ് തങ്ങളെ നയിച്ചതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ വി.കെ സനോജ് പറഞ്ഞു.
അതിനാൽ സർക്കാർ നിർമാണം ആരംഭിച്ച ടൗൺഷിപ്പിൽ ഒരു വീടിന്20 ലക്ഷം വച്ച് 100 വീടിൻ്റെ നിർമാണ ചിലവായ 20 കോടി രൂപ സംസ്ഥാന സർക്കാറിന് കൈമാറുകയാണ് ഡി.വൈ.എഫ്.ഐ ചെയ്തത്. അല്ലാതെ നേരിട്ട് വീട് വച്ച് കൊടുത്ത് ഡി.വൈ.എഫ്ഐ ഗ്രാമം ഉണ്ടാക്കാനോ അവരുടെ ആത്മാഭിമാനത്തിന് മുറിവേൽപ്പിക്കും വിധം പാർട്ടി / സംഘടനാ ചിഹ്നങ്ങൾ വീട്ടിൽ പതിപ്പിക്കാനോ
ഞങ്ങൾ ഉദ്ദേശിക്കുന്നേയില്ല. അതിനാൽ വീട് ലഭിക്കുന്ന ഗൃഹനാഥന്റെ പേരുകൾ സർക്കാരാണ് വെളിപ്പെടുത്തുകയെന്നും സനോജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡി.വൈ.എഫ്.ഐ പൂർത്തിയാക്കിയ വീട്ടിൽ താമസിക്കുന്ന ഗൃഹനാഥന്റെ പേര് പറയാമോയെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചിരുന്നു. ഡി.വൈ.എഫ്.ഐ വീട് നിർമാണം പൂർത്തിയാക്കിയെന്ന് ചില മാധ്യമങ്ങൾ പറയുന്നു. ഡി.വൈ.എഫ്.ഐ പൂർത്തിയാക്കിയ വീട്ടിൽ താമസിക്കുന്ന ഗൃഹനാഥന്റെ പേര് ഒന്ന് പറഞ്ഞു തരാമോയെന്നായിരുന്നു രാഹുലിന്റെ ചോദ്യം.
വീട് നിർമാണത്തിനായി പിരിച്ച പണം സർക്കാറിന് നൽകില്ലെന്നും കെ.പി.സി.സിക്ക് കൈമാറി നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ജൂലൈ അവസാനം കെ.പി.സി.സി വീട് നിർമാണം തുടങ്ങാനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

