ഞങ്ങൾക്കും സന്തോഷം, വി.എസിന്‍റെ പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ സ്വാഗതം ചെയ്ത് എം.വി ഗോവിന്ദൻ
text_fieldsതിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷണ്‍ നല്‍കിയതിനെ സ്വാഗതം ചെയ്ത് സി.പി.എം. അംഗീകാരത്തില്‍ കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും സന്തോഷമുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞു.
'മുമ്പ് പാർട്ടി നേതാക്കൻമാർ അവരവരുടെ നിലപാട് അനുസരിച്ചാണ് അതിനോട് പ്രതികരിച്ചിട്ടുള്ളത്. ഇപ്പോൾ വി.എസില്ല. അദ്ദേഹത്തിന്‍റെ കുടുംബം സ്വാഗതം ചെയ്തിട്ടുണ്ട്. അതോടൊപ്പം ഞങ്ങൾക്കും അത് സന്തോഷമാണ്. ഞങ്ങൾ സ്വാഗതം ചെയ്യുന്നു'. എം.വി ഗോവിന്ദന്‍ പറഞ്ഞു.
വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ പ്രഖ്യാപിച്ചതിൽ സി.പി.എം എന്ത് നിലപാട് സ്വീകരിക്കുമെന്ന് ആകാംക്ഷയോടെ ഏവരും ഉറ്റുനോക്കിയിരുന്നു.
അവാർഡുകൾ നിരസിക്കുന്ന സി.പി.എമ്മിന്റെ മുൻകാല നിലപാടുകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ ആശങ്ക. നരസിംഹറാവു സർക്കാരിന്റെ കാലത്ത് ഇ.എം.എസിന് പത്മവിഭൂഷൺ നൽകിയപ്പോൾ പാർട്ടിയും ഇ.എം.എസും പുരസ്‌കാരം നിരസിച്ചിരുന്നു. 1996 ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിനു ഭാരതരത്നം നൽകാൻ ആലോചന ഉണ്ടായിരുന്നു.
ജ്യോതിബസുവും പാർട്ടിയും പുരസ്‌കാരം സ്വീകരിക്കേണ്ടെന്ന നിലപാട് സ്വീകരിച്ചു. അതിനാൽ പ്രഖ്യാപിച്ചിരുന്നില്ല. ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് തന്നെ സി.പി.എം നേതാവ് ഹർകിഷൻ സിങ് സുർജിത്തിന് പത്മവിഭൂഷൺ നൽകാൻ ആലോചന ഉണ്ടായിരുന്നുവെങ്കിലും സ്വീകരിക്കില്ല എന്ന നിലപാട് അദ്ദേഹവും പാർട്ടിയും സ്വീകരിച്ചിരുന്നു. 2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യക്ക് പത്മഭൂഷൺ നൽകിയപ്പോഴും അദ്ദേഹം അത് നിരസിച്ചിരുന്നു. പുരസ്കാരങ്ങൾക്കായല്ല കമ്മ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തനമെന്നും ഭരണകൂടം നൽകുന്ന ബഹുമതികൾ കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ല എന്ന കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ പുരസ്ക്കാരങ്ങൾ നിരസിച്ചത്.
വി.എസും മമ്മൂട്ടിയും ഉള്‍പ്പെടെ എട്ടു മലയാളികള്‍ക്കാണ് ഇത്തവണ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

