ഡബ്ല്യു.സി.സി. വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി
text_fieldsകോഴിക്കോട്: വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യു.സി.സി) അംഗങ്ങള്‍ വനിതാ കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി. പാര്‍വതി തിരുവോത്ത്, പത്മപ്രിയ, ദീദി ദാമോദരന്‍, സയനോര അടക്കമുള്ളവരാണ് കോഴിക്കോട് ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചക്ക് എത്തിയത്.
സിനിമാ മേഖലയില്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ഡബ്ല്യ.സി.സി അവതരിപ്പിച്ചതെന്ന് കൂടിക്കാഴ്ചക്ക് ശേഷം വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷന്‍ തുടരന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തില്‍ അത്തരമൊരു ആവശ്യം ഡബ്ല്യു.സി.സി ഉന്നയിച്ചോ എന്ന ചോദ്യത്തിന്, അത്തരം ആവശ്യമൊന്നും ഡബ്ല്യു.സി.സി അംഗങ്ങള്‍ മുന്നോട്ടുവെച്ചിട്ടില്ലെന്നായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ മറുപടി.
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ആ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ദീദി ദാമോദരന്‍, അഞ്ജലി മേനോന്‍ എന്നിവര്‍ ആവശ്യപ്പെട്ടു.

