Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടവേള ബാബുവിന്‍റേത്...

ഇടവേള ബാബുവിന്‍റേത് ക്രൂരമായ പ്രസ്താവന; അവളുടേത് അസാധാരണമായ പോരാട്ടം- ഡബ്ല്യു.സി.സി

text_fields
bookmark_border
ഇടവേള ബാബുവിന്‍റേത് ക്രൂരമായ പ്രസ്താവന; അവളുടേത് അസാധാരണമായ പോരാട്ടം- ഡബ്ല്യു.സി.സി
cancel

കൊച്ചി: അസാധാരണമായ ശക്തിയോടെ നിർണായകമായ ഒരു പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നവളെ മരിച്ചവരോട് ഉപമിച്ച സെക്രട്ടറിയുടെ പരാമർശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂർണമായും വെളിവാക്കിയെന്ന് ഡബ്ല്യു.സി.സി. ഈ പോരാട്ടത്തിൽ ശക്തി പകർന്നുകൊണ്ട് എന്നും ഡബ്ല്യു.സി.സി എന്നും അവളോടൊപ്പം നിൽക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.

ആ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മധ്യത്തിൽ വലിച്ചിഴക്കുകയും സഹപ്രവർത്തകനായിരുന്ന കുറ്റാരോപിതനുമായി ചേർത്ത് പലതരത്തിലുള്ള ദുസ്സൂചനകൾ നൽകുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി

നടൻ സിദ്ദിക്കിനെതിരെ ഡബ്ല്യു.സി.സി അംഗം കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി ചാനൽ ചർച്ചയിൽ തള്ളി പറഞ്ഞു. നടൻ സിദ്ദിഖിന്‍റെ വിശദീകരണമാണ് വിശ്വസിക്കുന്നത് എന്ന് പറഞ്ഞ സെക്രട്ടറി സിനിമയിൽ എന്തെങ്കിലും ആവാൻ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും ജല്പനവുമാണ് നടിയുടെ ആരോപണമെന്നുകൂടി പറഞ്ഞു. സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും ഈ തൊഴിലിടത്തിന്റെ ജീർണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത് എന്ന് ഡബ്ല്യു.സി.സി പറഞ്ഞു.

ഡബ്ല്യു.സി.സിയുടെ പ്രസ്താവന:

അവൾ മരിച്ചിട്ടില്ല!

അവൾ തല ഉയർത്തി തന്നെ ഇവിടെ ജീവിച്ചിരിക്കുന്നു…! "മരിച്ചു പോയവരെ തിരിച്ചു കൊണ്ടുവരാൻ പറ്റുമോ " എന്ന എ.എം. എം. എ യുടെ ജനറൽ സെക്രട്ടറിയുടെ ചാനൽ ചർച്ചയിലെ പരാമർശത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.

മാധ്യമങ്ങൾ 'ഇര'യായി കണ്ടവളെ 'അതിജീവിച്ചവളാണെന്ന് 'പറഞ്ഞു കൊണ്ടായിരുന്നു WCC ചേർത്തു പിടിച്ചത്. എന്നാൽ അസാധാരണമായ മനശ്ശക്തിയോടെ മലയാള സ്ത്രീ ചരിത്രത്തിൽ നിർണ്ണായകമായ ഒരു പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നവളെ മരിച്ചവരോട് ഉപമിച്ച ബഹു. സെക്രട്ടറിയുടെ പരാമർശം ആ സംഘടനയുടെ സ്ത്രീവിരുദ്ധതയെ പൂർണ്ണമായും വെളിവാക്കുന്നതായിരുന്നു.

നിശ്ചലവും ചിതലരിച്ചതും സ്ത്രീവിരുദ്ധവുമായ ഈ മനോഭാവത്തിൽ പ്രതിഷേധിച്ചു കൊണ്ടാണ് പാർവ്വതി തിരുവോത്ത് അമ്മയിൽ നിന്ന് രാജിവെച്ചത്.

ആ അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയെ വീണ്ടും ക്രൂരമായി പൊതു മദ്ധ്യത്തിൽ വലിച്ചിഴക്കുകയും സഹപ്രവർത്തകനായിരുന്ന കുറ്റാരോപിതനുമായി ചേർത്ത് പലതരത്തിലുള്ള ദുസ്സൂചനകൾ നൽകുകയുമാണ് സെക്രട്ടറി ചെയ്തത്. അത് ക്രൂരമായിപ്പോയി എന്നു മാത്രമെ പറയാനുള്ളൂ.

സോഷ്യൽ മീഡിയയിൽ എ എം.എം.എ യുടെ എക്സികൂട്ടിവ് അംഗമായ നടൻ സിദ്ധിക്കിനെതിരെ ഞങ്ങളുടെ മെമ്പർ കൂടിയായ നടി രേവതി സമ്പത്ത് ഉന്നയിച്ച ലൈംഗിക ആരോപണത്തെ സെക്രട്ടറി പുച്ഛത്തോടെ ഈ ചർച്ചയിൽ തള്ളി പറയുകയും ചെയ്യുകയുണ്ടായി. നടൻ സിദ്ധിഖിന്റെ വിശദീകരണത്തിൽ സംഘടന വിശ്വസിക്കുന്നുവെന്നും സിനിമയിൽ എന്തെങ്കിലും ആവാൻ ശ്രമിച്ചിട്ട് സാധിക്കാത്തവരുടെ അസൂയയും , ജല്പനവുമാണ് നടിയുടെ ആരോപണമെന്നുമുള്ള സെക്രട്ടറിയുടെ പ്രസ്താവന നിരുത്തരവാദപരവും , ഈ തൊഴിലിടത്തിന്റെ ജീർണ്ണാവസ്ഥയെയുമാണ് സൂചിപ്പിക്കുന്നത്.

ലിംഗസമത്വം എന്ന സ്വപ്നം ഒരിക്കലും സംഭവിക്കാത്ത ഒരിടമായി മലയാള സിനിമയെ മാറ്റുന്നതിൽ ഈ സംഘടനയുടെ ബഹുമാനപ്പെട്ട സെക്രട്ടറി ഇടവേള ബാബുവും, എ എം എം.എ എന്ന സംഘടനയും ഒരു പോലെ മൽസരിക്കുകയാണ്.

ഇരുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി എ എം എം എ നിർമ്മിക്കാൻ പോകുന്ന കെട്ടിടത്തിന്റെ അടിത്തറ ഉറപ്പിക്കുന്നത് സിനിമാരംഗത്തെ പഴയതും പുതിയതുമായ ഒട്ടേറെ സ്ത്രീകളുടെ കണ്ണീരിലും, ആൺകോയ്മയുടെ ബലത്തിലുമാണ് എന്നു പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.

അമ്മ അംഗമായിരുന്ന പ്രസിദ്ധ നടൻ തിലകന്റെ മരണത്തിനു ശേഷം പോലും അദ്ദേഹത്തിനോട് നീതികേട് കാണിച്ചു എന്ന് തുറന്നു പറയാത്ത സംഘടന, ജീവിച്ചിരിക്കുന്നവരെ മരിച്ചതായി കണക്കാക്കുന്നു. അതെ! നിങ്ങളുടെ സ്ത്രീവിരുദ്ധ അലിഖിത നിയമങ്ങൾ അംഗീകരിക്കാത്തവരെല്ലാം സിനിമക്ക് പുറത്താണ് എന്നും നിങ്ങളവരെയെല്ലാം മരിച്ചവരായി കാണുന്നു എന്നും എ.എം.എം.എ അതുവഴി തുറന്നു സമ്മതിക്കുകയാണ്.

പറയുന്നതിലെ സ്ത്രീവിരുദ്ധത എന്താണെന്ന് പോലും തിരിച്ചറിയാത്ത നിങ്ങളോട് ഞങ്ങൾ ഉറച്ച ശബ്ദത്തിൽ വീണ്ടും പറയുന്നു.അവളെ ഇല്ലാതാക്കാൻ നിങ്ങൾക്കാവില്ല. അവൾ ജീവിച്ചിരിക്കുക തന്നെ ചെയ്യും! ഈ നിയമയുദ്ധത്തിൽ പോരാടാനുള്ള ശക്തി പകർന്നു കൊണ്ട് WCC കൂടെ തന്നെ ഉണ്ടാവുകയും ചെയ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attackwccIdavela babu
Next Story