കൽപറ്റ: വയനാട് ജില്ലയില്‍ വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാൾക്ക് മാത്രം. നാല് പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ജൂലൈ നാലിന് ബാംഗ്ലൂരില്‍ നിന്നെത്തി ചെന്നലോട് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന വെള്ളമുണ്ട സ്വദേശിയായ 40 കാരനാണ് രോഗം സ്ഥിരീകരിച്ച് മാനന്തവാടി ജില്ല ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. ജില്ലയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 141 ആണ്. 82 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗം സ്ഥിരീകരിച്ച് 55 പേര്‍ മാനന്തവാടി ജില്ല ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഒരാള്‍ വീതം കണ്ണൂരിലും തിരുവനന്തപുരത്തും പാലക്കാടും ചികിത്സയിലുണ്ട്.
വെളളിയാഴ്ച കമ്പളക്കാട് സ്വദേശിയായ 31കാരന്‍, അഞ്ചുകുന്ന് സ്വദേശിയായ 35കാരന്‍, പനമരം സ്വദേശിയായ 25കാരന്‍, ചെതലയം സ്വദേശിയായ 30കാരന്‍ എന്നിവരെയാണ് സാമ്പിള്‍ പരിശോധന നെഗറ്റീവ് ആയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.
രോഗ പ്രതിരോധത്തിൻെറ ഭാഗമായി ജില്ലയില്‍ പുതുതായി നിരീക്ഷണത്തിലായത് 262പേരും ആകെ നിരീക്ഷണത്തിലുള്ളത് 3585 പേരുമാണ്. 252 പേര്‍ വെളളിയാഴ്ച നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. ജില്ലയില്‍ നിന്നും ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 10088 ആണ്. ഇതില്‍ 8303 എണ്ണത്തിന്റെ ഫലം ലഭിച്ചു. 8163 എണ്ണം നെഗറ്റീവാണ്. 1775 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.