വട്ടക്കുണ്ട് ലീല കൊലക്കേസ് പ്രതി പിടിയിൽ
text_fieldsവൈത്തിരി: ചുണ്ടേൽ ആനപ്പാറ വട്ടക്കുണ്ട് ആദിവാസി കോളനിയിലെ ലീല (48) എന്ന ആദിവാസി യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഒളിവിൽ പോയ പ്രതിയെ ഏഴു മാസത്തിനു ശേഷം വൈത്തിരി പൊലീസ് സാഹസികമായി പിടികൂടി. നൂൽപ്പുഴ നമ്പിക്കൊല്ലി കോളനിയിൽ സെ ൽവന്‍റെ മകൻ ബസവരാജി(58)നെയാണ് വൈത്തിരി എസ്.എച്.ഓ കെ.ജി പ്രവീണിന്‍റെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി 10 മണിയോടെ ബത്തേ രി ചുങ്കത്തുവെച്ച അറസ്റ്റു ചെയ്തത്.
കഴിഞ്ഞ വർഷം ഡിസംബർ 16നാണു ലീല ക്രൂരമായി കൊല ചെയ്യപ്പെട്ടത്. പിറ്റേ ദിവസമാണ് കോളനി നിവാസികൾ കൊലപാതക വിവരമറിഞ്ഞത്. തലതകർന്നു കണ്ണുകൾ പുറത്തേക്കു തള്ളി, ചവറുകൾ കൊണ്ട് മൂടിയ നിലയിൽ വീടിന്‍റെ അടുക്കളയിലായിരുന്നു ലീലയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് മരണപ്പെട്ട ലീല ഇഞ്ചിപ്പണി സ്ഥലത്തുവെച്ച് പരിചയപ്പെട്ട ബസവരാജുമായി അടുപ്പത്തിലാകുകയും പിന്നീട് വട്ടക്കുണ്ട് കോളനിയിൽ കൂടെ താമസിക്കുകയുമായിരുന്നു.
സംഭവ ദിവസം ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും ലീല കൊല ചെയ്യപ്പെടുകയുമായിരുന്നു. സ്ഥലത്തുനിന്നും രക്ഷപ്പെട്ട ബസവരാജ് കർണാടകയിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. പിടിയിലാകുമ്പോൾ ഗുണ്ടൽപേട്ടയിലെ ദേശപുരം ബർഗി കോളനികടുത്ത ഇഞ്ചികൃഷി സ്ഥലത്തെ കാവൽക്കാരനായി ജോലി നോക്കുകയായിരുന്നു.
തുടർന്ന് ജില്ലാ പൊലീസ് ചീഫിന്‍റെ നിർദ്ദേശാനുസരണം കൽപ്പറ്റ ഡി.വൈ.എസ്.പിയുടെ പ്രത്യേക സ്‌ക്വഡ് രൂപീകരിച്ചു അന്വേഷണം നടത്തുന്നതിനിടെയാണ് കഴിഞ്ഞ ദിവസം കിട്ടിയ രഹസ്യവിവരത്തെ തുടർന്നു കാത്തുനിന്ന വൈത്തിരി പൊലീസിന്‍റെ മുന്നിൽപെടുന്നത്. രക്ഷപ്പെടാനൊരുമ്പെട്ട പ്രതിയെ സാഹസീകമായാണ് പൊലീസ് കീഴ്പെടുത്തിയത്.
പത്തു വർഷം മുൻപ് തമിഴ്നാട് എരുമാട് മങ്കര കോളനിയിലെ വെള്ളുവിനെ മർദ്ദിച്ചു കൊന്ന കേസിൽ കോയമ്പത്തൂർ ജയിലിൽ ഏഴു വർഷം ശിക്ഷ ലഭിച്ചയാളാണ് ബസവരാജ്. കൽപ്പറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സി.ഐയെ കൂടാതെ എ.എസ്.ഐ ഷാജി, സി.പി.ഒമാരായ നൗഷാദ്, അബ്ദുൽ നസീർ, രാജേഷ് എന്നിവരും സംഘത്തിലുണ്ടയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
