വയനാട് തുരങ്കപാത ഹരജി സുപ്രീംകോടതി തള്ളി; പദ്ധതി കേരളത്തിന്‍റെ 'ജീവരേഖ'
text_fieldsന്യൂഡൽഹി: കോഴിക്കോട്-വയനാട് തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജി സുപ്രീംകോടതി തള്ളി. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയതിൽ നടപടിക്രമങ്ങളുടെ ലംഘനമില്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീൽ ഹരജിയാണ് കോടതി തള്ളിയത്.
പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ പാരിസ്ഥിതിക നിബന്ധനകൾ ലംഘിക്കപ്പെടുന്നുണ്ടെങ്കിൽ പരാതിക്കാർക്ക് നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ (എൻ.ജി.ടി) ചെന്നൈ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. തുരങ്കപാത പദ്ധതിക്ക് 'ദേശീയ പ്രാധാന്യമുണ്ടെന്നും കേരളത്തിലെ ജനങ്ങളുടെ യാത്ര സുഗമമാക്കുന്ന 'ജീവരേഖ' ആയി ഈ പദ്ധതി മാറുമെന്നും കോടതി നിരീക്ഷിച്ചു. ജനസാന്ദ്രതയേറിയ കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകളും ഗതാഗതക്കുരുക്കും കണക്കിലെടുക്കുമ്പോൾ ഇത്തരം പദ്ധതികൾ അനിവാര്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.
വിദഗ്ധ സമിതികൾ കൃത്യമായ പഠനം നടത്തിയ ശേഷമാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും കോടതി പറഞ്ഞു. സാധാരണക്കാരല്ല, മറിച്ച് ഈ വിഷയത്തിൽ അറിവുള്ളവരാണ് ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത രീതിയിൽ നിബന്ധനകൾ പാലിച്ച് പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എൻ.ജി.ടിക്ക് സ്വതന്ത്ര നിരീക്ഷകനെ നിയമിക്കാമെന്നും കോടതി നിർദ്ദേശിച്ചു.
2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്താണ് തുരങ്ക നിർമാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയത്. വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.
പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജി നേരത്തെ കേരള ഹൈകോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പാറ തുരക്കൽ പ്രവൃത്തി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് ജില്ലയിൽ തുരങ്കം തുടങ്ങുന്ന മറിപ്പുഴയിലാണ് ആദ്യ പാറ തുരക്കൽ (ബ്ലാസ്റ്റ്) നടന്നത്. പദ്ധതിക്കായുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവെച്ചിരുന്നു.
വിശദമായ പഠനം നടത്തിയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്. തുരങ്കപാത നിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാറിന് അനുമതിയും നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

