വയനാട് തുരങ്കപാത; അനുകൂലിച്ചും പ്രതികൂലിച്ചും നിലപാടുകൾ, തീരുമാനമെടുക്കാനാകാതെ സർക്കാർ
text_fieldsവയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ
കല്‍പറ്റ: വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത പദ്ധതിയെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങൾ സജീവം. കള്ളാടി മീനാക്ഷിയിലെ തുരങ്ക ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണിത്.
വയനാട്ടുകാരടക്കം പൊതുവെ പദ്ധതിക്ക് അനുകൂലമാണെന്നും എന്നാൽ, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ബദൽ സാധ്യതകൾ പരിശോധിക്കാവുന്നതാണെന്നുമാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞയാഴ്ച വയനാട്ടിൽ പറഞ്ഞത്. വികസന വഴിയിൽ ഏറെ നിർണായകമാകുന്ന പദ്ധതി എന്ന് കൊട്ടിഗ്ഘോഷിച്ചാണ് ഇടതു സർക്കാർ പദ്ധതി പ്രവർത്തനം തുടങ്ങിയത്. എന്നാൽ, ഉരുൾ ഭീഷണി നേരിടുന്ന മേപ്പാടി ഭാഗത്തുകൂടിയുള്ള പാതയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച ആശങ്കകൾക്ക് അധികൃതർ മറുപടി നൽകിയിട്ടുമില്ല.
ദുരന്തപശ്ചാത്തലത്തിൽ പദ്ധതി ഉപേക്ഷിക്കാൻ അനുവദിക്കില്ലെന്നാണ് സി.പി.എം നിലപാട്. മുന്നറിയിപ്പുകൾ അവഗണിച്ച സർക്കാർ നിലപാടാണ് ദുരന്തത്തിനു കാരണമെന്നാണ് ജില്ല സെക്രട്ടറി കെ. റഫീഖ് കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാൽ പദ്ധതി വിനാശം വരുത്തുമെന്ന് തെളിഞ്ഞതിനാൽ ഉപേക്ഷിക്കണമെന്നാണ് പദ്ധതിക്കെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ നിലപാട്.
സർക്കാർ നിലപാട് എന്തായിരിക്കും?
വയനാട് നേരിടുന്ന സഞ്ചാരദുരിതം ഒരളവോളം പരിഹരിക്കാന്‍ ഉതകുന്ന തുരങ്കപാത പദ്ധതിയെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ കൈവിടുമോ എന്ന സംശയം നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഏഴിലെ ദുരന്തത്തിനുശേഷം തുരങ്കപാത നിര്‍മാണം നിര്‍ത്തിവെപ്പിച്ചിരിക്കയാണ് സര്‍ക്കാര്‍. എട്ടുപേരുടെ ജീവനെടുത്ത കള്ളാടി ദുരന്തത്തിന്റെ കാരണം, തുരങ്ക നിര്‍മാണത്തില്‍ കരാര്‍ സ്ഥാപനം വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന ആരോപണം, പദ്ധതിക്ക് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനുവദിച്ച പാരിസ്ഥിതികാനുമതി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഫോറസ്റ്റ് ക്ലിയറന്‍സ് എന്നിവ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുമുണ്ട്.
റവന്യൂ ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വകുപ്പ് സെക്രട്ടറി കണ്‍വീനറായ സമിതിയുടെ റിപ്പോര്‍ട്ടിനെ ആശ്രയിച്ചായിരിക്കും പദ്ധതിയുടെ ഭാവി. പ്രതിപക്ഷ നേതാവായിരുന്ന കാലത്തും മുഖ്യമന്ത്രിയായ ശേഷവും പദ്ധതിയുമായി ബന്ധപ്പെട്ട് വി.ഡി. സതീശന്‍ നടത്തിയ പ്രസ്താവനകളും തുരങ്കപാതക്ക് പൊതുവെ അനുകൂലമല്ല.
കള്ളാടി മീനാക്ഷിയിൽ ദുരന്തശേഷം അടിഞ്ഞുകൂടിയ അവശിഷ്ടങ്ങളും നിർമാണ കമ്പനി കൂട്ടിയിട്ട മണ്ണും നീക്കം ചെയ്യുന്നത് പരിശോധിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ബുധനാഴ്ച മേഖല സന്ദർശിച്ചിരുന്നു. കോഴിക്കോട് എൻ.ഐ.ടി പ്രഫസർ ഡോ. സന്തോഷ് ജി തമ്പി, കേന്ദ്ര ഭൗമശാസ്ത്ര പഠന കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ശ്രീലേഷ് എന്നിവരടങ്ങിയ സംഘമാണിത്. ഇതുസംബന്ധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സർക്കാറിന് സമർപ്പിക്കുമെന്നും അവർ പറഞ്ഞു.
തുരങ്കപാത വരണം
മുന്നറിയിപ്പുകൾ അവഗണിച്ചു നടത്തിയ നിർമാണ രീതിയാണ് കള്ളാടി ദുരന്തത്തിനു കാരണമെന്നും അപകട സാധ്യത ഒഴിവാക്കി നിർമാണം തുടരണമെന്നുമുള്ള ആവശ്യവും സജീവമാണ്. തുരങ്കപാത പദ്ധതി നാടിന് അനിവാര്യമാണെന്നും വയനാട്ടിലെ നല്ലൊരു ശതമാനം ആളുകളും പറയുന്നു. പാതക്കായുള്ള പാറ തുരക്കൽ തുടങ്ങിയാൽ അപകട സാധ്യത ഒഴിവാകും. മറ്റിടങ്ങളിലെ തുരങ്കപാതകൾ വിജയമാണെന്നും വികസന വിരോധികളാണ് പാതക്കെതിരെ പ്രവർത്തിക്കുന്നതെന്നുമാണ് അവരുടെ നിലപാട്.
പരിസ്ഥിതി പ്രവർത്തകർ എതിര്
വയനാട് പ്രകൃതി സംരക്ഷണ സമിതി ഉള്‍പ്പെടുന്ന കോ എക്സിസ്റ്റന്‍സ് കലക്ടിവ്, തുരങ്കപാത പദ്ധതിക്കെതിരാണ്. തെറ്റായ വിവരങ്ങള്‍ നല്‍കിയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് സ്റ്റേജ് വണ്‍ ക്ലിയറന്‍സ് നേടിയതെന്ന ആരോപണമാണ് അവരുടേത്. പദ്ധതി പ്രദേശം റെഡ് സോണിലാണ്. ഇക്കാര്യം മറച്ചുവെച്ചും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റികളുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാതെയും സത്യവാങ്മൂലം നല്‍കിയാണ് പദ്ധതിക്ക് കേന്ദ്രാനുമതി നേടിയതെന്ന വാദവും സമിതി ഉയര്‍ത്തിയിരുന്നു. ഇതിനകം നിരവധി ഉരുള്‍ പൊട്ടല്‍-മണ്ണിടിച്ചില്‍ ഉണ്ടായ മലനിരയുടെ ഭാഗമാണ് പദ്ധതി പ്രദേശം. പദ്ധതിക്കായി പരിസ്ഥിതി, സാമൂഹിക ആഘാത നിര്‍ണയം തെറ്റായും ഗൂഢാലോചനയിലൂടെയുമാണ് നടത്തിയതെന്നും പരിസ്ഥിതി രംഗത്തുള്ളവര്‍ ആരോപിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

