വയനാട് ടൗൺഷിപ്: എൽസ്റ്റൺ ഭൂമി ഏറ്റെടുക്കാൻ അനുമതി
text_fieldsകൊച്ചി: വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗൺഷിപ് നിർമിക്കാൻ എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി ഏറ്റെടുക്കാൻ ഹൈകോടതിയുടെ അനുമതി. നഷ്ടപരിഹാരമായി നിശ്ചയിച്ചിരിക്കുന്ന 26 കോടി രൂപ ഹൈകോടതിയിൽ കെട്ടിവെച്ച് ഭൂമി പ്രതീകാത്മകമായി ഏറ്റെടുക്കാൻ നിർദേശിച്ചാണ് അന്തിമ ഉത്തരവിന് വിധേയമായി താൽക്കാലികാനുമതി നൽകിയത്. ടൗൺഷിപ്പിന്റെ നിർമാണോദ്ഘാടനം മാർച്ച് 27ന് നിശ്ചയിച്ചതടക്കം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിക്ക് എങ്ങനെയാണ് നഷ്ടപരിഹാരമായി 26 കോടി രൂപ നിശ്ചയിച്ചതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നൽകാനും കോടതി നിർദേശിച്ചു.
ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ എൽസ്റ്റൺ, ഹാരിസൺ എസ്റ്റേറ്റ് മാനേജ്മെന്റുകൾ നൽകിയ അപ്പീൽ ഹരജികളാണ് കോടതി പരിഗണിച്ചത്.
ഹാരിസൺ നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി തൽക്കാലം ഏറ്റെടുക്കുന്നില്ലെന്നും പിന്നീട് ഏറ്റെടുക്കേണ്ടി വന്നാൽ കോടതിയുടെ അനുമതി തേടുമെന്നും സർക്കാറിനുവേണ്ടി അഡ്വക്കറ്റ് ജനറൽ അറിയിച്ചത് കോടതി രേഖപ്പെടുത്തി. 78.73 ഹെക്ടർ ഭൂമിക്ക് 26 കോടി രൂപ നിശ്ചയിച്ചത് ന്യായമല്ലെന്നും 549 കോടി മൂല്യമുള്ളതാണെന്നുമായിരുന്നു എൽസ്റ്റൺ എസ്റ്റേറ്റിന്റെ വാദം. ഭൂമി ഏറ്റെടുക്കുന്നതിന് എതിരല്ലെന്നും ബന്ധപ്പെട്ട നടപടികളെയാണ് ചോദ്യം ചെയ്യുന്നതെന്നും എസ്റ്റേറ്റ് ഉടമകൾ ചൂണ്ടിക്കാട്ടി. തുടർന്നാണ് വില നിശ്ചയിച്ചത് സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ സർക്കാറിനോട് കോടതി ആവശ്യപ്പെട്ടത്.
ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാരത്തുക ഹൈകോടതിയിൽ കെട്ടിവെക്കാമെന്ന സർക്കാർ വാദം പരിഗണിച്ച് കോടതി നിലപാടെടുത്ത സാഹചര്യത്തിൽ തുക എസ്റ്റേറ്റ് ഉടമകൾക്ക് നൽകാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചതിനെതിരെ അഭിഭാഷകൻ നൽകിയ അപ്പീൽ ഹരജി തീർപ്പാക്കി.
ഉദ്ഘാടനശേഷം നിർമാണ പ്രവർത്തനങ്ങൾ എന്ന് തുടങ്ങാനാവുമെന്ന് കോടതി ആരാഞ്ഞു. എത്രയും വേഗം തുടങ്ങുമെന്നായിരുന്നു എ.ജിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

