ഉരുൾ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്; രണ്ടാം ഘട്ടത്തിലെ 149 വീടുകള് പൂര്ത്തിയാകുന്നു
text_fieldsകൽപറ്റ: മുണ്ടക്കൈ-ചൂരല്മല ഉരുൾ ദുരന്ത അതിജീവിതര്ക്കായുള്ള ടൗണ്ഷിപ്പിലെ രണ്ടാംഘട്ട നിർമാണത്തില് 149 വീടുകള് പൂര്ത്തിയാകുന്നു. ആദ്യഘട്ടത്തില് 178 വീടുകളാണ് ഗുണഭോക്താക്കള്ക്കായി കൈമാറിയത്. എല്ലാം നഷ്ടമായവര്ക്ക് സ്വന്തമായി വീട്, സമ്പൂര്ണ ജീവിതസാഹചര്യങ്ങള് ഒരുക്കുകയാണ് ടൗണ്ഷിപ്പിലൂടെ.
നിർമാണ പ്രവര്ത്തനങ്ങള് പുരോഗമിക്കുന്ന അംഗൻവാടി, ആരോഗ്യ കേന്ദ്രം, മാര്ക്കറ്റ്, പൊതുശുചിമുറി, റോഡ് എന്നിവ ഡിസംബറോടെ ടൗണ്ഷിപ്പില് സജ്ജമാക്കും. കുട്ടികളുടെ പരിചരണം, ആരോഗ്യസംരക്ഷണം, ദൈനംദിന ആവശ്യങ്ങള് എന്നിവക്ക് ആവശ്യമായ സൗകര്യങ്ങള് ഒരുങ്ങുന്നതോടെ ടൗണ്ഷിപ് കൂടുതല് ജനസൗഹൃദമാകും. പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമാക്കി ഗുണഭോക്താക്കള്ക്ക് കൈമാറിയ എല്ലാ വീടുകളിലും ഉൽപാദിപ്പിക്കുന്ന മാലിന്യങ്ങള് വേര്തിരിച്ച് സംസ്കരിക്കാന് ത്രീ-ലെയര് ബയോ കമ്പോസ്റ്റ് ബിന്നുകള് നല്കിയിട്ടുണ്ട്. ഓരോ വീടിനും രണ്ട് കിലോവാട്ട് ശേഷിയുള്ള നെറ്റ് മീറ്ററിങ് സംവിധാനത്തില് പ്രവര്ത്തിക്കുന്ന റൂഫ്ടോപ് സൗരോര്ജ പ്ലാന്റ് ജില്ലയിലെ റസിഡന്ഷ്യല് സൗരോര്ജ കൂട്ടായ്മകളിലൊന്നായി ടൗണ്ഷിപ്പിനെ മാറ്റി. ആദ്യഘട്ടത്തിലെ 178 വീടുകളും രണ്ടാംഘട്ടത്തില് പൂര്ത്തിയാവുന്ന 149 വീടുകളും കൈമാറുന്നതോടെ 327 ദുരന്ത ബാധിത കുടുംബങ്ങള്ക്ക് സുരക്ഷിത ഇടം ഒരുങ്ങും.
ദുരന്ത മേഖലയിലെ അരുമ മൃഗങ്ങള്ക്ക് തണലൊരുക്കാന് അഭയകേന്ദ്രം
കൽപറ്റ: പ്രകൃതിദുരന്തങ്ങളില് ഒറ്റപ്പെടുന്ന അരുമ മൃഗങ്ങള്ക്ക് തണലൊരുക്കാന് ജില്ലയില് അഭയകേന്ദ്രം ഒരുങ്ങുന്നു. ദുരന്ത സമയങ്ങളില് ആളുകളെ മാറ്റിപ്പാര്പ്പിക്കുന്നതിനൊപ്പം അവരുടെ ഉപജീവനമാര്ഗമായ വളര്ത്തുമൃഗങ്ങളെയും മാറ്റിപ്പാര്പ്പിക്കുകയെന്ന ലക്ഷ്യത്തോടെ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ചീരകത്ത് ഒരു കോടി രൂപ ചെലവിലാണ് അഭയകേന്ദ്രം നിർമിക്കുന്നത്. ദുരന്ത മേഖലകളില്നിന്ന് മിണ്ടാപ്രാണികളെ വിട്ടുപോരാനാവാത്ത സ്നേഹവും ആശങ്കയുമാണ് അപകട സമയത്ത് പലരെയും കൃത്യസമയത്ത് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നതില്നിന്ന് പിന്തിരിപ്പിക്കുന്നത്. മുണ്ടക്കൈ-ചൂരല്മല ദുരന്ത മുഖത്ത് ആരുമില്ലാതെ ഒറ്റപ്പെട്ട് നടന്ന അരുമ മൃഗങ്ങള്ക്ക് വാസസ്ഥലമൊരുക്കുകയെന്ന ആശയത്തില് നിന്നാണ് മനുഷ്യര്ക്കൊപ്പം ജീവജാലങ്ങളെയും ചേര്ത്തുപിടിക്കേണ്ടതിന്റെ തിരിച്ചറിവ് ശക്തമായത്. ദുരന്ത നിവാരണ രംഗത്ത് രാജ്യത്തിന് മാതൃകയാവുന്ന പദ്ധതിക്കാണ് ജില്ലയില് തുടക്കമാവുക. കോട്ടത്തറ ഗ്രാമപഞ്ചായത്ത്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, ഹ്യൂമന് വേള്ഡ് ഫോര് അനിമല്സ് ഇന്ത്യയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പ്രകൃതി ദുരന്തങ്ങളോട് പൊരുതി മുന്നേറുന്ന മനുഷ്യര്ക്ക് തങ്ങളുടെ ജീവന്റെ ഭാഗമായ അരുമ മൃഗങ്ങള്ക്കായി ഒരുക്കുന്ന സുരക്ഷിത കേന്ദ്രം മാതൃകയാകും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

