വയനാട് ടൗൺഷിപ്: തിരക്കിട്ട നീക്കം, താമസം മേയ് ആദ്യമെന്ന് മന്ത്രി
text_fieldsതിരുവനന്തപുരം: വിള്ളൽ വിവാദങ്ങൾക്ക് പിന്നാലെ വയനാട് ടൗൺഷിപ്പിൽ സംയുക്ത പരിശോധനയും തുടർനടപടികളുമെല്ലാം പൂർത്തിയാക്കി വീടുകൾ മേയ് ആദ്യത്തോടെ കൈമാറാൻ സർക്കാർ തിരക്കിട്ട നീക്കത്തിൽ. പ്രവർത്തനങ്ങളെല്ലാം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാകുമെന്നും മേയ് ആദ്യത്തോടെ താമസം ആരംഭിക്കാനാകുമെന്നും മന്ത്രി കെ. രാജൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.
വീട്ടിലുണ്ടായത് ‘ഘടനാപരമായ വിള്ളല’ല്ല. വെള്ളം കിനിഞ്ഞിറങ്ങിയ പാടാണ്. കരാർ ചുമതലയുള്ള എൻജിനീയർമാർ വീടിന്റെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി നടത്തിയ വാട്ടർ പൗണ്ടിങ് ടെസ്റ്റിലാണ് ഇത് കണ്ടെത്തിയത്. ഈ ഭാഗത്ത് എപോക്സി ട്രീറ്റ്മെന്റ് നടത്തും. വീണ്ടും 24 മണിക്കൂർ വെള്ളം കെട്ടിനിർത്തി സുരക്ഷ ഉറപ്പുവരുത്തും. പിന്നീട് നീന്തൽകുളത്തിലും മറ്റും നടത്തുന്ന വാട്ടർ പ്രൂഫിങ് നടത്തും.
വാട്ടർ പൗണ്ടിങ് ടെസ്റ്റിൽ പാട് കണ്ടപ്പോൾ നിർമാണ കമ്പനിയുടെ എൻജിനിയർമാർ തന്നെയാണ് ആ ഭാഗത്ത് പേനകൊണ്ട് അടയാളമിട്ടത്. ഇത് ദൂരെ നിന്ന് ചിത്രീകരിച്ചപ്പോഴാണ് വിള്ളലെന്ന തോന്നലുണ്ടായത്. വീട്ടുടമസ്ഥൻ പോലും ഇത് മനസ്സിലാക്കിയത് എൻജിനീയർമാർ പറഞ്ഞപ്പോഴാണ്. വെള്ളം കിനിഞ്ഞിറങ്ങിയ അടയാളം ഉറപ്പിനെ ബാധിക്കില്ലെന്ന് എൻജിനീയർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥർ പറഞ്ഞതുകേട്ട് പോരുകയല്ല, അവിടെ എന്താണ് നടന്നതെന്ന് മനസിലാക്കാനാണ് നേരിട്ട് പോയത്.
നിലവിലെ നടപടികൾ പൂർത്തീകരിച്ചാൽ കരാർ കമ്പനിയുടെ എൻജിനീയർമാർ വീണ്ടും പരിശോധന നടത്തും. പിന്നീട് കരാർ കമ്പനിയുടെയും കിഫ്കോണിന്റെയും എൻജിനീയർമാർ സംയുക്തമായി പരിശോധിക്കും. വീട് ലഭിക്കേണ്ടയാൾക്കൊപ്പവും മൂന്നാം ഘട്ടത്തിൽ പരിശോധന നടത്തും. ഇതിനുശേഷമാണ് വീട് കൈമാറുക.
ഇത് കഴിഞ്ഞ് അഞ്ചുവർഷം വരെ സിവിൽ ജോലികൾക്കും മൂന്നുവർഷം വരെ ഇലക്ട്രിക്കൽ ജോലികൾക്കും കരാർ കമ്പനിയുടെ വാറണ്ടിയുണ്ട്. ഇത് പാലിച്ചില്ലെങ്കിൽ കരാർ ലംഘനമാണ്. അതിനുള്ള കർശന വ്യവസ്ഥകളും കരാറിലുണ്ട്. ഇക്കാര്യങ്ങളിലൊന്നും ആശങ്ക വേണ്ട. കരാർ കാര്യത്തിൽ വീഴ്ചവരുത്തുന്ന ആരെയും സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

