വയനാട് ടൗൺഷിപ്: ഏകോപനത്തിന് ചീഫ് സെക്രട്ടറിതല ഉന്നത സമിതി
text_fieldsതിരുവനന്തപുരം: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് ടൗൺഷിപ് യാഥാർഥ്യമാക്കുന്നതിന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല ഏകോപന സമിതിക്ക് സർക്കാർ രൂപം നൽകി. മന്ത്രിസഭ തീരുമാനമനുസരിച്ച് ടൗൺഷിപ് പദ്ധതിയുടെ നിർവഹണരീതി അന്തിമമാക്കലടക്കം വിപുലമായ അധികാരങ്ങളാണ് സമിതിക്ക് നൽകിയിരിക്കുന്നത്.
പുനരധിവാസ സമിതിക്കും മന്ത്രിസഭക്കും നയപരമായ തീരുമാനങ്ങൾ ശിപാർശ ചെയ്യലും ചീഫ് സെക്രട്ടറിതല സമിതിയുടെ ചുമതലയാണ്. പദ്ധതിയുടെ നടപ്പാക്കൽ ഘട്ടത്തിൽ സ്പെഷൽ ഓഫിസറോ തൊഴിലുടമ പ്രതിനിധിയോ നിർദേശിക്കുന്ന മാറ്റങ്ങൾ പരിശോധിച്ച് അംഗീകരിക്കാനോ നിരസിക്കാനോ ഉള്ള അധികാരം ഈ സമിതിക്കുണ്ടാകും. ഒപ്പം സാഹചര്യങ്ങൾക്കനുസരിച്ച് ആവശ്യമെങ്കിൽ നേരത്തെ നിശ്ചയിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങളും ധന സംബന്ധമായ മാർഗനിർദേശങ്ങളും മാറ്റംവരുത്താനുള്ള അധികാരവുമുണ്ട്.
ധനവകുപ്പ്, ജലവകുപ്പ്, ഊർജവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിമാർ, തദ്ദേശം, റവന്യൂ വകുപ്പുകളിലെ പ്രിൻസിപ്പൽ സെക്രട്ടറിമാർ, മരാമത്ത് സെക്രട്ടറി, ആസൂത്രണ വകുപ്പ് സെക്രട്ടറി, ഐ.ടി സെക്രട്ടറി, ഡിസാസ്റ്റർ മാനേജ്മെൻറ് കമീഷണർ, വയനാട് ടൗൺഷിപ് പദ്ധതിയുടെ സ്പെഷൽ ഓഫിസർ, വയനാട് കലക്ടർ, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മെംബർ സെക്രട്ടറി, ധനവകുപ്പ് ചീഫ് ടെക്നിക്കൽ എക്സാമിനർ, ചീഫ് ടൗൺ പ്ലാനർ എന്നിവരടങ്ങുന്നതാണ് സമിതി. കൂടാതെ, കിഫ്കോൺ സീനിയർ പ്രോജക്ട് അഡ്വൈസറെ പ്രത്യേക ക്ഷണിതാവായും ഉൾപ്പെടുത്തി.
സമിതിയുടെ മറ്റ് ഉത്തരവാദിത്തങ്ങൾ
- പദ്ധതി നിർവഹണം നിരീക്ഷിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുക.
- ടൗൺഷിപ്പിനായി പ്രവൃത്തികൾ അടിസ്ഥാനപ്പെടുത്തി ഷെഡ്യൂളുകളും പൂർത്തീകരിക്കേണ്ട നിശ്ചിത ഘട്ടങ്ങളും നിർണയിക്കുകയും അന്തിമമാക്കുകയും ചെയ്യുക.
- മന്ത്രിസഭ അംഗീകരിച്ച പദ്ധതി രൂപരേഖക്കുള്ളിൽ പ്രൊജക്റ്റിന്റെ ആവശ്യകതകളും രൂപകല്പനയും തീരുമാനിക്കുക.
- പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുന്നതിനാവശ്യമായ ഏകോപനം.
- പദ്ധതിക്കാവശ്യമായ പുതിയ സാങ്കേതിക വിദ്യയുടെ വിലയിരുത്തലും അവലോകനവും.
- പദ്ധതിക്കുള്ള സ്പോൺസർഷിപ്പുകൾ, ചെലവവഴിക്കലുകൾ, ഫണ്ടിങ് എന്നിവ അവലോകനം ചെയ്യുക.
- ടൗൺഷിപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ഏത് വിഷയവും ആവശ്യങ്ങളും പരിഗണിച്ച് തീർപ്പാക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

