വയനാട് ടൗൺഷിപ്പ്: ആദ്യഘട്ടത്തിൽ 100 വീടുകൾ, മാതൃകാ വീടിന്‍റെ നിർമാണം ജൂലൈ 10ന് പൂർത്തിയാകും
text_fieldsകൽപറ്റ: മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി കൽപറ്റ ബൈപാസിനടുത്തുള്ള എൽസ്റ്റൺ എസ്റ്റേറ്റിൽ തയാറാകുന്ന ടൗൺഷിപ്പിലെ മാതൃകാ വീടിന്‍റെ നിർമാണം ജൂലൈ പത്തിന് പൂർത്തിയാകും. മാതൃകാ വീടിന് അനുസരിച്ചാകും ടൗൺഷിപ്പിലെ മറ്റ് വീടുകളുടെ നിർമാണ രീതിയും നടപടികളും തീരുമാനിക്കുക. ആദ്യഘട്ടത്തിൽ 100 വീടുകളുടെ പണി പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. മാർച്ച് 27നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന്‍റെ തറക്കല്ലിടൽ നടത്തിയത്.
ടൗൺഷിപ്പിൽ മാതൃകാ വീടിന്‍റെ നിർമാണമാണ് ആദ്യം പൂർത്തിയാക്കുക. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. ഏഴു സെന്റിൽ 1000 ചതുരശ്ര അടിയിലുള്ള ഒറ്റ നില വീടാണ് ഒരു കുടുംബത്തിന് നിർമിക്കുക. സിറ്റൗട്ട്, ലിവിങ്/ ഡൈനിങ് ഏരിയ, സ്റ്റഡി റൂം, ബാത്ത് അറ്റാച്ച്ഡ് മാസ്റ്റർ ബെഡ്റൂം, കോമൺ ബാത്ത് റൂം, സെക്കൻഡ് ബെഡ് റൂം, കിച്ചൻ, വർക് ഏരിയ എന്നിവ ഉൾപ്പെടുന്നതാണ് മാതൃകാ വീട്. കഴിഞ്ഞ രണ്ടാഴ്ച മഴ കാരണം നിർമാണത്തിന്‍റെ വേഗം കുറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. 100 വീടുകൾക്കായുള്ള പ്ലോട്ട് ഒരുക്കിക്കഴിഞ്ഞെന്നും അവർ വ്യക്തമാക്കി.
വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം പാടില്ല. പാരമ്പര്യ കൈമാറ്റമാകാം. ഗൃഹനാഥന്റെയും ഗൃഹനാഥയുടെയും കൂട്ടായ പേരിലായിരിക്കും ഉടമസ്ഥത. കുട്ടികളാണെങ്കില്‍ പ്രായപൂര്‍ത്തിയായ ശേഷം ഉടമസ്ഥാവകാശം സ്വന്തം പേരിലാകും. പുനരധിവാസത്തിനുള്ള അന്തിമ ഗുണഭോക്തൃ പട്ടികയിൽ 402 കുടുംബങ്ങളാണുള്ളത്. ആദ്യ പട്ടികയിലെ 242 പേരിൽ 170 പേരാണ് ടൗൺഷിപ്പിൽ വീടിന് സമ്മതപത്രം നൽകിയത്. 65 പേർ 15 ലക്ഷം സാമ്പത്തികസഹായം മതിയെന്നാണ് തീരുമാനിച്ചത്. ഇവർക്ക് സന്നദ്ധസംഘടനകൾ വീടുവെച്ച് നൽകിയാലും ഈ തുക സർക്കാർ നൽകും.
അതേസമയം, ‘ഗോ സോൺ’ മേഖലയിലുള്ള, എന്നാൽ തുടർവാസം സാധ്യമല്ലാത്ത ഇടങ്ങളിലെ നിരവധി കുടുംബങ്ങൾ അന്തിമ പട്ടികയിൽ പുറത്താണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

