കൗമാരക്കാരുടെ ആത്മഹത്യ: മരണഗ്രൂപ്പുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ
text_fieldsകൽപറ്റ: സംസ്ഥാനത്ത് അതിവേഗംവളരുന്ന ഓൺലൈൻ ആത്മഹത്യ ശൃംഖലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതായി വിവരം. സുഹൃത്തുക്കളായ വിദ്യാർഥികൾ ചെറിയ ഇടവേളയിൽ ജീവനൊടുക്കിയതിനു പിന്നിൽ സമൂഹമാധ്യമത്തിലെ മരണ ഗ്രൂപ്പുകളാണെന്ന സംശയം ബലപ്പെടുന്നതിനിടെ, പ്രത്യേക അന്വേഷണസംഘം വയനാട്ടിലെത്തി തെളിവെടുത്തു. സ്പെഷൽ ബ്രാഞ്ച് ക്രിമിനൽ ഇൻറലിജൻസ് വിഭാഗം കോഴിക്കോട് റേഞ്ച് എസ്.പി എം.എൽ. സുനിലിെൻറ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച കമ്പളക്കാട് പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ ശേഖരിച്ചത്.
ആത്മഹത്യ ചെയ്ത കുട്ടികളുടെ സുഹൃത്തുക്കളായ രണ്ടുപേരെയും രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി എസ്.പി വിവരങ്ങൾ ശേഖരിച്ചു. ജില്ലയിൽ അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാമുമായി പുരോഗതി വിലയിരുത്തി. കുട്ടികളുമായി ബന്ധപ്പെട്ട ഏതാനും മൊബൈൽ ഫോണുകളും നമ്പറുകളും വിശദ പരിശോധനക്ക് സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. വിഷയത്തിെൻറ ഗൗരവം കണക്കിലെടുത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് അന്വേഷണം.
ഐ.ജി റാങ്കിലുള്ള പൊലീസ് ഉദ്യോഗസ്ഥരെ ചേർത്ത് സമഗ്ര അന്വേഷണത്തിന് കോർ ടീമും രൂപവത്കരിച്ചു. കണ്ണൂർ ഐ.ജി ബൽറാം കുമാർ ഉപാധ്യായയാണ് ടീമിനെ ഏകോപിപ്പിച്ച് റിപ്പോർട്ട് സംസ്ഥാന പൊലീസിന് കൈമാറുക. സമാന കേസുകൾ മറ്റു ജില്ലകളിൽ റിപ്പോർട്ട് ചെയ്തതിനാൽ ജില്ലതലങ്ങളിലും പ്രത്യേക അന്വേഷണം നടക്കുന്നുണ്ട്.
ഇൻസ്റ്റഗ്രാമിലെ ‘സൈക്കോ ചെക്കൻ’ എന്ന മരണഗ്രൂപ്പ് വിദ്യാർഥികൾ പിന്തുടർന്നിരുന്നു. വിഷാദത്തിലേക്കും ഏകാന്തതയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന ഉള്ളടക്കങ്ങളാണ് ഈ പേജുകളിലുള്ളത്. കുട്ടികളുടെ മനോനിലയിൽ വലിയ സ്വാധീനമുണ്ടാക്കി മരണത്തിലേക്ക് തള്ളിവിടുകയാണ് ഇത്തരം ഗ്രൂപ്പുകൾ ചെയ്തിരുന്നത്. സംസ്ഥാനത്തെ നിരവധി കുട്ടികൾ ഈ പേജുകൾ പിന്തുടരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. നിലവിൽ, ഇത്തരം കുട്ടികൾക്ക് ആവശ്യമായ ബോധവത്കരണം നൽകുന്നതിനാണ് പൊലീസിെൻറ മുൻഗണന. ഇതിെൻറ ഭാഗമായി വരുംദിവസങ്ങളിൽ കൂടുതൽ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
