വയനാട്ടിൽ രണ്ടു കുട്ടികൾക്ക് ഷിഗല്ലെ; 59 പേർ ചികിത്സയിൽ, ആരുടെയും നില ഗുരുതരമല്ല
text_fieldsസുൽത്താൻ ബത്തേരി: വയനാട്ടിൽ ഛർദിയും വയറിളക്കവും പനിയുമായി ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾക്ക് ഷിഗല്ലെ സ്ഥിരീകരിച്ചു. സുൽത്താൻ ബത്തേരി കോളിയാടി മാർ ബസേലിയോസ് യു.പി. സ്കൂളിലെ നാലര വയസ്സുള്ള ആൺകുട്ടിയും അഞ്ച് വയസ്സുള്ള പെൺകുട്ടിയുമാണിവർ. ജൂൺ ഒന്നിന് പ്രവേശനോത്സവം മുതൽ സ്കൂളിലെ ഏതാനും കുട്ടികൾക്ക് അസ്വസ്ഥതകൾ ഉണ്ടായിരുന്നു.
സ്കൂളിലെ കിണറ്റിൽനിന്നാണ് കുട്ടികൾക്ക് അണുബാധയേറ്റതെന്നാണ് നിഗമനം. നിലവിൽ 339 പേർക്ക് രോഗലക്ഷണങ്ങളുണ്ട്. ഇവരിൽ 21 പേർ സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലും 38 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ആകെ 21 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ രണ്ട് എണ്ണത്തിന്റെ ഫലമാണ് പോസിറ്റീവായത്. 19 സാമ്പിളുകളുടെ ഫലംകൂടി വരാനുണ്ട്.
വെള്ളിയും ശനിയുമായി 211 വിദ്യാർഥികളാണ് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയലടക്കം ചികിത്സ തേടിയത്. ഞായറാഴ്ച 44 കുട്ടികൾ കൂടി ചികിത്സതേടി. എന്നാൽ അഡ്മിറ്റ് ആയ പലരും ആരോഗ്യാവസ്ഥ ഗുരുതരമല്ലാത്തിനാൽ ആശുപത്രി വിട്ടിരുന്നു. ജൂൺ ഒന്നുമുതൽ സ്കൂളിൽ ഉച്ചഭക്ഷണം ഉൾപ്പെടെയുള്ളവ വിതരണം ചെയ്തിരുന്നു.
എന്നാൽ, വീട്ടിൽനിന്ന് ഭക്ഷണം കൊണ്ടുവന്ന ഏതാനും കുട്ടികൾക്കും അസ്വസ്ഥതകളുണ്ടായിരുന്നു. ഇവർ കൈകഴുകാനും മറ്റും സ്കൂളിലെ കിണറിലെ വെള്ളമാണ് ഉപയോഗിച്ചത്. വയനാട്ടിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ചൊവ്വാഴ്ച ഉന്നതതല യോഗം ചേരുമെന്ന് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. രോഗവ്യാപന സാധ്യത കണക്കിലെടുത്ത് കുട്ടികളുമായി സമ്പർക്കത്തിലേർപ്പെട്ടവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
എന്താണ് ഷിഗല്ലെ?
രോഗാണുക്കൾ അടങ്ങിയ മലിനജലം കുടിക്കുന്നതിലൂടെയും മലിനജലത്തിൽ തയാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് പ്രധാനമായും ഷിഗല്ലെ രോഗം പകരുന്നത്. ഷിഗെല്ല എന്ന ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണിത്. പ്രധാന ലക്ഷണം വയറിളക്കവും ഛർദ്ദിയും. കുടലിന്റെ ആവരണത്തെ ബാക്ടീരിയ ബാധിച്ച് അവിടെ തകരാറുകളുണ്ടാക്കും. പെട്ടെന്ന് പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ പ്രത്യേക ജാഗ്രത പുലർത്തണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

