കാലവർഷക്കെടുതി: വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ ധനസഹായം
text_fieldsകൽപറ്റ: മഴക്കെടുതിയിൽ വീടും ഭൂമിയും നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൽപറ്റ മുണ്ടേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വസ ക്യാമ്പ് സന്ദർശിച്ചശേഷം കലക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും ഭൂമി നഷ്ടപ്പെട്ടവർക്ക് പുതിയ സ്ഥലം വാങ്ങാൻ ആറു ലക്ഷം നൽകും. വീട് പൂർണമായി തകർന്നവർക്ക് നാലു ലക്ഷം. നിലവിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഒരു കുടുംബത്തിന് 3,800 രൂപ വീതം അടിയന്തര സഹായം അനുവദിക്കും. വളർത്തു മൃഗങ്ങൾ നഷ്ടപ്പെട്ടവർക്ക് പ്രത്യേകം സഹായം നൽകും.
ദുരിതാശ്വാസ പ്രവർത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തനത്തിന് കേന്ദ്ര-സംസ്ഥാന ഏജൻസികളെ ഏകോപിപ്പിക്കാൻ സാധിച്ചു. വിവിധ സംസ്ഥാനങ്ങൾ സഹായവുമായി എത്തിയിട്ടുണ്ട്. ദുരന്തം നേരിടാൻ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നദ്ധ സംഘടനകളും ഒരേ മനസ്സോടെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതിനെ പിണറായി അഭിനന്ദിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് എല്ലാ സൗകര്യങ്ങളും ഉറപ്പാക്കാൻ ജില്ല ഭരണകൂടത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. റേഷൻ കാർഡ് ഉൾപ്പെടെ പ്രധാന രേഖകൾ നഷ്ടമായവർക്ക് പ്രത്യേകം അദാലത്തുകൾ നടത്തി രേഖകൾ നൽകും. ഇതിന് ഫീസ് ഈടാക്കില്ല. അദാലത്ത് നടത്തുന്ന തീയതി ഉടൻ തീരുമാനിക്കാൻ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർഥികൾക്ക് പുതിയ പുസ്തകങ്ങൾ നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
