വയനാട് പുനരധിവാസം: കെ.ടി. ജലീലിന് മറുപടിയുമായി മുസ്‍ലിം ലീഗ്
text_fieldsകെ.ടി. ജലീൽ, മുസ്‍ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. മുഹമ്മദ്
കൽപറ്റ: വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് കെ.ടി. ജലീലിന് മറുപടിയുമായി മുസ്‍ലിം ലീഗ് വയനാട് ജില്ലാ നേതൃത്വം. രണ്ടാം ഘട്ട വീടുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിലാണ്. ആഗസ്റ്റിൽ 25 വീടുകൾ കൂടി കൈമാറും. മുണ്ടക്കൈ പുനരധിവാസ പ്രവർത്തനങ്ങളിൽ ജലീലിന് പുലബന്ധമില്ലെന്നും അത് ജലീലിനെ ബോധിപ്പിക്കേണ്ട കാര്യമില്ലെന്നും ജില്ലാ സെക്രട്ടറി ടി. മുഹമ്മദ് പറഞ്ഞു. ലീഗിന്റെ രണ്ടാം ഘട്ട വീട് നിർമ്മാണം തുടങ്ങിയിട്ടില്ലെന്നും താൻ വിമർശിച്ചതുകൊണ്ടാണ് ആദ്യഘട്ട വീടുകൾ കൈമാറിയതെന്നുമായിരുന്നു ജലീൽ ഇന്ന് പറഞ്ഞത്.
‘ലീഗിന്റെ വീട് നിർമ്മാണവും ജലീലും തമ്മിൽ ഒരു പുലബന്ധം പോലുമില്ല. ഞങ്ങൾ ഇനി 54 വീട് കൊടുക്കാനുണ്ട്. ആ വീടുകളുടെ നിർമ്മാണം ദ്രുതഗതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. അതൊന്നും ജലീലിനെ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല. പക്ഷേ, ഞങ്ങൾക്ക് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതുകൊണ്ട് അവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. 25 വീടുകൾ കൂടി ഞങ്ങൾ ആഗസ്റ്റ് മാസത്തിൽ കൈമാറാൻ പോവുകയാണ്’ -മുഹമ്മദ് പറഞ്ഞു. രണ്ടാം ഘട്ട വീടുകളുടെ നിർമ്മാണത്തിനായി ഒരു കല്ലുപോലും വെച്ചിട്ടില്ലെന്ന് ജലീൽ ആരോപിച്ചിരുന്നു.
മേപ്പാടി പഞ്ചായത്തിൽ മുട്ടിൽ–മേപ്പാടി സംസ്ഥാനപാതയോടു ചേർന്ന് തൃക്കൈപ്പറ്റ വെള്ളിത്തോടാണ് മുസ്‌ലിം ലീഗിന്റെ പുനരധിവാസ പദ്ധതി. 105 വീടുകളാണ് നിർമിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ 51 എണ്ണം കൈമാറി. 3 കിടപ്പുമുറികൾ, 2 ശുചിമുറികൾ, അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട് എന്നീ സൗകര്യത്തോടെ 8 സെന്റിൽ 1060 ചതുരശ്ര അടിയിലാണ് വീടുകൾ നിർമിച്ചത്. 7 മീറ്റർ വീതിയിൽ ടൈൽ പാകിയ റോഡ് സൗകര്യവുമുണ്ട്.
സിറ്റൗട്ടിൽ നിന്ന് നേരെ ലിവിങ് റൂമിലേക്കാണു പ്രവേശനം. ഒരു കിടപ്പുമുറി ബാത്ത്റൂം അറ്റാച്ച്ഡാണ്. മറ്റു രണ്ട് ബെഡ്റൂമുകൾക്ക് കോമൺ ബാത്ത്റൂമായിരിക്കും. മൂന്നുവശവും കല്ലുകൊണ്ടു കെട്ടിയ ചുറ്റുമതിലും ഗെയ്റ്റുമുണ്ട്. ചെങ്കല്ല് ഉപയോഗിച്ചാണു വീടുനിർമാണം. ടൈലുകൾ, ബാത്‌റൂം ഫിറ്റിങ്സുകൾ, വാതിൽ–ജനൽപ്പാളികൾ, മേൽക്കൂരയിലെ ഓടുകൾ എന്നിവയെല്ലാം ഗുണനിലവാരമുള്ളതാണെന്ന് ലീഗ് നേതൃത്വം അറിയിച്ചു. നേരത്തെ കൈമാറിയ 51 വീടുകൾക്കും ഫർണിച്ചറും മുസ്‌ലിം ലീഗ് നൽകിയിരുന്നു. സർക്കാരിന്റെ ഗുണഭോക്തൃ പട്ടികയിലുണ്ടായിട്ടും കൽപറ്റയിലെ മാതൃകാ ടൗൺഷിപ്പിലെ വീട് വേണ്ടെന്നുവെച്ച് അപേക്ഷ നൽകിയവരെയാണു ഗുണഭോക്താക്കളായി പരിഗണിച്ചത്.
മേപ്പാടിയിൽനിന്ന് 5 കിലോമീറ്ററും മുട്ടിൽ ടൗണിൽനിന്ന് 4 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം. 11.5 ഏക്കർ ഭൂമി 14,13,21,438 രൂപ ചെലവഴിച്ചാണ് മുസ്‌ലിം ലീഗ് വാങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

