മഴ മുന്നറിയിപ്പ്; വയനാട്ടിൽ ട്രക്കിങ് ഉൾപ്പെടെ നിർത്തിവെക്കാൻ ഉത്തരവ്, ക്വാറികൾക്കും നിയന്ത്രണം
text_fieldsവയനാട്: ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിൽ കനത്ത ജാഗ്രതാ നിർദേശം. ജില്ലയിലെ ക്വാറികൾ, സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു.
ജില്ലയിലെ ദുരന്ത സാധ്യതാ ദുർബല പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതത് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാർ ആവശ്യമായ നടപടികൾ സ്വീകരിക്കണം. ടൗൺഷിപ്പ് നിർമാണ പ്രദേശത്ത് മണ്ണൊലിപ്പ് ഭീഷണിയുള്ള ഭാഗത്തെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ കൽപ്പറ്റ നഗരസഭ സെക്രട്ടറി, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ കലക്ടർ നിർദേശം നൽകി
കള്ളാടി ആനക്കാംപൊയിൽ തുരങ്കപാത നിർമ്മാണ പ്രദേശം, മുണ്ടക്കൈ ചൂരൽമല ദുരന്തബാധിത പ്രദേശം, മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടതുണ്ടെങ്കിൽ മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ആവശ്യമായ ക്രമീകരണങ്ങൾ സ്വീകരിക്കണമെന്നും ഉത്തരവിട്ടു.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005-ലെ സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു. പൊതുജനങ്ങൾ അധികൃതരുടെ നിർദേശങ്ങളോട് സഹകരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യണമെന്നും ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.
ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതൽ നാളെ വരെ വടക്കൻ കേരളത്തിൽ ശക്തമായ മഴയും കാറ്റുമുണ്ടാകാൻ സാധ്യതയുണ്ടെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. കാസർകോട്, കണ്ണൂർ, കോഴിക്കോട് വയനാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. അതിനാൽ ഈ ജില്ലകളിലെ മലയോര മേഖലകളിൽ രാത്രി അതീവ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

