കലങ്ങിമറിഞ്ഞ് വയനാടൻ രാഷ്ട്രീയം
text_fieldsകൽപറ്റ: നിയമസഭ തെരെഞ്ഞടുപ്പിെൻറ അവസാന ഒരുക്കങ്ങൾക്കിടെ കോൺഗ്രസിൽ പൊട്ടലും ചീറ്റലും. സ്ഥാനാർഥിമോഹികൾ ഒരുഭാഗത്ത് നെട്ടോട്ടമോടുേമ്പാൾ ഒരു കൂട്ടർ പാർട്ടി വിട്ടുപോകുമെന്ന ഭീഷണിയിലാണ്. കോൺഗ്രസ് പാർട്ടിയിൽ മാത്രമല്ല, യൂത്ത് കോൺഗ്രസിലും അടിയൊഴുക്കുകൾ സജീവമാണ്. നേതൃമാറ്റം പാർട്ടിയിലും യൂത്ത് കോൺഗ്രസിലും സജീവ ചർച്ചയാക്കാൻ ഒരുവിഭാഗം രംഗത്തുണ്ട്. ഡി.സി.സി സെക്രട്ടറി പി.കെ. അനിൽകുമാർ എൽ.ജെ.ഡിയിൽ ചേർന്നതും സുൽത്താൻ ബത്തേരിയിലെ കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥൻ സി.പി.എമ്മുമായി ചർച്ച നടത്തിയതും ചില നേതാക്കൾ മറ്റുചില പാർട്ടികളുമായി രഹസ്യസംഭാഷണം നടത്തുന്നതും നേതൃത്വത്തെ അലട്ടുന്നുണ്ട്. ഏതായാലും വയനാടിെൻറ കാര്യത്തിൽ ശക്തമായ ഇടപെടൽ ഉടൻ ഉണ്ടാകുമെന്ന് സംസ്ഥാനത്തെ മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞു.
യൂത്ത് കോൺഗ്രസിൽ അടക്കം ഇരട്ടപദവി ചർച്ചയാക്കി, കലങ്ങിയ വെള്ളത്തിൽ മീൻപിടിക്കാൻ ചിലർ ശ്രമംതുടങ്ങി. രണ്ടു പട്ടികവർഗ മണ്ഡലങ്ങളും ഒരു ജനറൽ സീറ്റുമുള്ള വയനാട്ടിൽ വനിതകളടക്കം ഒരുഡസനോളം കോൺഗ്രസ് നേതാക്കളാണ് സ്ഥാനാർഥിയാകാൻ രംഗത്തുള്ളത്. അതിനു പുറമെ പുറത്തുനിന്നുള്ള സ്ഥാനാർഥികളും ഉണ്ട്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവർ കൽപറ്റയിൽ മത്സരിക്കാൻ എത്തുമെന്നറിഞ്ഞതോടെ ഗ്രൂപ്പുകൾക്കുള്ളിലും കലാപക്കൊടി ഉയർത്താൻ ചിലർ തീവ്രശ്രമത്തിലാണ്. 'ഇറക്കുമതി' വേണ്ടെന്ന പ്രചാരണമാണ് ചിലർ നടത്തുന്നത്. ഇതിൽ കെ.പി.സി.സി നേതൃത്വത്തിന് അതൃപ്തിയുണ്ട്. പട്ടികവർഗ സംവരണ മണ്ഡലങ്ങളിലും കോൺഗ്രസ് സ്ഥാനാർഥിത്വം ഉറപ്പിച്ചവർക്കെതിരെ 'അന്തർധാര' രൂപപ്പെടുത്താൻ ചിലർ കൊണ്ടുപിടിച്ച ശ്രമംതുടങ്ങി.
മുസ്ലിം ലീഗിലും സ്ഥിതിഗതികൾ കലങ്ങിമറിയുകയാണ്. അച്ചടക്കം ലംഘിക്കുന്ന ചിലരെ കയറൂരിവിടുന്നതിൽ ചില നേതാക്കൾക്ക് അമർഷമുണ്ട്. യൂത്ത് ലീഗ് നേതൃത്വത്തിലെ ചിലരും ജില്ല ലീഗ് നേതൃത്വത്തിനെതിരെ ഭിന്നസ്വരം ഉയർത്തിക്കഴിഞ്ഞു. തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ഉണ്ടാക്കിയ 'വെടിനിർത്തൽ' പാർട്ടിയിൽ ഫലപ്രദമായിട്ടില്ല. വയനാട്ടിൽ ലീഗിന് സ്വന്തം സ്ഥാനാർഥി വേണമെന്ന ആവശ്യം ഇപ്പോഴും ചിലർ ഉയർത്തുന്നുണ്ട്.
കോൺഗ്രസിൽ മാത്രമല്ല, ലീഗിലും രൂപപ്പെടുന്ന ഭിന്നത മുതലെടുക്കാനാണ് സി.പി.എം ശ്രമം. ചില കോൺഗ്രസ് നേതാക്കളുമായി അവർ ചർച്ച നടത്തിക്കഴിഞ്ഞു. അതിനിടെ സി.പി.എമ്മിൽ സംവരണമണ്ഡലത്തിലടക്കം 'പുതുമുഖങ്ങളെ' പരീക്ഷിക്കുന്ന ചർച്ചകളിൽ വിയോജിപ്പുള്ളവരുമുണ്ട്. സുൽത്താൻ ബത്തേരിയിൽ നഗരസഭ ചെയർമാൻ ടി.കെ. രമേശിനെ മത്സരിപ്പിക്കുന്നതിൽ പാർട്ടിയിൽ ഏകസ്വരം ഇല്ല. പകരം ഒരു കോൺഗ്രസ് നേതാവിനെ എൽ.ഡി.എഫ് സ്ഥാനാർഥിയാക്കാൻ ചർച്ച നടക്കുന്നുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവ് കെ.െക. വിശ്വനാഥൻ മാസ്റ്റർ പാർട്ടി വിട്ടതാണ് കോൺഗ്രസിെല ഒടുവിലത്തെ സംഭവം. ഇത്തവണ ജില്ല പഞ്ചായത്ത് അമ്പലവയൽ ഡിവിഷനിൽ മത്സരിച്ച വിശ്വനാഥൻ മാസ്റ്ററെ ചില നേതാക്കൾ കാലുവാരിയെന്നും പാർട്ടിയിൽനിന്ന് അപമാനിക്കപ്പെട്ടതും പരാതിയായി ഉയർത്തിയിരുന്നു. ഈയിടെ അന്തരിച്ച മുൻ മന്ത്രി കെ.കെ. രാമചന്ദ്രൻ മാസ്റ്ററുടെ സഹോദരനാണ് വിശ്വനാഥൻ.
വയനാട്ടിൽ ജില്ല പ്രസിഡൻറടക്കം പാർട്ടിവിട്ട സാഹചര്യത്തിൽ പ്രതിസന്ധിയിലായ എം.വി. ശ്രേയാംസ്കുമാറിെൻറ എൽ.ജെ.ഡി നടത്തുന്ന 'പരീക്ഷണം' ആദ്യഘട്ടം വിജയകരമാണ്. പി.കെ. അനിൽകുമാറിന് പിന്നാലെ കാർഷിക പുരോഗമന സമിതി സംസ്ഥാന ചെയർമാൻ പി.എം. ജോയ്, ദലിത് ലീഗ് നേതാവ് എ. ദേവകി എന്നിവർ എൽ.ജെ.ഡിയിൽ േചർന്നിട്ടുണ്ട്. സ്ഥാനാർഥിചർച്ച സജീവമായ സന്ദർഭത്തിലാണ് ഇവർ പാർട്ടിയിലെത്തിയത്. കൽപറ്റ സീറ്റ് വേണമെന്ന് എൽ.ജെ.ഡി മുന്നണിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കൽപറ്റയിൽ സി.പി.എം പിടിമുറുക്കിയാൽ സുൽത്താൻ ബത്തേരി മണ്ഡലമാണ് എൽ.ജെ.ഡി മുന്നിൽ കാണുന്നത്.
കഴിഞ്ഞതവണ മാനന്തവാടിയും കൽപറ്റയും പിടിയിലൊതുക്കിയ സി.പി.എം ഇത്തവണ മൂന്നു സീറ്റിലും പ്രതീക്ഷയർപ്പിക്കുന്നു. അതിനായി ശക്തമായ 'അടവ് നയം', സംസ്ഥാനതലത്തിലുണ്ടാകും. അടുത്തദിവസം ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ വയനാട്ടിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകും. യു.ഡി.എഫ് പാളയത്തിലെ ഭിന്നതകളും ചില സമുദായ വോട്ടുകളിലെ ചോർച്ചയുമാണ് പാർട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്. കേരള കോൺഗ്രസ് എം മുന്നണിയും എത്തിയത് ജില്ലയിൽ വോട്ടുശതമാനം വർധിപ്പിച്ചുവെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യ മലബാറിൽ ഒരു സീറ്റിൽ മത്സരിക്കുന്ന കാര്യം പാർട്ടി പരിഗണിക്കുന്നുണ്ട്. സി.പി.ഐ വയനാട്ടിൽ ഒരു സീറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും വാശിപിടിക്കുന്നില്ല. പാർട്ടിക്കുള്ളിലാണെങ്കിൽ അസ്വസ്ഥതകൾ തുടരുന്നുണ്ട്.
അതിനിടെ രാഹുൽ ഗാന്ധി എം.പിയെ മുന്നിൽനിർത്തി പ്രചാരണം നടത്തി, വയനാട്ടിലെ മൂന്നു സീറ്റുകളിലും വിജയം ഉറപ്പിക്കുക എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. വയനാട്ടിൽ മൂന്നു സീറ്റുകളും കോൺഗ്രസിന് ലഭിക്കുമെന്നാണ് ഏറ്റവും ഒടുവിൽ 'രാഹുൽ ടീമി'െൻറ വിലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

