‘അതിനെ കൊല്ലണം സാറേ... വെറുതെ വിട്ടാ ഇനിയും ഇങ്ങനെ ചെയ്യും... അത് ശരിയാകൂല’ -വയനാട്ടിൽ കടുവ കൊലപ്പെടുത്തിയ മാരന്റെ കുടുംബം
text_fieldsപുൽപള്ളി: വയനാട്ടിലെ നരഭോജി കടുവയെ വെറുതെ വിടരുതെന്നും അത് ഇനിയും സമാനമായ രീതിയിൽ ആക്രമണങ്ങൾ തുടരുമെന്നും കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട മാരന്റെ കുടുംബം. ‘അതിനെ വെറുതെ വിട്ടാൽ ഇനിയും അതുപോലെ ചെയ്യും. അതിനെ കൊല്ലണം സാറേ. ഇതങ്ങനെ വിട്ടാൽ ശരിയാവില്ല’ -സ്ഥലത്തെത്തിയ ജനപ്രതിനിധികളോടും പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരോടും കൊല്ലപ്പെട്ട മാരന്റെ ബന്ധുക്കൾ പറഞ്ഞു.
കാപ്പിസെറ്റ് ദേവർഗദ്ദ ഉന്നതിയിലെ ആദിവാസി വയോധികനായ മാരനെയാണ് (കൂമൻ -65) ഇന്നലെ വനാതിർത്തിയിൽ വിറക് ശേഖരിക്കുന്നതിനിടെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച ഉച്ച 12 മണിയോടെ സഹോദരി കുള്ളിക്കൊപ്പം വിറക് ശേഖരിക്കാൻ പോയ മാരനെ പുഴയോരത്തു നിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. കടുവ മാരന്റെ മുഖം കടിച്ചെടുത്തിരുന്നു.
‘ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തിട്ട് ഇങ്ങോട്ട് വരട്ടെ. കലക്ടർ സാർ ഇങ്ങോട്ട് വരട്ടെ. എന്തൊക്കെയോ സംഭവിച്ച ഏതൊക്കെയോ വീടുകളിൽ കലക്ടർ പോകാറുണ്ട്. ഒരു ജീവൻ നഷ്ടപ്പെട്ടിട്ട് കലക്ടർക്ക് ഇവിടെ വന്നാലെന്താ? ഞങ്ങളുടെ വലിയച്ഛനാണ് മരിച്ചത്. അതാണ് ഞങ്ങൾ ചോദിക്കുന്നത്. വേറൊന്നുമല്ല’ -ബന്ധുക്കൾ പറഞ്ഞു.
വിറകു ശേഖരിക്കുന്നതിനിടെ മാരന്റെ ദയനീയമായ കരച്ചിൽ കേട്ടു നോക്കിയപ്പോൾ പരിസരത്ത് രക്തത്തുള്ളികൾ കണ്ടതായി സഹോദരി കുള്ളി പറഞ്ഞു. പുഴയോരത്തു നിന്ന് മാരനെ കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോവുകയായിരുന്നു. ഉടനെ കുള്ളി ഉന്നതിയിലെത്തി മറ്റുള്ളവരോട് കാര്യം പറഞ്ഞപ്പോഴാണ് വിവരം പുറംലോകമറിയുന്നത്. വനപാലകരടക്കം തിരച്ചിൽ നടത്തിയതിന് ഒടുവിൽ മുക്കാൽ കിലോമീറ്റർ അകലെ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടത്.
പ്രദേശത്ത് കടുവയുടെ സാന്നിധ്യം സമീപ ദിവസങ്ങളിലുണ്ടായിരുന്നതായി ഉന്നതിക്കാർ പറഞ്ഞു. നഷ്ടപരിഹാരം നൽകാനാവില്ലെന്ന നിലപാടിലായിരുന്നു ആദ്യം വനം വകുപ്പ്. എന്നാൽ, പ്രതിഷേധം ഉയർന്നതോടെ നഷ്ടപരിഹാരം നൽകാൻ തീരുമാനിക്കുകയായിരുന്നു. ചീയമ്പത്ത് പോത്തിനെ കൊന്ന കടുവ തന്നെയാവാം മാരനെ കൊലപ്പെടുത്തിയതെന്ന സംശയം വനപാലകർക്കുമുണ്ട്.
2025 ജനുവരി 24ന് മാനന്തവാടി പഞ്ചാരക്കൊല്ലിയിൽ തറാട്ട് മീൻമുട്ടി അച്ചപ്പന്റെ ഭാര്യ രാധ (46) യെ കടുവ കൊന്ന് ശരീരം ഭക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പച്ചിലക്കാട് പടിക്കംവയലിലെ ജനവാസകേന്ദ്രത്തിൽ കടുവ ഇറങ്ങി പരിഭ്രാന്തി പരത്തിയത്. പിന്നീട് ഈ കടുവ വനത്തിലേക്ക് പോയെന്നാണ് വനം വകുപ്പ് അധികൃതർ പറഞ്ഞത്. നിത്യജീവിതത്തെ കീഴ്മേൽ മറിക്കുന്ന രൂപത്തിൽ വയനാട്ടിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുമ്പോഴും പരിഹാരം അകലുകയാണ്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഒമ്പതുപേരെയാണ് വയനാട്ടിൽ മാത്രം കടുവ കൊന്നത്. 44 പേർ കാട്ടാന ആക്രമണത്തിലും കൊല്ലപ്പെട്ടു.
ജില്ലയിലെ വനാതിർത്തി പ്രദേശങ്ങളിലായിരുന്നു മുമ്പ് വന്യമൃഗങ്ങളെ പേടിക്കേണ്ടതെങ്കിൽ ഇപ്പോൾ എല്ലായിടവും ഭീതിയിലാണ്. പുൽപള്ളി, മേപ്പാടി, തിരുനെല്ലി, മാനന്തവാടി ഭാഗങ്ങളിൽ കാട്ടാനയും മുള്ളൻകൊല്ലി, സുൽത്താൻ ബത്തേരി ഭാഗങ്ങളിൽ കടുവയുമാണ് പ്രധാന ഭീഷണി. കർണാടക അതിർത്തിയോട് ചേർന്ന ഭാഗങ്ങളിൽ കാട്ടാനയും കടുവയും പുലിയുമടക്കം വിഹരിക്കുന്നു. എന്നാൽ, നിലവിൽ കൽപറ്റ നഗരസഭയിലെ പെരുന്തട്ട ഭാഗത്തടക്കം കടുവയുടെയും പുലിയുടെയും ഭീഷണിയിലാണ്. അടുത്തിടെ മൂന്ന് കടുവ കുഞ്ഞുങ്ങളെയും തള്ളക്കടുവയെയുമാണ് കൽപറ്റ നഗരത്തിനടുത്ത് കണ്ടത്.
കേരളത്തിൽ വന്യമൃഗങ്ങൾ പെരുകുകയാണെന്നാണ് കർഷക സംഘടനകൾ പറയുന്നത്. 2022ലെ കണക്കെടുപ്പനുസരിച്ച് കേരളത്തിൽ 213 കടുവകളാണുള്ളത്. 2018ൽ ഇത് 190 ആയിരുന്നു. വയനാട്ടിലാണ് കൂടുതൽ കടുവകളുള്ളത് 84 എണ്ണം. വന്യജീവികളുടെ ആവാസകേന്ദ്രങ്ങളിലേക്ക് കടന്നുകയറിയുള്ള കൃഷി വന്യമൃഗങ്ങളുടെ ആക്രമണത്തിന് പ്രധാനകാരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

