ഭർതൃ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വിസ നൽകണം: വയനാട് സ്വദേശിയുടെയും പാകിസ്താനി ഭാര്യയുടെയും ഹരജി ഹൈകോടതി തള്ളി
text_fieldsഹൈകോടതി
കൊച്ചി: പാകിസ്താൻ പൗരത്വമുള്ള ഭാര്യക്ക് ഇന്ത്യയിലെത്തുന്നതിനായി വിസക്ക് അപേക്ഷിക്കാനുള്ള അവസരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ദമ്പതികൾ നൽകിയ ഹരജി ഹൈകോടതി തള്ളി. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് 2025 ഏപ്രിൽ 25 മുതൽ പാകിസ്താൻ പൗരന്മാർക്കുള്ള വിസ സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണെന്ന് കേന്ദ്രസർക്കാർ ഹൈകോടതിയെ അറിയിച്ചു.
ഇന്ത്യൻ പൗരനെ വിവാഹം കഴിച്ചതിന്റെ പേരിൽ വിദേശ പൗരന് ഇന്ത്യയിൽ പ്രവേശിക്കാൻ അവകാശം ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കി. വയനാട് സ്വദേശി ഉനൈസ് കടുമ്പോട്ടിലും പാക്കിസ്ഥാൻ പൗരയായ ഭാര്യ ഖദീജയും ചേർന്നാണ് ഹൈകോടതിയിൽ നൽകിയ ഹരജിയാണ് തള്ളിയത്. ഇരുവരും നിലവിൽ ദുബായിലാണ്. ഉനൈസിന്റെ സഹോദരന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഖദീജക്ക് ഇന്ത്യൻ വിസക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഓൺലൈൻ പോർട്ടലിൽ ലഭ്യമല്ലെന്നായിരുന്നു ഹരജിയിലെ വാദം.
രാജ്യസുരക്ഷയും വിദേശനയവും കണക്കിലെടുത്ത് വിദേശികളുടെ രാജ്യപ്രവേശനവും താമസവും നിയന്ത്രിക്കാൻ കേന്ദ്ര സർക്കാറിന് അധികാരമുണ്ടെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വ്യക്തമാക്കി. ഭരണഘടനയിലെ അനുച്ഛേദം 14 പ്രകാരമുള്ള തുല്യനീതിയുടെ സംരക്ഷണം വിദേശികൾക്കും ബാധകമാണെങ്കിലും അത് ഇന്ത്യൻ അതിർത്തിക്കുള്ളിൽ കഴിയുന്ന വിദേശികൾക്ക് മാത്രമാണ് ബാധകമെന്നും ഹൈകോടതി നിരീക്ഷിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

