'ജൂലൈ 30 ഹൃദയഭൂമി'; പുത്തുമലയിലെ ശ്മശാന ഭൂമി ഇനി ഇങ്ങനെ അറിയപ്പെടും
text_fieldsകൽപ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരൽമലയിൽ ഉരുൾപൊട്ടലിൽ മരണപ്പെട്ടവരെ സംസ്കരിച്ച ശ്മശാന ഭൂമി ഇനി 'ജൂലൈ 30 ഹൃദയഭൂമി' എന്ന പേരിൽ അറിയപ്പെടും. മേപ്പാടി ഗ്രാമ പഞ്ചായത്തിന്റെയാണ് തീരുമാനം. പഞ്ചായത്ത് അംഗമായ അജ്മൽ സാജിദ് നിർദേശിച്ച പേരാണിത്.
ജൂലൈ 30ന് ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു വർഷം തികയുകയാണ്. രാവിലെ 10ന് പുത്തുമല ശ്മശാനത്തിൽ സർവമത പ്രാർഥനയും പുഷ്പാർച്ചനയും സർക്കാർതലത്തിൽ നടക്കും. മുണ്ടക്കൈ മദ്റസ അങ്കണത്തിൽ അനുസ്മരണ യോഗവും. മന്ത്രിമാർ, എം.പി, എം.എൽ.എമാർ, കലക്ടർ തുടങ്ങിയവർ സംബന്ധിക്കും. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായിരുന്നു ഇത്.
എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതര്‍ക്കായി നിർമിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിർമാണം ഡിസംബറോടെ പൂര്‍ത്തിയാകും. ടൗണ്‍ഷിപ്പില്‍ ഒരുക്കുന്ന 410 വീടുകളിലായി 1662ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. ഇതില്‍ 140 വീടുകള്‍ക്ക് ഏഴ് സെന്റ് വീതമുള്ള അതിര്‍ത്തി നിശ്ചയിച്ചു.
51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോൺ പെനട്രേഷന്‍ ടെസ്റ്റും 41 വീടുകളുടെ പ്ലെയിന്‍ സിമന്റ് കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കി. 19 വീടുകള്‍ക്കായുള്ള ഫൗണ്ടേഷന് പ്രവൃത്തി പുരോഗമിക്കുകയാണ്. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ സ്ഥലമൊരുക്കല്‍ വേഗത്തില്‍ പുരോഗമിക്കുന്നുണ്ട്. നിർമാണ പ്രവര്‍ത്തനങ്ങള്‍ക്കായി 110 തൊഴിലാളികളാണ് നിലവില്‍ എല്‍സ്റ്റണില്‍ തൊഴില്‍ ചെയ്യുന്നത്. പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ തൊഴിലാളികളുടെ സേവനം ഉറപ്പാക്കും.
അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ നിർമിക്കുന്നത്. ആദ്യ സോണില്‍ 140, രണ്ടാം സോണില്‍ 51, മൂന്നാം സോണില്‍ 55, നാലാം സോണില്‍ 51, അഞ്ചാം സോണില്‍ 113 വീടുകളാണുള്ളത്. വീടുകളുടെ നിർമാണം പൂര്‍ത്തിയായതിനുശേഷമാണ് ടൗണ്‍ഷിപ്പിലെ മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ പ്രവൃത്തികള്‍ ആരംഭിക്കുക.
ടൗണ്‍ഷിപ് പൂര്‍ത്തീകരിക്കുമ്പോള്‍ ബോര്‍ഡ് സ്ഥാപിച്ച് സ്പോണ്‍സര്‍മാരുടെ പൂർണമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജീവനോപാധിയായി നല്കുന്ന 300 രൂപ ദിവസവേതന ബത്തക്ക് അര്‍ഹരായ എല്ലാവര്ക്കും വിതരണം ചെയ്യും. എല്ലാവര്ക്കും കൂട്ടായ്മയോടെ താമസിക്കാനാണ് എല്‍സ്റ്റണില്‍ സര്‍ക്കാര്‍ സ്ഥലം കണ്ടെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

