കേന്ദ്ര വായ്പ വയനാട്ടിലെ നിസ്സഹായ ജനതയെ പരിഹസിക്കുന്നതെന്ന് വി.ഡി. സതീശൻ; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് കെ.സുരേന്ദ്രൻ
text_fieldsതിരുവനന്തപുരം: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതിന് പകരം 529.50 കോടി രൂപ വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും പരിഹാസവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കാലിനടിയിലെ മണ്ണ് തന്നെ ഒലിച്ചു പോയി, ജീവനും ജീവനോപാധികളും നഷ്ടപ്പെട്ട് നിസഹായരായി നില്‍ക്കുന്ന ഒരു ജനതയെയാണ് വെല്ലുവിളിക്കുന്നതെന്നത് കേന്ദ്ര സര്‍ക്കാര്‍ മറക്കരുത്.
50 വര്‍ഷത്തേക്കുള്ള വായ്പാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 16 പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്ന പലിശരഹിത വായ്പ മാര്‍ച്ച് 31-ന് മുന്‍പ് വിനിയോഗിക്കണമെന്നതാണ് നിര്‍ദ്ദേശം. ഇത് അപ്രായോഗികമാണ്. കേരളത്തെ സഹായിച്ചെന്നു വരുത്തിതീര്‍ത്ത് ശ്വാസം മുട്ടിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം.
പ്രകൃതി ദുരന്തങ്ങളുണ്ടായ മറ്റു സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിച്ച അതേ സര്‍ക്കാരാണ് കേരളത്തിന് അര്‍ഹതപ്പെട്ട ധനസഹായം പോലും നിഷേധിക്കുന്നത്. വായ്പയല്ല, 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് അനുവദിക്കേണ്ടത്. അത് നല്‍കാനുള്ള ഭരണഘടനാപരമായ ബാധ്യതയും കേന്ദ്ര സര്‍ക്കാരിനുണ്ട്. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ കെട്ടുറപ്പിനെ തന്നെ ഇല്ലാതാക്കുന്ന നടപടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.
വയനാട്ടിലെ ജനങ്ങളോടും കേരളത്തോടുമുള്ള കേന്ദ്ര സര്‍ക്കാരിന്റെ മനുഷ്യത്വ രഹിതമായ അവഗണന ഒരിക്കലും നീതീകരിക്കാവുന്നതല്ല. കേരളത്തോടുള്ള നിലപാട് തിരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി തയാറാകണം. കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്തി യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാർ സഹായം വയനാടിന് ആശ്വാസമാകുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അവകാശപ്പെട്ടു. വായ്പ അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സുരേന്ദ്രൻ അഭിനന്ദിച്ചു. കേന്ദ്രസർക്കാർ നിലപാട് മുണ്ടക്കൈ - ചൂരൽമല ദുരിതബാധിതരുടെ പുനരധിവാസം സാധ്യമാക്കും. സംസ്ഥാന സർക്കാരിൻ്റെ അനാസ്ഥ കാരണം മുടങ്ങിക്കിടക്കുകയായിരുന്ന പുനരധിവാസ പ്രവർത്തനങ്ങളാണ് ഇനി യാഥാർഥ്യമാവുക. 50 വർഷത്തേക്കുള്ള പലിശരഹിത വായ്പ തത്വത്തിൽ വയനാടിനുള്ള കൈത്താങ്ങ് തന്നെയാണ്. ദുരന്തബാധിത പ്രദേശത്തെ 16 പദ്ധതികൾക്കാണ് സഹായം ലഭ്യമാവുക. ഇതോടെ സ്വപ്നമായി മാത്രം ഒതുങ്ങുമായിരുന്ന ടൗൺഷിപ്പ് പദ്ധതി വേഗത്തിൽ ആരംഭിക്കാൻ സാധിക്കും. ദുരന്തബാധിതരുടെ ആവശ്യങ്ങൾ പരിഗണിച്ച കേന്ദ്രസർക്കാരിനെ കേരളത്തിലെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

