വാടകയും ഉപജീവന സഹായവും ലഭിച്ചില്ല ഉരുൾദുരന്ത ബാധിതർ സമരത്തിന്
text_fieldsകല്പറ്റ: മുണ്ടക്കൈ-ചൂരല്മല ഉരുള്ദുരന്ത ബാധിതർ വീണ്ടും സമരത്തിനൊരുങ്ങുന്നു. ടൗൺ ഷിപ്പുകളുടെ വീട് നിർമാണത്തിലെ മെല്ലെപ്പോക്കും ഉദ്യോഗസ്ഥരുടെ അനാസ്ഥയും ചൂണ്ടിക്കാണിച്ചാണ് ദുരന്തബാധിതർ പ്രതിഷേധത്തിനൊരുങ്ങുന്നത്. പുനരധിവാസത്തില് അധികൃതർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് ദുരന്തബാധിതർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. പുനരധിവാസ ഗുണഭോക്തൃ പട്ടികകളിലെ രണ്ട് എ, രണ്ട് ബി പട്ടികകളില് ഉള്പ്പെട്ടവരുടെ കൂട്ടായ്മയാണ് ആരോപണവുമായി രംഗത്തെത്തിയത്.
രണ്ടാംഘട്ട വീടുകളുടെ നറുക്കെടുപ്പും പട്ടയ വിതരണവും ഉടന് നടത്തണമെന്നും ഇതിന്റെ തീയതി പ്രഖ്യാപിക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ദുരന്തബാധിതര്ക്ക് സര്ക്കാര് ഇതുവരെ നല്കിയിരുന്ന വാടകയും ഉപജീവന സഹായവും ഭക്ഷ്യക്കൂപ്പണും ഈ മാസം ഇതുവരെയായിട്ടും ലഭിച്ചിട്ടില്ല. എല്ലാ മാസവും ആദ്യവാരംതന്നെ ലഭിച്ചിരുന്ന സഹയമാണ് രണ്ടാഴ്ച പിന്നിട്ടിട്ടും ലഭിക്കാത്തത്. മൈക്രോ പ്ലാനില് എല്ലാ ദുരന്തബാധിതര്ക്കും രണ്ടു ലക്ഷം രൂപ വീതം നല്കുമെന്ന് സര്ക്കാർ പ്രഖ്യാപിച്ചതും ഇതുവരെ എല്ലാവര്ക്കും ലഭിച്ചിട്ടില്ല. ദുരന്തബാധിത പ്രദേശത്തെ മുഴുവന് ആളുകളുടേയും ബാങ്ക് വായ്പകള് എഴുതി തള്ളാനുള്ള നടപടികളും വൈകുകയാണ്. സര്ക്കാര് പ്രഖ്യാപിച്ച ചികിത്സ സഹായ വിതരണവും ദുരന്തബാധിതര്ക്ക് നല്കുന്ന സ്മാര്ട്ട് കാര്ഡ് വിതരണവും ഇതുവരെ പൂര്ത്തിയായിട്ടില്ലെന്നും ഇവര് കുറ്റപ്പെടുത്തി.
രണ്ടാംഘട്ട പുനരധിവാസ പട്ടികകളില് ഉള്പ്പെട്ട 156ഓളം കുടുംബങ്ങള് സര്ക്കാര് നല്കുന്നതിനേക്കാൾ വലിയ തുക വാടക നല്കിയാണ് കഴിയുന്നതെന്നും വീടുകളുടെ നിര്മാണം വേഗത്തിലാക്കാന് സര്ക്കാര് കരാര് കമ്പനിക്ക് നിര്ദേശം നല്കണമെന്നും ഇവര് ആവശ്യപ്പെട്ടു.
ടൗൺഷിപ്പിലെ വീടുകൾ നിർമാണം പൂർത്തിയാക്കി എത്രയുംപെട്ടെന്ന് ദുരന്തബാധിതർക്ക് കൈമാറിയില്ലെങ്കിൽ അടുത്ത മാസത്തോടെ കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെയുള്ള സമരപരിപാടികളുമായി രംഗത്തുവരുമെന്നും ഇവർ പറഞ്ഞു. ഭാരവാഹികളായ വിജയന് മഠത്തില്, കെ.എസ്. ശിവാനന്ദന്, പി. പ്രദീപ്, പി.എച്ച്. മുഹമ്മദലി എന്നിവര് വാര്ത്തസമ്മേളനത്തില് സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

