വയനാട് പുനരധിവാസം: വീടിനുള്ള തുക 20 ലക്ഷമാക്കി, നിർമിക്കുക ഏഴ് സെന്‍റിൽ
text_fieldsതിരുവനന്തപുരം: വയനാട് മേപ്പാടിയിലെ ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനങ്ങളെടുത്തു. വീട് നിർമിക്കുന്നതിനുള്ള സ്പോൺസർഷിപ്പ് തുക 20 ലക്ഷമാക്കി ഉയർത്തി. ഏഴ് സെന്‍റ് പ്ലോട്ടിലാണ് വീട് നിർമിക്കുക. നേരത്തെ ഇത് അഞ്ച് സെന്‍റായിരുന്നു. പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ എൽസ്റ്റൺ എസ്റ്റേറ്റ് മാത്രമാണ് ഏറ്റെടുക്കുക. ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടരാനും മന്ത്രിസഭ തീരുമാനിച്ചു.
വയനാട് മാതൃകാ ടൗൺഷിപ്പിനായി സ്ഥലം കണ്ടെത്തിയ എൽസ്റ്റൺ എസ്റ്റേറ്റിൽ ഭൂമി പതിച്ച് നൽകുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല.
12 വർഷത്തേക്ക് വിൽക്കാനോ അന്യാധീനപ്പെടുത്താനോ പാടില്ലെന്നാണ് വ്യവസ്ഥ. അതേസമയം 12 വർഷത്തിനു മുമ്പ് ഗുണഭോക്താവിന് അവശ്യഘട്ടങ്ങളിൽ പണയപ്പെടുത്തി വായ്പ എടുക്കേണ്ട സാഹചര്യമുണ്ടായാൽ ഓരോ കേസുകളായി പരിശോധിച്ച് സർക്കാർ തീരുമാനം കൈകൊള്ളും.
നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന, ദുരന്തം കാരണം ഒറ്റപ്പെട്ടു പോകുന്ന വീടുകളെ ഉൾപ്പെടുത്തിയിട്ടുള്ള കരട് ഫേസ് 2 B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയിൽ നിന്ന് 50 മീറ്ററിനുള്ളിൽ പൂർണ്ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകൾ മാത്രം പരിഗണിച്ചുകൊണ്ട് തിട്ടപ്പെടുത്താൻ വയനാട് ജില്ല കലക്ടർക്ക് നിർദേശം നൽകും.
ടൗൺഷിപ്പിൽ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നൽകുന്നതിനോ മുൻപ് പട്ടികയിൽപെടുന്ന വീടുകളിൽ നിന്നും ഉപയോഗയോഗ്യമായ ജനൽ, വാതിൽ, മറ്റ് വസ്തുക്കൾ എന്നിവ ഗുണഭോക്താക്കൾ തന്നെ സ്വയം പൊളിച്ച് മാറ്റാം. വില്ലേജ് ഓഫിസറും പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി ഇക്കാര്യം ഉറപ്പുവരുത്തുന്നതിന് നിർദേശം നല്‍കും.
സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ വാടകക്ക് താമസിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് സി.എസ്.ആർ.ഫണ്ടിൽ നിന്നും നൽകാനും ഓരോ കൂപ്പണും രണ്ടു മാസം വീതം കാലാവധി നൽകാനും തീരുമാനിച്ചു.
300 രൂപ ബത്ത തുടരും
ദുരന്തബാധിതർക്ക് നിലവിൽ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത അതേ വ്യവസ്ഥയിൽ തുടർന്നും അനുവദിക്കും. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. ദുരന്തബാധിത കുടുംബങ്ങൾക്ക് സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങൾ വാങ്ങാവുന്ന കൂപ്പൺ സി.എസ്.ആർ ഫണ്ടിൽ നിന്ന് നൽകും. ഓരോ കൂപ്പണും രണ്ടുമാസം വീതം കാലാവധി നൽകാനും തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

