ഇനിയവർക്ക് ചൊല്ലിക്കൊടുക്കണം, അതിജീവനപാഠം
text_fields1. ഉരുൾ ദുരന്തത്തിൽ ചളിയും വെള്ളവും നിറഞ്ഞ വെള്ളാർമല ജി.വി.എച്ച്.എസ്.എസിലെ ക്ലാസ് മുറി 2. ഉണ്ണി മാഷ്
‘എന്റെ സ്കൂളും കുട്ടികളുമൊക്കെ ഒലിച്ചു പോയല്ലോ എന്ന് വിതുമ്പിയ വെള്ളാർമല സ്കൂളിലെ ഉണ്ണി മാഷെ നമുക്ക് മറക്കാനാകില്ല. സ്കൂളിന്റെ പ്രാധാനാധ്യാപക ചുമതലയായിരുന്നു അദ്ദേഹത്തിന്. ഉരുൾ കൊണ്ടുപോയ സ്കൂളിനെയും കുട്ടികളെയും മനസ്സിൽ കൊണ്ടുനടന്ന് സ്നേഹിച്ച അധ്യാപകനായിരുന്നു ഉണ്ണിമാഷ്. ഉരുളൊഴുകിയ തോടിന്റെ കരയിലായിരുന്നു ചൂരൽമലയിലെ പള്ളിക്കൂടം. ‘‘ദുരന്തത്തിന്റെ നടുക്കത്തിൽ മുക്തരാകാൻ കഴിയില്ലെങ്കിലും മുന്നോട്ടുപോയേ മതിയാകൂ. ബാക്കിയായ കുട്ടികളെ അതിജീവനത്തിന്റെ പാഠമാണ് ഇനി പഠിപ്പിക്കാനുള്ളത്’’ -ആലപ്പുഴ സ്വദേശിയായ ഉണ്ണി മാഷ് പറയുന്നു.
ദുരന്തമേഖലയിലെ രണ്ടു സ്കൂളുകളും മേപ്പാടിയിൽ ഇന്നു പുനരാരംഭിക്കും. 18 വര്‍ഷമായി ചൂരൽ മലയാണ് ഉണ്ണി മാഷിന്റെ ദേശം. ഉരുൾ ബാക്കിെവച്ച സ്കൂൾ കെട്ടിടത്തിെന്റ വരാന്തയിലിരുന്ന് മണ്ണിൽ പുതഞ്ഞ കുഞ്ഞുങ്ങളേയും സ്നേഹിക്കാൻ മാത്രമറിയാവുന്ന നാട്ടുകാരെയും ഓർത്ത് അദ്ദേഹം വിതുമ്പുന്ന ദൃശ്യങ്ങൾ കരളലയിക്കുന്നതായിരുന്നു.
ജീവനും കൊണ്ട് തിരിച്ചോടിയ നിമിഷം
ആദ്യം ഉരുൾപൊട്ടിയപ്പോൾ തന്നെ ഓടിയെത്തിയവരിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാറും ഉണ്ടായിരുന്നു. രണ്ടു മണിയോടെ ചൂരൽ മലയിൽ എത്തിയപ്പോഴാണ് മുണ്ടക്കൈയിലേക്കുള്ള പാലം ഒലിച്ചു പോയത് അറിയുന്നത്. അപ്പോഴേക്കും ടി. സിദ്ദീഖ് എം.എൽ.എയും ജില്ല പൊലീസ് മേധാവിയും എത്തിയിരുന്നു. ‘‘കുന്നിനു മുകളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ സ്കൂൾ റോഡിലേക്ക് കയറിയപ്പോൾ വീണ്ടുമൊരു ഭീകര ശബ്ദം. ഓടിക്കോളാൻ ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു. കൂരിരുട്ടിൽ എങ്ങോട്ടെന്നില്ലാതെ തിരിച്ചോടി. 20 മിനിറ്റോളം ഭീകരതക്കുമുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ സ്തംഭിച്ചു നിൽക്കുകയായിരുന്നു എല്ലാവരും. പിന്നീട് ചൂരൽമല ടൗണിൽ എത്തിയപ്പോഴേക്കും അവിടം മൃതദേഹങ്ങൾ ഒഴുകിയെത്തിയിരുന്നു’’ - സംഷാദ് മരക്കാർ പറയുന്നു. ദുരന്തമേഖലയിൽ അന്നുമുതൽ ദുരിതബാധിതർക്ക് ആശ്വാസമായും സന്നദ്ധ പ്രവർത്തനത്തിലും ഉൾപ്പെടെ സജീവ സാന്നിധ്യമാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ്.
കയറായ കരങ്ങള്‍
ആർത്തലച്ചു വരുന്ന മലവെള്ളപ്പാച്ചിലിൽ പുഴയുടെ മധ്യത്തിൽ ചളിയിൽ പൂണ്ട് തലമാത്രം പുറത്തുകാണുന്ന മധ്യവയസ്കനെ 12 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തിയത് പിണങ്ങോട് ബ്രൈവ് എമർജൻസി ടീമിലെ പി. ഫാജിസ് ഇന്നും ഞെട്ടലോടെയാണ് ഓർക്കുന്നത്. ഉരുൾ ദുരന്തമുണ്ടായി രാവിലെയോടെ ഇദ്ദേഹത്തെ കണ്ടിരുന്നെങ്കിലും കുത്തിയൊലിച്ചുവരുന്ന പുഴയിൽ ഇറങ്ങാൻ സാധ്യമായിരുന്നില്ല. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് വടം കെട്ടി ഇദ്ദേഹത്തെ കരക്കെത്തിക്കുന്നത്. പുഞ്ചിരിമട്ടത്തെ വനറാണി എസ്റ്റേറ്റിൽ കുടുങ്ങിക്കിടന്ന 19 പേരെ പുഴക്ക് മുകളിലൂടെ രക്ഷിച്ചതും ജീവൻ പണയപ്പെടുത്തിയായിരുന്നു.
തിരിച്ചു വരവിനായി പൊരുതുന്നവർ
‘‘ശ്വാസനാളത്തിലും മൂക്കിലും ചെവിയിലുമെല്ലാം ചളിനിറഞ്ഞ് പാറക്കല്ലുകളിലും മരത്തിലും ഇടിച്ച് ശരീരം നുറുങ്ങിയ രമ്യ എന്ന 31 കാരി എത്തുമ്പോൾ ഹൃദയമിടിപ്പ് മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ’’ - മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിന്റെ ചുമതലയുള്ള പി.എം. രഞ്ജിനി ഓർത്തെടുക്കുന്നു. തലപൊട്ടി തലയോട്ടി പുറത്തുകാണുന്ന നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്. രമ്യക്ക് മകനെയും ഭർത്താവിനെയും നഷ്ടപ്പെട്ടു. രമ്യയുടെ ശരീരത്തിൽ വിവിധ ഭാഗങ്ങളിലെ നിരവധി എല്ലുകൾ തകർന്നിരുന്നു. ഏഴ് ദിവസം ഐ.സി.യുവിൽ കിടന്ന് ജീവിതത്തിലേക്ക് പിടിച്ചുകയറുകയായിരുന്നു. ശസ്ത്രക്രിയയും മറ്റുമായി ഇപ്പോഴും ആശുപത്രിയിൽ തന്നെയാണ് വാസം. ഗുരുതരാവസ്ഥയിൽ സർജിക്കൽ ഐ.സി.യുവിൽ ദുരന്ത ദിവസം എത്തിയ 14 പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞെന്ന അഭിമാനത്തിലാണ് ഡോക്ടർ മൂപ്പൻസ് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ.
മേൽവിലാസം നഷ്ടപ്പെട്ടവർ
പൂർണമായി ഉരുളെടുത്ത മുണ്ടക്കൈ പോസ്റ്റ് ഓഫിസ് വെള്ളാർമലയിലെ പോസ്റ്റ് ഓഫിസ് കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും കത്തുകൾ ഏറ്റുവാങ്ങാൻ ഇപ്പോൾ വിലാസക്കാരില്ല. തിരിച്ചറിയാത്തവരുടെ മൃതദേഹങ്ങൾ പുത്തുമലയിലെ ശ്മശാനത്തിലാണ് സംസ്കരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് മേൽവിലാസം നഷ്ടപ്പെട്ട നമ്പറുകൾ മാത്രമായ മൃതദേഹങ്ങളാണിവയോരോന്നും. വെവ്വേറെ കുഴികളിൽ മൃതദേഹങ്ങൾ സംസ്കരിച്ച് ഓരോ മൃതദേഹങ്ങൾക്കും നമ്പറുകൾ പതിച്ച കല്ലുകൾ കുഴിമാടങ്ങൾക്ക്മേൽ സ്ഥാപിക്കുകയായിരുന്നു. ഡി.എൻ.എ പരിശോധനയിലൂടെ മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. 60 പേരെ ഇങ്ങനെ തിരിച്ചറിഞ്ഞ.
ഉരുൾ പൊട്ടലുണ്ടായ പുഞ്ചിരിമട്ടം കോടമഞ്ഞിൽ പൊതിഞ്ഞപ്പോൾ (ഫോട്ടോ: ടി.എച്ച്. ജദീർ)
തുടച്ചുപോയ കാഴ്ചകൾ
തേയിലക്കുന്നുകള്‍ക്കിടയിലെ ഹൃദയം തുളുമ്പുന്ന സുന്ദര ഗ്രാമമായിരുന്നു മുണ്ടക്കൈയും പുഞ്ചിരിമട്ടവും. ഉച്ചനേരത്തു പോലും കോട പെയ്യുന്ന, വൈകുന്നേരം നാലു മണിയാകുമ്പോഴേക്കും ഇരുട്ടിത്തുടങ്ങുന്ന ഇടം. ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച സെന്റിനല്‍ റോക്ക് എസ്റ്റേറ്റിന് മേലയാണ് മുണ്ടക്കൈ എന്ന മൂന്നും കൂടിയ ചെറിയ കവല. അതിനു സമീപത്തായി സ്നേഹത്തോടെ കഴിയുന്ന കുറേ മനുഷ്യരുമുള്ള ഗ്രാമം. ചൂരല്‍മല പാലം കടന്ന് ഇടത്തോട്ട് തിരിഞ്ഞാല്‍ അട്ടമലയും വലത്തോട്ട് തിരിഞ്ഞാല്‍ മുണ്ടക്കൈയിലേക്കുമാണ് എത്തുക. ആയിരത്തോളം ഏക്കറുളള തേയിലത്തോട്ടത്തിലെ ജീവിതത്തിനപ്പുറം ഫലഭൂയിഷ്ഠമായ മണ്ണിൽ കാപ്പിയും കുരുമുളകും കമുകും ഏലവും എല്ലാമായി കാര്‍ഷിക മേഖലയെ സജീവാക്കി. ടൂറിസ്റ്റുകള്‍ ഗ്രാമക്കാഴ്ചകള്ക്കെത്തിയതോടെ ചെറുകിട റിസോര്ട്ടുകളുൾപ്പെടെ ഉയർന്നു. ഇതെല്ലാമാണ് ഒറ്റ രാത്രികൊണ്ടാണ് ഒഴുകിപ്പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

