വയനാട് ദുരന്തം: നെഹ്റു ട്രോഫി വള്ളംകളി മാറ്റിവെച്ചു
text_fieldsആലപ്പുഴ: വയനാട് ദുരന്തപശ്ചാത്തലത്തിൽ ആഗസ്റ്റ് 10ന് നിശ്ചയിച്ചിരുന്ന നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റിവെച്ചു. ആഘോഷം ഒഴിവാക്കി ഇത്തവണ വള്ളംകളി മാത്രം നടത്താനായിരുന്നു നെഹ്റു ട്രോഫി ബോട്ട് റേസ് കമ്മിറ്റിയുടെ (എൻ.ടി.ബി.ആർ) തീരുമാനം.
കഴിഞ്ഞ ദിവസം ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വള്ളംകളി മാറ്റിവെക്കണമെന്ന ആവശ്യമുയർന്നതോടെ അന്തിമ തീരുമാനമെടുക്കാൻ സർക്കാറിന് വിട്ടു. വള്ളംകളി നീട്ടിവെക്കണമെന്ന സർക്കാർ തീരുമാനം വ്യാഴാഴ്ച വൈകീട്ട് ജില്ല ഭരണകൂടത്തെ അറിയിച്ചു. ഇതിനുപിന്നാലെ എൻ.ടി.ബി.ആർ കോർ കമ്മിറ്റിയോഗം ചേർന്ന് പുതുക്കിയ തീയതിയെക്കുറിച്ച് ചർച്ച നടത്തി. സെപ്റ്റംബർ ഏഴിന് നടത്താനാണ് ആലോചന.
പ്രധാന ചുണ്ടൻ വള്ളങ്ങൾ പുന്നമടയിൽ ട്രാക്ക് എൻട്രിയടക്കം നടത്തി പോരിനിറങ്ങാനുള്ള തയാറെടുപ്പിനിടെയാണ് മത്സരം മാറ്റിയത്. ഇതോടെ, ചാമ്പ്യൻസ് ബോട്ട് ലീഗ് (സി.ബി.എൽ) മത്സരക്രമങ്ങൾ താളംതെറ്റും. നെഹ്റു ട്രോഫിയിൽ മികച്ച സമയത്തിൽ ആദ്യ ഒമ്പത് സ്ഥാനങ്ങൾ നേടുന്ന ചുണ്ടൻ വള്ളങ്ങളാണ് മത്സരിക്കാൻ യോഗ്യത നേടുന്നത്. ക്ലബുകളും ചുണ്ടനുകളും ഓരോ വർഷവും മാറുന്നത് ഒഴിവാക്കാനാണിത്. പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ നെഹ്റു ട്രോഫി വള്ളംകളി മാറ്റുന്നത് ആറാംതവണയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

