ദുരിതം പെയ്തിറങ്ങിയ രാത്രി
text_fieldsകൽപറ്റ: വർഷങ്ങൾ തേയില നുള്ളി സ്വരുക്കൂട്ടിയ പണംകൊണ്ടാണ് പൊഴുതന അമ്മാറയിലെ പാറക്കുന്ന് ശിവൻ-മിനി ദമ്പതികൾ വീടെന്ന സ്വപ്നം പണിതത്. പണിയെല്ലാം പൂർത്തിയാക്കി ഓണത്തിനുശേഷം കയറിക്കൂടാനുള്ള ഒരുക്കത്തിലായിരുന്നു. എന്നാൽ, ദുരന്തം പെയ്തിറങ്ങിയ രാത്രിയിൽ ഇവരുടെ സ്വപ്നം കൂടിയാണ് ഒലിച്ചുപോയത്. ഉരുൾപൊട്ടിയുണ്ടായ കുത്തൊഴുക്കിൽ വീടിരുന്ന സ്ഥലത്തെ അടയാളംപോലും നഷ്ടമായി.
കെ. സുകു-ലീല ദമ്പതികളുടെ അവസ്ഥയും ഇതുതന്നെ. ഇതുവരെയുള്ള അധ്വാനംകൊണ്ട് കെട്ടിപ്പൊക്കിയ വീടിെൻറ ഏതാനും പണികൾ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത്. വീടുനിന്നിരുന്ന സ്ഥലത്ത് ഇപ്പോൾ മണ്ണും കൽക്കൂമ്പാരങ്ങളും മാത്രമാണുള്ളത്. വീടിെൻറ അവശിഷ്ടം പോലും കാണാനില്ല.
വെള്ളിയാഴ്ച പുലർച്ചെയാണ് ഇവിടെ ഉരുൾപൊട്ടിയത്. മുകളിലെ കുന്നിൽനിന്ന് കുത്തിയൊലിച്ചെത്തിയ കല്ലും മണ്ണും വെള്ളവും ഇവർക്കെല്ലാം സമ്മാനിച്ചത് തുല്യതയില്ലാത്ത ദുരിതം മാത്രം. ഭൂകമ്പം തകർത്തെറിഞ്ഞ പ്രദേശംപോലെ വിജനമായിരിക്കുന്നു. 65ഓളം കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശത്ത് ഇപ്പോഴുള്ളത് വിരലിലെണ്ണാവുന്ന കുടുംബങ്ങൾമാത്രം. ഏഴു വീടുകൾ പൂർണമായി തകർന്നു.
ഞെട്ടൽ മാറാതെ ഭാസ്കരൻ
മൂത്രതടസ്സമുള്ള ചിറ്റാരിക്കൽ ഭാസ്കരൻ അർധരാത്രി 12.45ഓടെ എഴുന്നേറ്റിരുന്നു. വീണ്ടും ഉറങ്ങാൻ പോകുന്നതിനിടെയാണ് വലിയ ശബ്ദം കേട്ടത്. ഇടിയുടേതാകുമെന്നാണ് ഭാര്യ ഗീത പറഞ്ഞത്. എന്നാൽ, വീടിെൻറ വാതിൽ തുറന്നു നോക്കിയപ്പോൾ കണ്ടത് വീടിനു മുന്നിൽ കല്ലും മണ്ണും കുമിഞ്ഞുകൂടിയതാണ്.
പിന്നാലെയുണ്ടായ ഉരുൾപൊട്ടലിൽ ഒലിച്ചെത്തിയ മണ്ണും കല്ലും വീണ് വീടിെൻറ മുൻഭാഗം പൂർണമായി തകർന്നു. ബാങ്കിൽനിന്ന് വായ്പയെടുത്തും ഇതുവരെ സ്വരുക്കൂട്ടിയ പണം കൊണ്ടുമാണ് മൂന്നു സെൻറിൽ വീടു പണിതത്. ആകെയുള്ള മകനാണെങ്കിൽ 40 ശതമാനം അംഗവൈകല്യം. പുറത്തുകടക്കാനുള്ള വഴികളെല്ലാം അടഞ്ഞു. ഒട്ടും താമസിയാതെ മകനെയും കൂട്ടി കുടുംബം പുറകിലെ തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇത് പുനർജന്മം
ഗൾഫിലുള്ള അസീസിെൻറ വീട്ടിൽ ഭാര്യയും എട്ടുമാസം പ്രായമുള്ള കുട്ടിയടക്കം മൂന്നു മക്കളുമാണ് താമസം. മലവെള്ളപ്പാച്ചിലിെൻറ കുത്തൊഴുക്കിൽ മൂന്നു കുട്ടികളും ഒലിച്ചുപോയി ചളിയിൽ പുതഞ്ഞിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷപ്പെടുത്തിയത്. സമീപത്ത് താമസിക്കുന്ന ആരോഗ്യവകുപ്പിലെ ജീവനക്കാരൻ ഓടിയെത്തി കുട്ടികൾക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഇവരുടെ വീടും തകർന്നു. സമീപത്തെ പത്മിനിയമ്മയുടെ വീടും മകൻ സുനിലിെൻറ ഓട്ടോയും മണ്ണിനടിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
