ഉരുളിൽ മാഞ്ഞ പിഞ്ചോമനകൾ ഉറങ്ങുന്നതിവിടെ
text_fieldsപുത്തുമല ഹൃദയഭൂമി ശ്മശാനത്തിൽ മക്കളുടെ കല്ലറയിൽ കളിപ്പാട്ടങ്ങളും മിഠായികളും വെക്കുന്ന അമ്മ സയനയും അച്ഛൻ അനീഷും
ചൂരൽമല (വയനാട്): പുത്തുമലയിൽ അലിഞ്ഞുചേർന്ന തന്റെ പൊന്നുമക്കളുടെ സ്മാരകശിലയിൽ പതിപ്പിച്ച പുഞ്ചിരിമുഖങ്ങളിൽ തലോടിയ സയനക്ക് കണ്ണീർ അടക്കാനായില്ല. മക്കൾക്കിഷ്ടപ്പെട്ട മിഠായികളും കളിപ്പാട്ടങ്ങളും അച്ഛൻ അനീഷ് കല്ലറക്ക് മുകളിൽ വെച്ചിട്ടുണ്ടായിരുന്നു. ഉരുൾ മഹാദുരന്തത്തിന് ഒരാണ്ട് പൂർത്തിയാകുമ്പോൾ അനീഷും സയനയും നേരത്തേതന്നെ എത്തി.
ജൂലൈ 30ലെ ഉരുളിൽ ജീവനടർന്ന മൂന്നു കുഞ്ഞുങ്ങളും ഒന്നിച്ചുറങ്ങുന്ന മണ്ണിൽ അവർക്കേറ്റവും ഇഷ്ടപ്പെട്ട കളിപ്പാട്ടങ്ങളും മിഠായികളുമായി രണ്ടുപേരും ഇടക്കിടെയെത്താറുണ്ട്. അവസാന നിദ്രയിലമർന്ന നിവേദിനും ധ്യാനിനും ഇഷാനും ഒപ്പം ജീവിതത്തിലെന്നപോലെ അനീഷിന്റെ മാതാവ് രാജമ്മയുമുണ്ട് കല്ലറയിൽ. വെറ്റിലമുറുക്കും കടലമിഠായിയും അമ്മക്കു വേണ്ടിയും ഹൃദയഭൂമിയെന്ന് പേരിട്ട ശ്മശാനം സന്ദർശിക്കുമ്പോഴെല്ലാം അനീഷ് കൊണ്ടുവരും.
മക്കളധികവും രാജമ്മയോടൊപ്പമായിരുന്നു ജീവിതത്തിലും. മൂത്തമകൻ ധ്യാൻ അവരോടൊപ്പമായിരുന്നു നിത്യവും ഉറങ്ങിയിരുന്നത്. ദുരന്തത്തിനു ശേഷം വ്യത്യസ്ത സ്ഥലങ്ങളിലടക്കിയിരുന്ന രാജമ്മയുടെ ശരീരഭാഗങ്ങൾ ഡി.എൻ.എ പരിശോധനക്കു ശേഷം, മക്കളുടെ കല്ലറയിലേക്ക് മാറ്റുകയായിരുന്നു.
കല്ലറക്കരികിലെത്തിയാൽ അച്ഛനും അമ്മയും ജീവിതത്തിലെന്നപോലെ കുറെനേരം മക്കളോട് സംസാരിച്ചിരിക്കും. അവരിപ്പോഴും തങ്ങളോടൊപ്പമുണ്ടെന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്ന് അനീഷ് പറയുന്നു. അവർക്കിഷ്ടപ്പെട്ടവയെല്ലാം വാങ്ങിക്കൊണ്ടുവരും. ഉരുൾദുരന്തത്തിന്റെ മൂന്നാഴ്ച മുമ്പായിരുന്നു 10 വയസ്സുകാരനായ നിവേദിന്റെ പിറന്നാൾ. അന്ന് എല്ലാവരും കേക്ക് മുറിച്ച് ആഘോഷിച്ചു. പ്രകൃതിക്കലിയിൽ മൂന്ന് മക്കളും ഒരുമിച്ച് ഇല്ലാതായപ്പോൾ അനീഷിനും സയനക്കും താങ്ങാനാവുമായിരുന്നില്ല ഒന്നും. നഷ്ടപ്പെട്ടതൊന്നും വീണ്ടെടുക്കാനാകില്ലെന്ന തിരിച്ചറിവു നൽകുന്ന പാഠവുമായാണ് ബാക്കിയായ പ്രാണനുകളുടെ ജീവിതം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

