ഒലിച്ചുപോയി, മുന്നറിയിപ്പ്
text_fieldsവയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ
തിരുവനന്തപുരം: മേപ്പാടിയിലെ തുരങ്കപാത അതീവ ദുർബലമായ പാരിസ്ഥിതിക മേഖലയിലാണെന്നും നിർമാണസമയത്ത് ഉരുൾപൊട്ടൽ, മണ്ണും വെള്ളവും ചളിയും കുത്തിയൊലിച്ചുവരൽ എന്നിവയ്ക്കടക്കം സാധ്യതയുണ്ടെന്നും പദ്ധതിയുടെ പാരിസ്ഥിതികാനുമതി ഘട്ടത്തിൽതന്നെ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി മുന്നറിയിപ്പ് നൽകിയിരുന്നു.
ഉയർന്ന ഭൗമസമ്മർദവും ജലസമ്മർദവുംമൂലം നിർമാണവേളയിൽ അമിത നീരൊഴുക്ക്, മണ്ണിടിച്ചിൽ, ചുറ്റുമുള്ള പാറക്കൂട്ടങ്ങളുടെ വലിയതോതിലുള്ള രൂപഭേദം, പാറകളുടെ തകർച്ച എന്നീ സാധ്യതകൾ മുൻകൂട്ടി കാണണമെന്നായിരുന്നു 2025 മാർച്ച് ഒന്നിന് ചേർന്ന സംസ്ഥാനതല വിദഗ്ധ സമിതി യോഗത്തിന്റെ നിർദേശം. തുരങ്കത്തിലേക്ക് അപ്രതീക്ഷിതമായി വെള്ളവും ചളിയും ഇരച്ചുകയറാൻ സാധ്യതയുണ്ട്. ഇത് നിർമാണത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, വലിയ അപകടങ്ങൾക്കും കാരണമായേക്കാമെന്ന് സമിതി ചൂണ്ടിക്കാട്ടിയിരുന്നു.
കൂടാതെ, തുരങ്കത്തിൽ നിന്നുള്ള ഈ നീരൊഴുക്ക് അടുത്തുള്ള അരുവികളിലെ ജലത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുമോയെന്ന് നിരന്തരം നിരീക്ഷിക്കാൻ സമിതി നിർദേശിച്ചു. പാറകളുടെ മോശം അവസ്ഥയും ശരിയായ സുരക്ഷാമുൻകരുതലുകളുടെ അഭാവവും ഇന്ത്യയിലെ മറ്റു പല തുരങ്കഅപകടങ്ങൾക്കും കാരണമായെന്ന് നിരീക്ഷിച്ച സമിതി, തുരങ്കം നിർമിക്കുന്ന പ്രദേശത്തെ ഭൂഗർഭ ജലഘടനയെക്കുറിച്ച് പൂർണമായ വിവരങ്ങൾ ലഭ്യമല്ലെന്നതും ചൂണ്ടിക്കാട്ടിയിരുന്നു.
തുരങ്കത്തിന് മുകളിലെ മൺപാളിയുടെ കനം പലയിടങ്ങളിലും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, വടക്കൻ കവാടത്തിൽ ഇത് വെറും 24 മീറ്റർ മാത്രമാണ്. ഇത് തുരങ്കത്തിന് മുകളിലെ ഭാഗങ്ങളിൽ മണ്ണ് നിരങ്ങി മാറുന്നതിനോ ഉരുൾപൊട്ടലുകൾക്കോ കാരണമായേക്കാം. പദ്ധതി പ്രദേശം പരിസ്ഥിതി ദുർബല പ്രദേശമാണെന്നതിനാൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
2019ലും 2024ലും വൻതോതിൽ നാശനഷ്ടങ്ങളുണ്ടാക്കിയ ഉരുൾപൊട്ടലുകൾ നടന്ന പുത്തുമല, ചൂരൽമല, മുണ്ടക്കൈ തുടങ്ങിയ പ്രദേശങ്ങളിലെ അതേ ഭൗമസാഹചര്യമാണ് ഈ മേഖലയിലുമുള്ളത്. അതിനാൽ, പദ്ധതിയുടെ നിർമാണ ഘട്ടത്തിലും പ്രവർത്തനഘട്ടത്തിലും ഉണ്ടാകാൻ സാധ്യതയുള്ള എല്ലാ പ്രത്യാഘാതങ്ങളും കൃത്യമായ ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്താനും സമിതി ആവശ്യപ്പെട്ടിരുന്നു.
തുരങ്ക നിർമാണത്തിനായി നടത്തുന്ന സ്ഫോടനങ്ങൾ വീണ്ടും ഉരുൾപൊട്ടലുകൾക്ക് കാരണമാകുമോയെന്ന ആശങ്കയും സമിതി പങ്കുവെച്ചിട്ടുണ്ട്. ഉരുൾപൊട്ടലിന് കാരണമായേക്കാവുന്ന ഭൂഗർഭ കമ്പനത്തിന്റെ തീവ്രത പല ഘടകങ്ങളെ ആശ്രയിച്ചാണ്. ഇത് എത്രത്തോളം വേണമെന്നതിന് കൃത്യമായ അളവുകോലുകൾ ലഭ്യമല്ല.
പ്രദേശത്തെ പാറകളുടെ പ്രത്യേകതകളും ഭൂഗർഭജല സാന്നിധ്യവും മനസ്സിലാക്കാൻ ആധുനിക പരിശോധന രീതിയായ സീസ്മിക് റിഫ്രാക്ഷൻ പഠനം നടത്തണമെന്ന് സമിതി നിർദേശിച്ചിരുന്നു. സമിതി ഉന്നയിച്ച ഇത്തരം ആശങ്കകൾ എത്രത്തോളം സർക്കാർ അഭിമുഖീകരിച്ചുവെന്നത് വ്യക്തമല്ല.
മറ്റു കണ്ടെത്തലുകളും നിർദേശങ്ങളും
-തുരങ്ക നിർമാണത്തിന് ഏകദേശം 17.263 ഹെക്ടർ വനഭൂമി ഉപയോഗിക്കേണ്ടിവരുന്നത് വനനശീകരണത്തിന് കാരണമാകും.
-പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ബാണാസുര ചിലപ്പൻ ഉൾപ്പെടെ അപൂർവ പക്ഷികളുടെ ആവാസവ്യവസ്ഥയെ പദ്ധതി ബാധിച്ചേക്കാം.
-ആനകളുടെ സ്വാഭാവിക സഞ്ചാരപാതകളായ ആനത്താരകൾ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. ഇത് മനുഷ്യരും വന്യജീവികളും തമ്മിലെ സംഘർഷം വർധിപ്പിച്ചേക്കും. നിർമാണസമയത്തെ സ്ഫോടനങ്ങളും യന്ത്രങ്ങളുടെ ശബ്ദവും വന്യമൃഗങ്ങളെ പ്രകോപിപ്പിക്കാനും അവ കാടിറങ്ങാനും കാരണമായേക്കും.
-പദ്ധതി പ്രദേശത്തിന് 500 മീറ്റർ മുതൽ ഒന്നര കിലോമീറ്റർ വരെ ദൂരപരിധിയിൽ നാല് ഗോത്രവർഗ ഉന്നതികളുണ്ട്. ഇവരുടെ പരമ്പരാഗത ജീവിതരീതികളെയും ഉപജീവനത്തെയും പദ്ധതി ദോഷകരമായി ബാധിച്ചേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

